/kalakaumudi/media/media_files/2025/12/06/fifa-2025-12-06-09-14-54.jpg)
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഫിഫ സമാധാന പുരസ്‌കാരം. യുഎസ്, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി അടുത്ത വര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ നറുക്കെടുപ്പ് നടക്കുന്ന വാഷിങ്ടനിലെ കെന്നഡി സെന്ററില്‍ വച്ചാണ് ട്രംപിന് പുരസ്‌കാരം നല്‍കിയത്. ട്രംപിന്റെ അടുത്ത സുഹൃത്തുകൂടിയായ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയാണ് പുരസ്‌കാരം സമ്മാനിച്ചത്. ഫിഫ ചരിത്രത്തിലാദ്യമായാണ് സമാധാന പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്.
ലോകത്തെ കൈകളില്‍ താങ്ങിനിര്‍ത്തുന്നതായി ചിത്രീകരിക്കുന്ന, ട്രംപിന്റെ പേര് ആലേഖനം ചെയ്ത സ്വര്‍ണ ട്രോഫിയും മെഡലുമാണ് സമ്മാനിച്ചത്. ഗാസ സമാധാനക്കരാറിനു നേതൃത്വം നല്‍കിയത് ഉള്‍പ്പെടെയുള്ളവ പരിഗണിച്ചാണു പുരസ്‌കാരവും മെഡലും സമ്മാനിക്കുന്നതെന്ന് ഇന്‍ഫന്റീനോ പറഞ്ഞു. ഇതു ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണെന്ന് ട്രംപ് പറഞ്ഞു.
നൊബേല്‍ സമാധാന പുരസ്‌കാരത്തിനായി പരസ്യ പ്രചാരണം നടത്തിയിരുന്ന ട്രംപിന്, ഫിഫ പുതുതായി ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം നേടാന്‍ വലിയ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു. ഗാസയില്‍ വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ച ട്രംപിന് നൊബേല്‍ പുരസ്‌കാരം ലഭിക്കേണ്ടതായിരുന്നുവെന്ന് ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫന്റീനോ മുന്‍പ് പറഞ്ഞിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
