ഡോണാള്‍ഡ് ട്രംപ് ,കമലാ ഹാരിസ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും വൈസ് പ്രഡിന്റുമായ കമലാ ഹാരിസുമായി സംവാദത്തിനു തയാറാണെന്നു വ്യക്തമാക്കി മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപ്. സെപ്റ്റംബര്‍ നാലിനു സംവാദം നടത്താനാണു തീരുമാനം. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ട്രംപും കമലാ ഹാരിസും പങ്കെടുക്കുന്ന ആദ്യ സംവാദമായിരിക്കും ഇത്.
''സെപ്റ്റംബര്‍ നാലിന് കമലാ ഹാരിസുമായി സംവാദത്തിനു തയാറാണെന്നു ഫോക്‌സ് ന്യൂസിനെ അറിയിച്ചു. നേരത്തെ ജോ ബൈഡനുമായി എബിസിയില്‍ ചര്‍ച്ച നിശ്ചയിച്ചിരുന്നു. എന്നാല്‍ ബൈഡന്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്മാറിയതോടെ സംവാദവും ഒഴിവായി. ഫോക്‌സ് ന്യൂസ് സംവാദം ഗ്രേറ്റ് കോമണ്‍വെല്‍ത്ത് ഓഫ് പെന്‍സില്‍വാനിയയില്‍ നടക്കും. ബ്രെത് ബെയറും മാര്‍ത്ത മാക്കെല്ലുമായിരിക്കും സംവാദത്തിനു നേതൃത്വം നല്‍കുക. ജോ ബൈഡനുമായി നേരത്തെ തീരുമാനിച്ച സംവാദത്തിന്റെ മാനദണ്ഡങ്ങള്‍ തന്നെയാവും ഇവിടെയും. കാഴ്ചക്കാര്‍ നിറഞ്ഞ സദസിലായിരിക്കും സംവാദം''എന്നും ട്രംപ് അറിയിച്ചു.
നവംബര്‍ അഞ്ചിനാണു പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. കമലാ ഹാരിസിന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാല്‍ സംവാദത്തിനു തയാറല്ലെന്ന് ട്രംപ് നേരത്തെ അറിയിച്ചിരുന്നു.