അമേരിക്കയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് സെലന്‍സ്‌കി

'അമേരിക്കയുടെ പ്രാധാന്യം ഞങ്ങള്‍ മനസ്സിലാക്കുന്നു. യുഎസില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച എല്ലാ പിന്തുണയ്ക്കും ഞങ്ങള്‍ നന്ദിയുള്ളവരാണ്'.-സെലന്‍സ്‌കി പറഞ്ഞു.

author-image
Biju
New Update
syr

കീവ്: ഓവല്‍ ഓഫീസില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള വാക്കുതര്‍ക്കങ്ങള്‍ക്കൊടുവില്‍ അമേരിയ്ക്ക് നന്ദി പറഞ്ഞ് ഉക്രെയിന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്‌കി. ഉക്രെയിന്‍ യുദ്ധത്തില്‍ അമേരിക്ക നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് സെലെന്‍സ്‌കി പുതിയ വീഡിയോ പുറത്തിറക്കിയത്. 

'അമേരിക്കയുടെ പ്രാധാന്യം ഞങ്ങള്‍ മനസ്സിലാക്കുന്നു. യുഎസില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച എല്ലാ പിന്തുണയ്ക്കും ഞങ്ങള്‍ നന്ദിയുള്ളവരാണ്'.-സെലന്‍സ്‌കി പറഞ്ഞു. നേരത്തെ യുഎസ് പിന്തുണയ്ക്ക് ഉക്രെയിന്‍ വേണ്ടത്ര നന്ദി കാട്ടുന്നില്ലെന്ന് ട്രംപും ജെഡി വാന്‍സും സെലന്‍സ്‌കിയോട് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് സെലന്‍സ്‌കിയുടെ പുതിയ വീഡിയോ സന്ദേശം. 

'ഞങ്ങള്‍ക്ക് നന്ദി തോന്നാത്ത ഒരു ദിവസം ഉണ്ടായിട്ടില്ല. ഉക്രെയ്നിന്റെ അതിജീവനം അതിന്റെ സഖ്യകക്ഷികളെ ആശ്രയിച്ചിരിക്കുന്നു. ഞങ്ങളുടെ പങ്കാളികള്‍ നല്‍കുന്ന പിന്തുണയിലാണ് ഞങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നത്'.-സെലന്‍സ്‌കി പറഞ്ഞു. 

അതേസമയം, റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഫോര്‍മുല തയ്യാറാക്കുന്നു. റഷ്യ - യുക്രെയ്ന്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കിയും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് യൂറോപ്യന്‍ ശക്തികളുടെ ഇടപടല്‍.

യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ യുക്രെയ്‌നുമായി സഹകരിച്ച് പുതിയ കരാറിന് രൂപം നല്‍കുമെന്നാണ് പ്രഖ്യാപനം. പുതിയ കരാര്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കൈമാറുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്റ്റാമറിന്റെ പ്രതികരണം. ലണ്ടനില്‍ നടന്ന യൂറോപ്യന്‍ നേതാക്കളുടെ യോഗത്തിന് ശേഷമാണ് റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട സുപ്രധാനം നീക്കം ഉണ്ടായിരിക്കുന്നത്.

 

Volodymyr Zelenskyy Volodymyr Zelensky