അമേരിക്കയില്‍ 30 ദിവസത്തില്‍ കൂടുതല്‍ തങ്ങുന്നവര്‍ നാടുവിടണം

ട്രംപിനെയും ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിഷി നോമിനെയും ടാഗ് ചെയ്തുള്ള എക്സിലെ സന്ദേശം അനധികൃത താമസക്കാര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ് ഇതാണ്: ഉടന്‍ രാജ്യം വിടുക, അല്ലെങ്കില്‍ സ്വയം നാടുകടത്തുക.

author-image
Biju
New Update
Setwte

Donald Trump

വാഷിങ്ടണ്‍:അമേരിക്കയില്‍ 30 ദിവസത്തില്‍ കൂടുതല്‍ താമസിക്കുന്ന വിദേശ പൗരന്മാര്‍ സൂക്ഷിച്ചില്ലെങ്കില്‍ കുടുങ്ങും. 30 ദിവസത്തില്‍ കൂടുതല്‍ തങ്ങുന്ന വിദേശ പൗരന്മാര്‍ ഫെഡറല്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ അറിയിപ്പ്. രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ കുറ്റമായി കണക്കാക്കുമെന്നും പിഴയും തടവുശിക്ഷയും അടക്കം കിട്ടാമെന്നുമാണ് മുന്നറിയിപ്പ്.

ട്രംപിനെയും ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിഷി നോമിനെയും ടാഗ് ചെയ്തുള്ള എക്സിലെ സന്ദേശം അനധികൃത താമസക്കാര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ് ഇതാണ്: ഉടന്‍ രാജ്യം വിടുക, അല്ലെങ്കില്‍ സ്വയം നാടുകടത്തുക.

അമേരിക്കയില്‍ എച്ച് 1 ബി വിസയിലോ, വിദ്യാര്‍ഥി പെര്‍മിറ്റിലോ താമസിക്കുന്നവരെ ഈ തീരുമാനം നേരിട്ട് ബാധിക്കില്ല. എന്നാല്‍, മതിയായ രേഖകളില്ലാതെ, വിദേശ പൗരന്മാര്‍ യുഎസില്‍ തങ്ങുന്നത് തടയാന്‍ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് തന്നെയാണ് ട്രംപ് ഭരണകൂടത്തിന്റെ കൃത്യമായ സന്ദേശം. എച്ച് -1 ബി വിസയിലുള്ള വ്യക്തിക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍, നിര്‍ദ്ദിഷ്ട കാലയളവിനുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ നടപടി നേരിടണ്ടി വരും. എച്ച്- 1 ബി വിസക്കാരായാലും വിദ്യാര്‍ഥി വിസക്കാരായാലും താമസത്തിന് ക്യത്യമായി മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.

അധികൃതരുടെ അനുമതിയില്ലാതെ യുഎസില്‍ താമസിക്കുന്നവര്‍ സ്വയം നാടുകടത്തുന്നതിന്റെ ഗുണങ്ങളും യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് നിരത്തുന്നുണ്ട്. ' സ്വയം നാടുകടത്തല്‍ സുരക്ഷിതമാണ്. നിങ്ങള്‍ക്ക് രാജ്യംവിടാനുള്ള വിമാനം തിരഞ്ഞെടുത്ത് സ്വമേധയാ മടങ്ങാം. യുഎസില്‍ സമ്പാദിച്ച പണവും കൊണ്ടുപോകാം'.

സ്വയം നാടുകടത്തുന്നവര്‍ക്ക് ഭാവിയില്‍ നിയമാനുസൃത കുടിയേറ്റത്തിനുള്ള വാതില്‍ തുറന്നുകിടക്കും. അത്തരക്കാര്‍ക്ക് തിരിച്ചുപോകാന്‍ പണമില്ലെങ്കില്‍ സബ്സിഡി നിരക്കില്‍ വിമാനം ലഭ്യമാക്കുമെന്നും ആഭ്യന്തര സുരക്ഷാ വകുപ്പ് സ്വയം നാടുകടത്തലിന്റെ നേട്ടമായി പറയുന്നു.

എന്നാല്‍, അനധികൃതമായി താമസിക്കുന്ന വിദേശികള്‍ ഉടനടി നാടുകടത്തലിനെ നേരിടേണ്ടി വരും. രാജ്യം വിടണമെന്ന ഉത്തരവ് കിട്ടിയിട്ടും അനുസരിക്കാതിരുന്നാല്‍ പ്രതിദിനം 998 ഡോളര്‍ പിഴ ചുമത്തും. സ്വയം നാടുകടത്തിക്കൊളളാമെന്ന് വാക്കുപറഞ്ഞ ശേഷം ചെയ്യാതിരുന്നാല്‍, 1000 മുതല്‍ 5000 ഡോളര്‍ വരെ പിഴ ഈടാക്കും. സ്വയം നാടുകടത്താന്‍ വിസമ്മതിച്ചാല്‍ ജയില്‍ വാസവും അനുഭവിക്കേണ്ടി വരും. ഫെഡറല്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദേശ പൗരന്മാരെ നിയമാനുസൃത കുടിയേറ്റ സംവിധാനത്തിലൂടെ യുഎസിലേക്ക് മടങ്ങുന്നത് വിലക്കുമെന്നും അറിയിപ്പിലുണ്ട്.

 

donald trump