നെതന്യാഹുവിന് ട്രംപിന്റെ മുന്നറിയിപ്പ്, വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രയേല്‍ നീക്കം നടക്കില്ല

വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നീക്കവുമായി ഇസ്രയേല്‍ മുന്നോട്ട് പോയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രധാന അറബ്, മുസ്ലീം രാജ്യങ്ങളിലെ നേതാക്കള്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നു

author-image
Biju
New Update
WEST BANK 2

വാഷിംഗ്ടണ്‍: പലസ്തീനിലെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അനുവദിക്കില്ലെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെള്ളിയാഴ്ച ഐക്യരാഷ്ട്ര പൊതുസഭയില്‍ നെതന്യാഹു പ്രസംഗിക്കുന്നതിന് മുന്നോടിയായി വൈറ്റ് ഹൗസ് റിപ്പോര്‍ട്ടര്‍മാരോടാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഇസ്രയേലിനെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ എന്തായാലും താന്‍ അനുവദിക്കില്ല. അത് സംഭവിക്കില്ല എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും ട്രംപ് വ്യക്തമാക്കി. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നീക്കവുമായി ഇസ്രയേല്‍ മുന്നോട്ട് പോയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രധാന അറബ്, മുസ്ലീം രാജ്യങ്ങളിലെ നേതാക്കള്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം എന്നത് ശ്രദ്ധേയമായി. 

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിര്‍ത്തല്‍ ഉടമ്പടി ഏതാണ്ട് അടുത്തെത്തിയെന്ന സൂചനയും ട്രംപ് നല്‍കി. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നീക്കവുമായി ഇസ്രയേല്‍ മുന്നോട്ട് പോയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രധാന അറബ്, മുസ്ലീം രാജ്യങ്ങളിലെ നേതാക്കള്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ഇസ്രയേല്‍ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നതിലെ അപകട സാധ്യതകളും ദോഷങ്ങളും യു എസ് പ്രസിഡന്റിന് നന്നായി അറിയാമെന്നാണ് സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ മാധ്യമങ്ങളോട് പറഞ്ഞത്. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നീക്കങ്ങളും ഗാസയിലെ യുദ്ധവും അവസാനിപ്പിയ്ക്കാന്‍ കനത്ത ആഗോള സമ്മര്‍ദ്ദമാണ് ഇസ്രയേല്‍ നേരിടുന്നത്. 

കാനഡ, ഓസ്‌ട്രേലിയ, യു കെ, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ബെല്‍ജിയം, ലക്‌സംബര്‍ഗ് തുടങ്ങി നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ഇത് ഇസ്രയേയലിലെ തീവ്ര വലതുപക്ഷത്തെ പ്രകോപിപ്പിക്കുന്നുണ്ട്. നെതന്യാഹുവിന്റെ ഭരണസഖ്യത്തിലെ തീവ്രദേശീയവാദികള്‍ വെസ്റ്റ് ബാങ്ക് പൂര്‍ണ്ണമായി പിടിച്ചെടുക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ നീക്കം ധാര്‍മികമായും നിയമപരമായും രാഷ്ട്രീയമായും അസ്വീകാര്യമാണെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യു എസ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് യു എന്‍ ആസ്ഥാനത്തേക്ക് എത്താന്‍ കഴിയാതിരുന്ന പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് വീഡിയോ ലിങ്ക് വഴി യു എന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, സമാധാന ശ്രമങ്ങള്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കി.

 ഫ്രാന്‍സ് പ്രഖ്യാപിച്ച ഇസ്രായേല്‍ - പലസ്തീന്‍ സമാധാന പദ്ധതി നടപ്പാക്കാന്‍ ലോക നേതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താന്‍ തയ്യാറാണെന്നടക്കം അദ്ദേഹം വ്യക്തമാക്കി. പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങള്‍ക്ക് അബ്ബാസ് നന്ദി അറിയിക്കുകയും ചെയ്തു. 

പലസ്തീനെ അംഗീകരിക്കുന്നത് ഹമാസിനുള്ള പ്രതിഫലമായിരിക്കുമെന്ന നിലപാടാണ് യു എസിനുള്ളത്. എന്നാല്‍ ഭരണത്തില്‍ ഹമാസിന് ഒരു പങ്കുമുണ്ടാകില്ല എന്ന് അബ്ബാസ് വ്യക്തമാക്കി. ഗാസയില്‍ നിന്ന് ഇസ്രയേല്‍ പിന്‍മാറിയ ശേഷം അതിന്റെ മുഴുവന്‍ ഉത്തരവാദിത്തങ്ങളും പലസ്തീന്‍ രാഷ്ട്രം ഏറ്റെടുക്കുമെന്നും അതിനെ വെസ്റ്റ് ബാങ്കുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.