ട്ര്ംപും-പുടിനും ഒന്നിക്കുന്നു. സൗദിയിലെ റിയാദില്‍ നടന്ന ഉച്ചകോടിയില്‍ നയതന്ത്ര ബന്ധങ്ങള്‍ പുനഃസ്ഥാപിച്ചിരിക്കുന്നു. സാമ്പത്തിക ഉപരോധങ്ങള്‍ നീക്കുന്നു.ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നു.ഈ നൂറ്റാണ്ടിലെ അമ്പരപ്പിക്കുന്ന വാര്‍ത്തയെന്ന് ലോക രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിച്ച സംഭവം.ഈ നീക്കത്തില്‍ ട്രംപിന്റെ അല്ലെങ്കില്‍ അമേരിക്കയുടെ നേട്ടം എന്താണ്? അമേരിക്കന്‍ ഭരണകൂടം ഭയപ്പെടുന്ന അല്ലെങ്കില്‍ ജാഗ്രതയോടെ വീക്ഷിക്കുന്ന ആ രാജ്യം ചൈനയാണ്. റഷ്യയെ ചൈന,ഇറാന്‍,വടക്കന്‍ കൊറിയ എന്നിവയില്‍ നിന്ന് അകറ്റുക, ബ്രിക്സ് പോലുള്ള അമേരിക്കക്ക് ഭീഷണി ഉയര്‍ത്തുന്ന ചേരികളെ ദുര്‍ബലപ്പെടുത്തുക തുടങ്ങിയ നിരവധി ലക്ഷ്യങ്ങളാണ് ഈ ഒറ്റ നീക്കത്തിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്.ഒപ്പം അമേരിക്കന്‍ കമ്പനികള്‍ക്ക് റഷ്യയിലേക്ക് തിരിച്ചുവരാമെന്ന കച്ചവട യുക്തിയും.അമേരിക്ക നിരവധി യുദ്ധങ്ങള്‍ക്ക് തുടക്കമിടുകയും വഴിമരുന്നിടുകയും ചെയ്തിട്ടുണ്ട്.പലയിടത്തു നിന്നും പിന്‍മാറിയത് പൂര്‍ണ വിജയ ശേഷമോ ഗത്യതന്തരമില്ലാതെയോ ആണ്.അമേരിക്കയ്ക്കും പാശ്ചാത്യരാജ്യങ്ങള്‍ക്കുമെതിരായ മുന്നണി ശക്തിപ്പെടുന്നത് കൊണ്ട് റഷ്യയ്ക്ക് ചൈനയുടെ പിന്തുണയും ലഭിക്കാം.
കാരണം യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യക്ക് നയപരമായ പിന്തുണ നല്‍കുന്നത് ചൈനയാണ്.ഇക്കാര്യം നേരത്തെ നാറ്റോ രാഷ്ട്രങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു.ചൈനയുടെ ആഗ്രഹങ്ങളും നയങ്ങളും അമേരിക്കയുടെ താത്പര്യങ്ങളെ പോലും ചോദ്യംചെയ്യുന്നതാണ്.അന്താരാഷ്ട്രതലത്തില്‍ കാലാകാലങ്ങളായി പാലിച്ചുപോരുന്ന ധാരണകള്‍ക്കും നിയമങ്ങള്‍ക്കുമെതിരാണ് റഷ്യയുടെയും ചൈനയുടെയും സമീപകാല നിലപാടുകള്‍. സൈബര്‍,ബഹിരാകാശം ഉൾപ്പടെയുള്ള മേഖലകളിലും ഇരുരാജ്യങ്ങളും സുരക്ഷാഭീഷണി ഉയര്‍ത്തുന്നു.
റഷ്യയുടെ ആയുധനിര്‍മാണമേഖലയ്ക്കും ചൈനയുടെ പിന്തുണ കരുത്തുപകരുന്നു.ഐക്യരാഷ്ട്രസഭയിലെ ഉത്തരവാദിത്വമുള്ള സ്ഥിരാംഗമെന്ന നിലയില്‍ റഷ്യയ്ക്കു പിന്തുണ നല്‍കിവരുന്നതും ചൈനയാണ്. ഇതും അവസാനിപ്പിക്കണം.കഴിഞ്ഞ നൂറ്റാണ്ടില്‍ അമേരിക്ക വഹിച്ചതിനു സമാനമായ ആധിപത്യ ശ്രമത്തിലാണ് ഇന്ന് റഷ്യ-ചൈന സഖ്യം നിലനിൽക്കുന്നതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനയുടെയും റഷ്യയുടെയും ആണവായുധ ശേഖരമെന്നത് ലോകത്തെ ഏറ്റവും ഭയാനകമായതാണ്.ചൈനയുടെ ആണവായുധ വികസനം അമേരിക്കയെയും മറികടന്ന് കൊണ്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.റഷ്യ-ചൈന കൂട്ടായ്മയെ ഭയന്ന് ഏഷ്യന്‍ രാജ്യങ്ങളായ മലേഷ്യ,ഫിലിപ്പീന്‍സ്,സൗത്ത് കൊറിയ, ഓസ്ട്രേലിയ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ തങ്ങളുടെ പ്രതിരോധ ബജറ്റ് വര്‍ദ്ധിപ്പിക്കുകയും ആയുധ ശേഖരം വന്‍ തോതില്‍ വിപുലപ്പെടുത്തുകയും ചെയ്യുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്ന് കൊണ്ടിരിക്കുന്നു. അതായത് രണ്ടാം ലോക യുദ്ധത്തിന് ശേഷം ആദ്യമായാണ് ഏഷ്യയില്‍ ഇത്രത്തോളം ആയുധ മത്സരം ഉണ്ടാകുന്നത്.ഇനി ഇതിനോട് പ്രതിരോധ ബജറ്റ് പകുതിയോളം വെട്ടിചുരുക്കണമെന്ന് ട്രംപ് റഷ്യയോട് ആവശ്യപ്പെട്ടതും കൂട്ടിവായിച്ചാല്‍ കാര്യങ്ങള്‍ ഏറെ കുറേ വ്യക്തമാവും.