/kalakaumudi/media/media_files/2026/01/18/t-and-2026-01-18-08-58-12.jpg)
വാഷിങ്ടണ്‍: ഇറാനില്‍ ഭരണമാറ്റം അനിവാര്യമാണെന്നും പുതിയ നേതൃത്വം വരേണ്ട സമയമായെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിലെ പരമാധികാര നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ദീര്‍ഘകാല ഭരണത്തിന് അറുതി വരുത്തണമെന്നാണ് ട്രംപ് ആഹ്വാനം ചെയ്തത്. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയാണെന്ന ഖമേനിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ കടുത്ത പ്രതികരണം.
ഇറാനിലെ പ്രക്ഷോഭങ്ങളില്‍ ഉണ്ടായ മരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഉത്തരവാദി അമേരിക്കന്‍ പ്രസിഡന്റാണെന്ന് ഖമേനി നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരെ പ്രതികരിക്കവേ, ഇറാനിലെ ഭരണാധികാരികള്‍ ഭയവും ബലപ്രയോഗവും ഉപയോഗിച്ചാണ് ഭരിക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. 'ഭരണം എന്നത് ബഹുമാനത്തെക്കുറിച്ചാണ്, ഭയത്തെയും മരണത്തെയും കുറിച്ചല്ല,' എന്ന് ട്രംപ് വ്യക്തമാക്കി. ഇറാനിലെ ജനങ്ങളെ അടിച്ചമര്‍ത്തുന്നതിന് പകരം അവരെ നേരാംവണ്ണം ഭരിക്കാനാണ് ഖമേനി ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധക്കാര്‍ക്ക് നേരെ ഇറാന്‍ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലുകളെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞ മൂന്നാഴ്ചയായി ഇറാനില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാനിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് സൈനിക നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് ട്രംപ് ആവര്‍ത്തിച്ചിട്ടുണ്ട്. ഇറാന്‍ ജനത പ്രതിഷേധം തുടരണമെന്നും സഹായം ഉടന്‍ എത്തുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
അമേരിക്കയെ ഇറാന്‍ പരാജയപ്പെടുത്തിയെന്ന ഖമേനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര് മുറുകുകയാണ്. ട്രംപിന്റെ പുതിയ പരാമര്‍ശങ്ങള്‍ വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകാന്‍ കാരണമായേക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
