ട്രംപ് അധികാരത്തിലേറിയതു മുതല്‍ അമേരിക്കയുടെ വിദേശ നയങ്ങളില്‍ ഉള്‍പ്പെടെ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. ട്രംപിന്റെ ഓരോ നീക്കവും അമ്പരപ്പോടെയാണ് ലോകം വീക്ഷിക്കുന്നത്. ഏറ്റവുമൊടുവില്‍ യുഎസിലെ ഹമാസ് അനുകൂലികളായ വിദ്യാര്‍ഥികളുടെ സ്റ്റുഡന്റ് വീസ റദ്ദാക്കാന്‍ ഒരുങ്ങുകയാണ് ട്രംപ് ഭരണകൂടം.എല്ലാ ജൂതവിരുദ്ധ കുറ്റങ്ങളിലും പ്രോസിക്യൂഷന്‍ നടപടികള്‍ ഉണ്ടാകുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. അമേരിക്കയിലെ കാമ്പസുകളിലുള്ള 'പാലസ്തീന്‍ അനുകൂല പ്രക്ഷോഭകര്‍' എന്ന് കരുതപ്പെടുന്നവരുടെ വിദ്യാര്‍ത്ഥി വിസ റദ്ദാക്കാനാണ് ഭരണകൂടം ഒരുങ്ങുന്നത്. അമേരിക്കന്‍ മണ്ണില്‍ ജൂതവിരുദ്ധത വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിലാണ് അവര്‍.ജൂത വിരുദ്ധതയ്ക്കെതിരെ പോരാടുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച ഒപ്പുവച്ചു. ഹമാസ് അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്ത അമേരിക്കന്‍ പൗരന്മാരല്ലാത്ത കോളേജ് വിദ്യാര്‍ത്ഥികളെയും താമസക്കാരായ മറ്റ് വിദേശികളെയും നാടുകടത്തുമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.അമേരിക്കന്‍ ജൂതന്മാര്‍ക്കെതിരായ തീവ്രവാദ ഭീഷണികള്‍, തീവെപ്പ്, നശീകരണ പ്രവര്‍ത്തനങ്ങള്‍, അക്രമം എന്നിവക്കെതിരായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. കാമ്പസുകളിലും തെരുവുകളിലും ജൂതവിരുദ്ധത ചെറുക്കുന്നതിന് നീതിന്യായ വകുപ്പിന്റെ പെട്ടെന്നുള്ള നടപടി ഉണ്ടാകുമെന്നും ഉത്തരവിലുണ്ട്.ജിഹാദിസ്റ്റ് അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത എല്ലാ വിദേശികളോടെയും അറിയിക്കുന്നു എന്നാണ് ഉത്തരവില്‍ പറയുന്നത്. 2025 ല്‍ ഞങ്ങള്‍ നിങ്ങളെ കണ്ടെത്തുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.അതേസമയം അധികാരമേറ്റതിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച്ചക്കും ട്രംപ് ഒരുങ്ങുന്നു.
നെതന്യാഹുവിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ട്രംപ് ഭരണകൂടം ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഫെബ്രുവരി നാലിന് വൈറ്റ് ഹൗസില്‍ ചര്‍ച്ചക്കായാണ് ക്ഷണം.ട്രംപിന്റെ രണ്ടാമൂഴത്തില്‍ വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കപ്പെട്ട ആദ്യ വിദേശ രാഷ്ട്രത്തലവനാണ് നെതന്യാഹു.നെതന്യാഹുവുമായി അധികം വൈകാതെ സംസാരിക്കുമെന്ന് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാതെ നേരത്തെ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.ഗസ്സയില്‍ നിന്ന് പലസ്തീനികളെ ഒഴിപ്പിക്കാനുള്ള പദ്ധതിയുമായി ട്രംപ് രംഗത്തുവന്ന പശ്ചാത്തലത്തിലാണ് നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച. ഈജിപ്തും ജോര്‍ദാനും ഫലസ്തീന്‍ അഭയാര്‍ഥികളെ സ്വീകരിക്കണമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. എന്നാല്‍,പദ്ധതിയോട് സഹകരിക്കില്ലെന്ന് ജോര്‍ദാനും ഈജിപ്തും വ്യക്തമാക്കിയിരുന്നു.