/kalakaumudi/media/media_files/2026/01/04/cuba-2026-01-04-08-48-21.jpg)
വാഷിങ്ടണ്‍:വെനസ്വേലയുടെ എണ്ണ ഇനി യുഎസ് കമ്പനികള്‍ കൈകാര്യം ചെയ്യുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് കമ്പനികളില്‍ നിന്നുള്ള നിക്ഷേപം വെനസ്വേലയുടെ തകര്‍ന്നടിഞ്ഞ ഊര്‍ജ മേഖലയെ വീണ്ടും ഉണര്‍വിലെത്തിക്കുമെന്നും ട്രംപ് പറഞ്ഞു. ''അമേരിക്കയിലെ വന്‍കിട എണ്ണക്കമ്പനികള്‍ ഇനി വെനസ്വേലയിലെത്തും. ലോകത്തെ ഏറ്റവും വലിയ എണ്ണശേഖരമാണ് വെനസ്വേലയ്ക്കുള്ളത്. യുഎസ് കമ്പനികള്‍ അവിടെ ശതകോടികളുടെ നിക്ഷേപം നടത്തും. തകര്‍ത്തടിഞ്ഞ എണ്ണവിതരണ മേഖലയെ പുനഃസൃഷ്ടിക്കും'' - ട്രംപ് പറഞ്ഞു.
വെനസ്വേലയില്‍ നിന്ന് നമുക്കിന് പണം വാരാം
സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെ അംഗങ്ങളായ ലോകത്തെ എണ്ണ കയറ്റുമതി രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെ സ്ഥാപക അംഗമാണ് വെനസ്വേല. ലോകത്ത് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ശേഖരത്തിനുടമയായ രാജ്യം. 303 ബില്യന്‍ ബാരല്‍ ക്രൂഡ് ഓയില്‍ ശേഖരമാണ് (ഓയില്‍ റിസര്‍വ്) വെനസ്വേലയിലുള്ളത്. ലോകത്തെ മൊത്തം എണ്ണശേഖരത്തിന്റെ 17%. സൗദി അറേബ്യ, റഷ്യ, ഇറാന്‍, കാനഡ, ഇറാഖ് തുടങ്ങിയവയെല്ലാം വെനസ്വേലയ്ക്ക് പിന്നിലാണ്.
''വെനസ്വേലയില്‍ നിന്ന് നമുക്കിന് പണം വാരാം'' - എന്നും ട്രംപ് മഡുറോയെ പിടികൂടിയശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. നിലവില്‍ ഷെവ്‌റോണ്‍ എന്ന യുഎസ് കമ്പനിക്ക് വെനസ്വേലയില്‍ സാന്നിധ്യമുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബര്‍-ഡിസംബറില്‍ വെനസ്വേലയില്‍ നിന്ന് ഷെവ്‌റോണ്‍ അമേരിക്കയിലേക്ക് പ്രതിദിനം 1.40 ലക്ഷം ബാരല്‍ വീതം കയറ്റുമതിയും ചെയ്തിരുന്നു.
ദേശസാല്‍ക്കരിച്ച് മോഷണം
വെനസ്വേലയുടെ ഭരണം യോഗ്യതയും വിശ്വാസ്യതയുമുള്ള ഒരു നേതാവിനെ തിരഞ്ഞെടുക്കുംവരെ അമേരിക്ക നടത്തുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. വെനസ്വേലയില്‍ പണ്ടും യുഎസ് കമ്പനികള്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിരുന്നു. എന്നാല്‍, 1976ല്‍ വിദേശ കമ്പനികളെ പുറത്താക്കിയ വെനസ്വേല, എണ്ണക്കമ്പനികളെ ദേശസാല്‍ക്കരിക്കുകയും പൊതുമേഖലയില്‍ പിഡിവിഎസ്എ എന്ന കമ്പനി സ്ഥാപിക്കുകയും ചെയ്തു.
വെനസ്വേല നടത്തിയത് മോഷണമാണെന്നും കട്ടെടുത്ത നിക്ഷേപവും എണ്ണയും അമേരിക്കയ്ക്ക് തിരികെവേണമെന്നും ട്രംപ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. വന്‍ എണ്ണസമ്പത്തുണ്ടായിട്ടും സാമ്പത്തികമായി തകര്‍ന്ന രാജ്യമാണ് വെനസ്വേല. 1990ല്‍ പ്രതിദിനം 35 ലക്ഷം ബാരലായിരുന്നു വെനസ്വേലയുടെ എണ്ണ ഉല്‍പാദനം. നിലവില്‍ ഇത് വെറും 8 ലക്ഷമാണ്. അതേസമയം, യുഎസ് ഓരോ ദിവസവും 13.8 ലക്ഷം ബാരല്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്.
കത്തിക്കയറാം എണ്ണവില
നിലവില്‍ ലോകത്തെ എണ്ണ ഉല്‍പാദനത്തിന്റെ ഒരു ശതമാനത്തോളം മാത്രം വിഹിതമേ വെനസ്വേലയ്ക്കുള്ളൂ. പ്രതിദിന കയറ്റുമതി ഏതാണ്ട് 5 ലക്ഷം ബാരല്‍ മാത്രം. വാരാന്ത്യ അവധിക്കുശേഷം ഇന്ന് രാത്രിയോടെയാണ് രാജ്യാന്തര എണ്ണവിപണി വീണ്ടും തുറക്കുന്നത്. വെനസ്വേലയിലെ യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില കൂടുമെന്ന് ഏറക്കുറെ ഉറപ്പാണ്. നിലവില്‍ ബാരലിന് 60.75 ഡോളറാണ് ബ്രെന്റ് ക്രൂഡ് വില. ഇന്ന് വിപണി തുറക്കുമ്പോള്‍ തന്നെ 1-2% വിലവര്‍ധന ഉണ്ടായേക്കും.
ആ എണ്ണ കടുകട്ടിയാണ്
വെനസ്വേലയ്ക്ക് വന്‍ എണ്ണസമ്പത്തുണ്ടെങ്കിലും ആ ക്രൂഡ് ഓയില്‍ ഇനം വ്യത്യസ്തമാണ്. കട്ടിയുള്ള അഥവാ ഹെവി ക്രൂഡ് ആണ് വെനസ്വേലയിലുള്ളത്. ഇത് സാധാരണ ക്രൂഡ് ഓയില്‍ പോലെ വാങ്ങി റിഫൈനറികളില്‍ ഉപയോഗിക്കാനാവില്ല. മറ്റുചില കെമിക്കലുകളും ചേര്‍ത്താണ് ഉപയോഗിക്കേണ്ടത് എന്നതിനാല്‍ വെനസ്വേലന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് കമ്പനികളുടെ ഉല്‍പാദനച്ചെലവ് കൂടാനും ഇടയാക്കും. അതുകൊണ്ടുതന്നെയാണ്, വെനസ്വേലന്‍ എണ്ണയ്ക്ക് ലോകത്ത് വലിയ സ്വീകാര്യതയുമില്ല.
ഇതാണ്, എണ്ണസമ്പത്തുണ്ടായിട്ടും വെനസ്വേലയ്ക്ക് തിരിച്ചടിയായത്. ഇതിനെല്ലാം പുറമേ അമേരിക്ക കടുത്ത ഉപരോധം ഏര്‍പ്പെടുത്തുക കൂടി ചെയ്തതോടെ വെനസ്വേലന്‍ എണ്ണക്കമ്പനികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റാതായി, സാമ്പത്തികമായി അവ തകര്‍ന്നു. വരുമാനത്തിന് എണ്ണ കയറ്റുമതിയെ മാത്രം ആശ്രയിച്ച വെനസ്വേലയും അതോടെ വെട്ടിലാവുകയായിരുന്നു.
രാജ്യത്തെ ജനങ്ങള്‍ക്ക് സബ്‌സിഡി വാരിക്കോരി കൊടുത്ത് സര്‍ക്കാര്‍ പാപ്പരായി. തൊഴിലില്ലായ്മയും വരുമാനത്തകര്‍ച്ചയും ജനങ്ങളെ വറുതിയിലാക്കി. പണപ്പെരുപ്പം ലക്ഷം ശതമാനത്തിന് മുകളിലേക്കാണ് കുതിച്ചുകയറിയത്. കറന്‍സി വെറും വിലയില്ലാ കടലാസായി മാറി. ജനങ്ങള്‍ ഡോളറിനും ബാര്‍ട്ടര്‍ സമ്പ്രദായത്തിനും പിന്നാലെ പോയി.
മറ്റൊരു കണക്ക് നോക്കാം
വെനസ്വേലന്‍ എണ്ണസമ്പത്തിന് കണക്കാക്കുന്ന മൂല്യം 17.3 ട്രില്യന്‍ ഡോളറാണ്. ക്രൂഡ് വില ബാരലിന് 57 ഡോളര്‍ വീതം കണക്കാക്കുമ്പോഴുള്ള വിലയാണിത്. ഇനിയിപ്പോള്‍ വില അതിന്റെ പാതിയായാലും എണ്ണസമ്പത്തിന്റെ മൂല്യം 8.7 ട്രില്യന്‍ വരും. അതുപോലും അമേരിക്കയുടെയും ചൈനയുടെയും ഒഴികെ ലോകത്തെ ഏത് രാജ്യത്തിന്റെയും ജിഡിപി മൂല്യത്തേക്കാള്‍ കൂടുതലാണ്. വെനസ്വേലയുടെ കൈയിലുള്ള സ്വത്തിന്റെ ആഴം ഇതില്‍നിന്ന് മനസ്സിലാക്കാം.
അടുത്തത് ക്യൂബ?
വെനസ്വേലയിലെ ആക്രമണം ക്യൂബയ്ക്കുള്ള സന്ദേശമാണോ എന്ന് ഇന്നലെ മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ട്രംപിന്റെ മറുപടി ഇങ്ങനെ - ''ക്യൂബ ഒരു തകരുന്ന രാജ്യമാണ്. വര്‍ഷങ്ങളായി അവിടുത്തെ ജനങ്ങള്‍ വറുതിയിലാണ്. അവരെ സഹായിക്കുന്ന കാര്യം ഭാവിയില്‍ പരിഗണിച്ചേക്കാം''. കഴിവുകെട്ട ഇടതുപക്ഷ ഭരണാധികാരികള്‍ ക്യൂബയെ ദുരന്തത്തിലേക്ക് തള്ളിയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പറഞ്ഞു.
ക്യൂബയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമായും ശത്രുവായുമാണ് അമേരിക്ക കാണുന്നത്. അതുകൊണ്ടുതന്നെ, വെനസ്വേലയില്‍ നടത്തിയതിനു സമാനമായ ഓപ്പറേഷന്‍ ക്യൂബയിലും നടത്തിയേക്കാം. വെനസ്വേലയിലേത് ക്യൂബയ്ക്കുള്ള മുന്നറിയിപ്പാണെന്ന് യുഎസ് തന്നെ സൂചിപ്പിക്കുന്നുണ്ട്.
കൊളംബിയ സൂകഷിക്കണം!
കൊളംബിയയ്‌ക്കെതിരെയും ട്രംപ് മുന്നറിയിപ്പ് എയ്തിട്ടുണ്ട്. കൊളംബിയ വ്യാപകമായി കൊക്കെയ്ന്‍ ഉല്‍പാദിപ്പിച്ച് അമേരിക്കയിലേക്ക് കള്ളക്കടത്ത് നടത്തുകയാണ്. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഒന്നു കരുതിയിരിക്കണമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, വെനസ്വേലയില്‍ ട്രംപ് നടത്തിയ ആക്രമണതീരുമാനത്തിന് എതിരെ യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍തന്നെ രംഗത്തെത്തിയിട്ടുണ്ട്. ചൈനയും റഷ്യയും പ്രതികരിച്ചേക്കാം. യുഎസ് നടത്തിയ ആക്രമണവും മഡുറോയെ പിടികൂടിയ തീരുമാനവും വെനസ്വേലയെ കൂടുതല്‍ തകര്‍ച്ചയിലേക്ക് തള്ളിയേക്കാമെന്ന വാദങ്ങളും ഉയരുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
