/kalakaumudi/media/media_files/2025/12/10/marudo-2025-12-10-07-19-46.jpg)
വാഷിങ്ടണ്‍: വെനിസ്വേലയില്‍ ഭരണമാറ്റത്തിന് ഡോണള്‍ഡ് ട്രംപ് ഭരണകൂടം നീക്കങ്ങള്‍ ഊര്‍ജിതമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അധികാരത്തില്‍ പുറത്താക്കിയാല്‍ തുടര്‍ന്നുള്ള പദ്ധതികള്‍ ട്രംപ് ഭരണകൂടം തയാറാക്കുകയാണെന്ന് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
നിക്കോളാസ് മഡുറോയ്ക്കെതിരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് ഭീഷണി മുഴക്കുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നതിനു പിന്നാലെയാണ് വെനിസ്വേലയിലെ ഭാവി പദ്ധതികള്‍ തയാറാക്കുന്നുവെന്ന സൂചനകള്‍ പുറത്തുവരുന്നത്. പദ്ധതി അതീവ രഹസ്യമായി വൈറ്റ് ഹൗസിലാണ് തയ്യാറാക്കുന്നതെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു.
നിക്കോളാസ് മഡുറോ രാജ്യം വിടുകയോ സൈനിക നടപടിയെ തുടര്‍ന്ന് സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാവുകയോ ചെയ്താല്‍ ഉണ്ടാകുന്ന അധികാര ശൂന്യത നികത്താനും രാജ്യത്ത് സ്ഥിരത കൊണ്ടുവരാനും യുഎസിന് എങ്ങനെയെല്ലാം ഇടപെടാം എന്നതിനെക്കുറിച്ചുള്ള വിവിധ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് വിവരം.
മഡുറോയെ പുറത്താക്കാന്‍ എത്രത്തോളം പോകുമെന്ന് പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പൊളിറ്റിക്കോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ ട്രംപ്, എന്നാല്‍ 'അദ്ദേഹത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു' എന്നും കൂട്ടിച്ചേര്‍ത്തു. കരീബിയന്‍ മേഖലയിലെ ബോട്ടുകള്‍ക്കെതിരായ നടപടിയുടെ ലക്ഷ്യം യുഎസിലേക്കുള്ള മയക്കുമരുന്ന് പ്രവാഹം കുറയ്ക്കുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ പരസ്യമായി പറയുന്നത്. എന്നാല്‍ മഡുറോയെ പുറത്താക്കുന്ന കാര്യം ട്രംപ് പരിഗണിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ പദ്ധതികള്‍ എന്നാണ് വിലയിരുത്തല്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
