/kalakaumudi/media/media_files/2025/09/13/trumpmodi-2025-09-13-10-45-49.jpg)
വാഷിങ്ടൺ: ഇന്ത്യയ്ക്ക് മേൽ ഇരട്ട തീരുവ പ്രഖ്യാപിച്ചത് വലിയ ഭിന്നതയ്ക്ക് ഇടയാക്കിയെന്ന് തുറന്ന് സമ്മതിച്ച് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. 50 ശതമാനം താരിഫ് ചുമത്തിയത് ഇരു രാജ്യങ്ങൾക്കുമിടയിൽ തർക്കത്തിലേക്ക് നയിച്ചുവെന്നും, ആ തീരുമാനം എടുക്കുന്നത് എളുപ്പമായിരുന്നില്ല എന്നും ട്രംപ് വ്യക്തമാക്കി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാണ് തീരുവ ചുമത്തിയതെന്നും ഒരു അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. 'ഇന്ത്യ റഷ്യയുടെ ഏറ്റവും വലിയ ഉപഭോക്താവായിരുന്നു. അവർ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഞാൻ ഇന്ത്യയ്ക്ക് മേൽ 50% തീരുവ ചുമത്തിയത്'- ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. അതേസമയം ഇരട്ട തീരുവ പിൻവലിക്കുമെന്ന ഒരു സൂചനയും ട്രംപ് നൽകിയിട്ടില്ല.ഇന്ത്യയുമായുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ അമേരിക്ക തുടരുകയാണെന്നും, ആഴ്ചകൾ നീണ്ട നയതന്ത്ര ചർച്ചകൾക്ക് ശേഷം താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ഇന്ത്യക്ക് മേൽ ചുമത്തിയ അധിക തീരുവ 'ചെറിയ ഒരു തടസ്സം' ആണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാത്തതിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോടുള്ള തന്റെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. പുടിനുമായി വളരെക്കാലമായി നല്ല ബന്ധമുണ്ട്. എന്നാൽ യുദ്ധം അവസാനിപ്പിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടതിൽ നിരാശനാണ്. ഇക്കാര്യത്തിൽ അമേരിക്ക ശക്തമായ നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു.
അതേ സമയം ഇന്ത്യയിലെ അമേരിക്കൻ അംബാസഡറായി ട്രംപ് നാമനിർദ്ദേശം ചെയ്ത സെർജിയോ ഗോർ, അടുത്ത ആഴ്ച ഇന്ത്യയുടെ വാണിജ്യ മന്ത്രി വാഷിംഗ്ടൺ സന്ദർശിക്കുമ്പോൾ കൂടിക്കാഴ്ച നടത്തും. ഇന്ത്യ ഞങ്ങളിൽ നിന്ന് അകറ്റുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് മുൻഗണന നൽകുമെന്ന് സെർജിയോ ഗോർ വ്യക്തമാക്കി. മറ്റ് നേതാക്കളെ വിമർശിക്കുന്നതിൽ മടിയില്ലാത്ത ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ വ്യക്തിപരമായി ആക്രമിച്ചിട്ടില്ലെന്ന് ഗോർ ചൂണ്ടിക്കാട്ടി.