/kalakaumudi/media/media_files/2025/09/11/trump-nd-netanyahu-2025-09-11-06-56-24.jpg)
വാഷിങ്ടന്‍: ദോഹയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ അതൃപ്തി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആക്രമിക്കാനുള്ള തീരുമാനം ബുദ്ധിപരമായിരുന്നില്ലെന്ന് ട്രംപ് പ്രതികരിച്ചു. ആക്രമണത്തിന് ശേഷം ചൊവ്വാഴ്ച നടന്ന ഫോണ്‍ സംഭാഷണത്തിനിടെയാണ് ട്രംപിന്റെ പരാമര്‍ശം.
ഹമാസിന് ദോഹയില്‍ ഓഫിസ് നല്‍കിയത് മധ്യസ്ഥ ശ്രമങ്ങള്‍ക്കാണ്. നെതന്യാഹുവിന്റെ വീണ്ടുവിചാരം ഇല്ലാത്ത നടപടികള്‍ക്ക് മറുപടി പറയിക്കും. ആക്രമണം മുന്‍കൂട്ടി അറിയിച്ചില്ലെന്നും ട്രംപ് പറഞ്ഞു. ചുരുങ്ങിയ സമയമേ ലഭിച്ചുള്ളൂ എന്നായിരുന്നു നെതന്യാഹുവിന്റെ മറുപടി. വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ആക്രമണം നടത്താന്‍ തനിക്ക് ഒരു ചെറിയ അവസരം ലഭിച്ചതായും അവസരം മുതലെടുത്തതായും നെതന്യാഹു ട്രംപിനോട് പറഞ്ഞു. എന്നാല്‍ ചൊവ്വാഴ്ച തന്നെ, ഇരുവരും തമ്മില്‍ രണ്ടാമത് നടത്തിയ ഫോണ്‍ സംഭാഷണം സൗഹാര്‍ദപരമായിരുന്നു എന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണം വിജയകരമാണെന്ന് തെളിഞ്ഞോ എന്ന് ട്രംപ് നെതന്യാഹുവിനോട് ചോദിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.