/kalakaumudi/media/media_files/2025/01/30/XsL1ojoS22MyOd9asrFJ.jpg)
Jim Acosta
വാഷിങ്ടണ്‍: സിഎന്‍എന്നിന്റെ സ്റ്റാര്‍ അവതാരകന്‍ ജിം അക്കോസ്റ്റ 18 വര്‍ഷത്തിന് ശേഷം ചാനലില്‍ നിന്ന് രാജിവച്ചു. ജിമ്മിന്റെ മോര്‍ണിങ് ഷോ അര്‍ധരാത്രി സമയത്തേക്ക് മാറ്റിയതിന് പിന്നാലെയാണ് ജിം ഓണ്‍ എയറില്‍ താന്‍ സിഎന്‍എന്നില്‍ നിന്ന് രാജിവയ്ക്കുന്ന വിവരം അറിയിച്ചത്.
ട്രംപ് അധികാരമേറ്റതിന് പിന്നാലെ സിഎന്‍എന്‍ സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ജിം അക്കോസ്റ്റയുടെ ജോലി സമയത്തിലും മാറ്റം വരുത്തുകയായിരുന്നു.
സിഎന്‍എന്നിലെ ഏറ്റവും അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്നിട്ടു പോലും രാവിലെ പത്ത് മണിക്ക് നടന്നിരുന്ന ഷോ മാറ്റി അര്‍ധരാത്രിയിലേക്ക് മറ്റി. ഡിജിറ്റല്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കത്തില്‍ ആറ് ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്നായിരുന്നു സിഎഎന്‍ വിശദീകരണം. സിഎന്‍എന്‍ സിഇഒ മാര്‍ക്ക് തോംപ്‌സണ്‍ ആയിരുന്നു പുതിയ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിച്ചത്.
തുടര്‍ന്നാണ് സിഎന്‍എന്നില്‍ ജിം അക്കോസ്റ്റ തന്റെ ഷോയുടെ എപ്പിസോഡ് അവസാനിപ്പിച്ചുകൊണ്ട് ഓണ്‍ എയറില്‍ ചില കാര്യങ്ങള്‍ പറഞ്ഞത്.
'അവസാനമായി എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്, നുണകള്‍ക്ക് മുന്നില്‍ വീഴരുത്, ഉള്ളിലെ ഭയത്തിന് കീഴടങ്ങരുത്, സത്യവും പ്രതീക്ഷയും നിലനിര്‍ത്തുക'. ഇതിന് പിന്നാലെ ചൊവ്വാഴ്ച മുതല്‍ വീഡിയോ പ്ലാറ്റ്‌ഫോമായ സബ്സ്റ്റാക്കില്‍ 'ദി ജിം അക്കോസ്റ്റ ഷോ' ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ട്രംപ് ആദ്യ ടേമില്‍ പ്രസിഡന്റായിരുന്ന കാലത്ത് ഉടനീളം, ട്രംപും അക്കോസ്റ്റയും തമ്മില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടായിരുന്നു. പ്രസിഡന്റ് തന്റെ ആദ്യ ടേം ആരംഭിക്കുന്നതിന് മുമ്പ് സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ക്ക് നേരെ കടുത്ത വിമര്‍ശനവും ആരോപണങ്ങളും ഉന്നയിച്ചു.
ഐഎസ് ബന്ധം ആരോപിക്കുകയും, ഇടക്കാലത്ത് അക്കോസ്റ്റയുടെ പ്രസ് ക്രഡന്‍ഷ്യലുകള്‍ താലക്കാലികമായി റദ്ദാക്കുകയും ചെയ്തു. അക്കോസ്റ്റയുടെ അസാന്നിധ്യത്തിലും ട്രംപും സിഎന്‍എന്‍ റിപ്പോര്‍ട്ടറുമായി തര്‍ക്കം തുടര്‍ന്നു. അക്കോസ്റ്റയുടെ 2017-ലെ പൊളിറ്റിക്കോ മാഗസിന്‍ പ്രൊഫൈല്‍ തലക്കെട്ട്, 'ജിം അക്കോസ്റ്റ വൈറ്റ് ഹൗസിന്റെ പ്രിയപ്പെട്ട റിപ്പോര്‍ട്ടറാണ്' എന്നായിരുന്നു.