ഇന്ത്യയ്ക്ക് 25% തീരുവ ഏര്‍പ്പെടുത്തി ട്രംപ്

ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിനിടയിലും അമേരിക്ക റഷ്യയില്‍നിന്ന് യുറേനിയം ഹെക്‌സാഫ്‌ലൂറൈഡും യൂറോപ്യന്‍ രാജ്യങ്ങള്‍ വിവിധ രാസവസ്തുക്കളും വാങ്ങുന്നതും ചൂണ്ടിക്കാട്ടി

author-image
Biju
New Update
TRUMP

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് വീണ്ടും 25% തീരുവ ചുമത്തി യുഎസ്. ഇതു സംബന്ധിച്ച് എക്‌സിക്യൂട്ടിവ് ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. നേരത്തെ ചുമത്തിയ 25% തീരുവയ്ക്കു പുറമെ ആണിത്. ഇതോടെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കു മേലുള്ള ആകെ തീരുവ 50% ആയി. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം തീരുവ ഇന്ത്യയ്ക്കാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയ്ക്കുമേലുള്ള തീരുവ കാര്യമായ തോതില്‍ വര്‍ധിപ്പിക്കുമെന്നു സിഎന്‍ബിസി ചാനലിലെ പരിപാടിയില്‍ ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

''ഇന്ത്യയുമായി യുഎസ് കാര്യമായ വ്യാപാരം നടത്തുന്നില്ല. ഏറ്റവും തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടാണ് 25% തീരുവ ചുമത്തിയത്. റഷ്യയില്‍നിന്ന് അവര്‍ ഇപ്പോഴും എണ്ണ വാങ്ങുന്നതുകൊണ്ട് തീരുവ കൂട്ടാന്‍ പോകുകയാണ്. യുദ്ധത്തിന് ഇന്ധനം പകരുകയാണ് ഇന്ത്യ.'' ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാരക്കരാറിനു തടസ്സമായി നില്‍ക്കുന്നതു തീരുവയാണെന്നു ട്രംപ് തുറന്നടിച്ചു.

ഇന്ത്യയ്‌ക്കെതിരെ കഴിഞ്ഞ ദിവസവും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിനുള്ള മറുപടിയെന്നോണം ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍, റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരില്‍ യുഎസും യൂറോപ്യന്‍ യൂണിയനും ഇന്ത്യയെ ഉന്നംവയ്ക്കുന്നത് അനീതിയാണെന്നു പ്രതികരിച്ചു. ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിനിടയിലും അമേരിക്ക റഷ്യയില്‍നിന്ന് യുറേനിയം ഹെക്‌സാഫ്‌ലൂറൈഡും യൂറോപ്യന്‍ രാജ്യങ്ങള്‍ വിവിധ രാസവസ്തുക്കളും വാങ്ങുന്നതും ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ വ്യാപാര, നയതന്ത്ര നയങ്ങളെ നിശിതമായി വിമര്‍ശിച്ചാണ് പകരംതീരുവ മരവിപ്പിച്ചതിന്റെ കാലാവധി തീരുന്ന ഓഗസ്റ്റ് 1 മുതല്‍ ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക്  25% പകരംതീരുവയും പിഴയും ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യ അമേരിക്കയുടെ അടുത്ത സുഹൃദ് രാജ്യമായിട്ടും ഉയര്‍ന്ന തീരുവ മൂലം വളരെ കുറച്ചു വ്യാപാരമേ അമേരിക്കയ്ക്ക് നടത്താന്‍ കഴിഞ്ഞുള്ളുവെന്നും ട്രംപ് കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടി. 

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതിത്തീരുവ നിലനില്‍ക്കുന്ന രാജ്യം ഇന്ത്യയാണെന്നും അതിനാല്‍ ഇന്ത്യ - യുഎസ് വ്യാപാരത്തില്‍, തന്റെ രാജ്യത്തിന് 4570 കോടി ഡോളറിന്റെ കമ്മിയുണ്ടന്നും ട്രംപ് പറഞ്ഞു. റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിനാണ് ഇന്ത്യയ്ക്കു പിഴ കൂടി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ നടപടി മോസ്‌കോയെ യുക്രെയ്ന്‍ യുദ്ധത്തിന്റെ പേരില്‍ ഒറ്റപ്പെടുത്താനുള്ള രാജ്യാന്തര ശ്രമത്തിനെതിരാണെന്ന് ട്രംപ് പറഞ്ഞു.

donald trump