നീണ്ട ഇടവേളയ്ക്കു ശേഷം ട്രംപും ഇലോണ്‍ മസ്‌കും കണ്ടുമുട്ടി

വഴക്കിന്റെ തുടക്കം, ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' എന്ന പേരിലുള്ള നികുതി ബില്ലിനെതിരെയുള്ള മസ്‌കിന്റെ വിമര്‍ശനമായിരുന്നു. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും ചേരിപ്പോര് തുടര്‍ന്നു

author-image
Biju
New Update
musk

ഗ്ലെന്‍ഡെയില്‍, (അരിസോണ ): മാസങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ പ്രസിഡന്റ്  ഡോണള്‍ഡ് ട്രംപും തന്റെ പഴയ ഉറ്റ ചങ്ങാതിയും വ്യവസായ ഭീമനുമായ ഇലോണ്‍ മസ്‌കും കണ്ടുമുട്ടി.  ഒരുകാലത്ത് ഉറ്റ ചങ്ങാതിമാരായിരുന്ന ഇരുവരും ബ്യൂട്ടിഫുള്‍ ബില്ലിന്റെ പേരിലാണ് കൊമ്പ് ഓര്‍ക്കുകയും പരസ്പരം പോരടിച്ച് പിണങ്ങി പോവുകയും ചെയ്തത്. 

ഇതിന് പിന്നാലെ മാസങ്ങള്‍ക്ക് ശേഷം ഞായറാഴ്ച ചാര്‍ലി കിര്‍ക്കിന്റെ സംസ്‌കാര ചടങ്ങിലാണ് ഇരുവരും കണ്ടുമുട്ടിയത്. പരസ്പരം കൈകൊടുത്ത ഇരുവരും അല്‍പസമയം സംസാരിക്കുകയും ചെയ്തു. അരിസോണയിലെ ഗ്ലെന്‍ഡെയിലിലുള്ള സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്   

ഒരു കാലത്ത് വളരെ അടുത്ത് നിലകൊണ്ടിരുന്ന ട്രംപും മസ്‌കും കഴിഞ്ഞ കുറച്ച് മാസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ തുറന്ന പോരാണ് നടത്തുന്നത്. വഴക്കിന്റെ തുടക്കം, ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' എന്ന പേരിലുള്ള നികുതി ബില്ലിനെതിരെയുള്ള മസ്‌കിന്റെ വിമര്‍ശനമായിരുന്നു. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും ചേരിപ്പോര് തുടര്‍ന്നു.

മസ്‌ക് ഒരു ട്വീറ്റില്‍ തന്റെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ട്രംപ് 2024 തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടേനെയെന്ന് തുറന്നടിച്ചിരുന്നു. പിന്നീട് ജെഫ്രി എപ്സ്റ്റീന്‍ ഫയലുകളെക്കുറിച്ച് മസ്‌ക് നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് മാസങ്ങള്‍ക്ക് ശേഷം ഇരുവരും ഒരേ വേദിയില്‍ എത്തിയത് ഇരുവരും തമ്മിലുള്ള പിണക്കത്തിന് മഞ്ഞുരുകയാണോ എന്നാണ് അറിയേണ്ടത്.

31 വയസ്സുകാരനായ ചാര്‍ലി കിര്‍ക്കിനെ സെപ്റ്റംബര്‍ 10-ന് യൂ ട്ടാ വാലി യൂണിവേഴ്സിറ്റിയില്‍ വച്ച് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ റോബിന്‍സണ്‍ എന്ന 22 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ചാര്‍ലി കിര്‍ക്കിന്റെ സംസ്‌കാര ചടങ്ങില്‍ പതിനായിരങ്ങളാണ് എത്തിച്ചേര്‍ന്നത്.