യുദ്ധം അനിവാര്യം; 8 മിനിറ്റ് വീഡിയോ സന്ദേശവുമായി ട്രംപ്

ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ ശക്തമായ സ്‌ഫോടനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപവും ആക്രമണമുണ്ടായതായാണ് വിവരം

author-image
Biju
New Update
TRUMP VIDEO

വാഷിങ്ണ്‍: ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി വന്‍തോതിലുള്ള സൈനിക ആക്രമണം ആരംഭിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശത്തിലൂടെയാണ് ലോകത്തെ ഞെട്ടിച്ച ഈ സുപ്രധാന വിവരം അദ്ദേഹം പങ്കുവെച്ചത്. അമേരിക്കന്‍ ജനതയുടെ സുരക്ഷ ഉറപ്പാക്കാനും ഭീഷണികളെ പ്രതിരോധിക്കാനും ഈ സൈനിക നീക്കം അനിവാര്യമായിരുന്നുവെന്ന് ട്രംപ് ന്യായീകരിച്ചു. ഇസ്രയേലില്‍ നിന്നുള്ള വ്യോമസേനയുടെ സഹായത്തോടെയാണ് ഇറാനിലേക്ക് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയത്.

ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ ശക്തമായ സ്‌ഫോടനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപവും ആക്രമണമുണ്ടായതായാണ് വിവരം. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഖമനയിയെ രഹസ്യതാവളത്തിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഈ നീക്കത്തെ 'മുന്‍കരുതല്‍ ആക്രമണം' എന്ന് വിശേഷിപ്പിക്കുകയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. വ്യോമമേഖല പൂര്‍ണ്ണമായും അടച്ച ഇസ്രയേല്‍, ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അമേരിക്ക-ഇസ്രായേല്‍ സംയുക്ത ആക്രമണത്തിനെതിരെ കടുത്ത ഭാഷയിലാണ് ഇറാന്‍ പ്രതികരിച്ചത്. ആക്രമണങ്ങളില്‍ ഭയമില്ലെന്നും ഇതിനുള്ള തിരിച്ചടി അത്യന്തം കടുത്തതായിരിക്കുമെന്നും ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു. നിലവിലെ സംഭവങ്ങളുടെ അന്ത്യം ഇസ്രയേലിന്റെ കൈകളില്‍ ആയിരിക്കില്ലെന്നും വരാനിരിക്കുന്നത് വലിയ പ്രത്യാഘാതങ്ങളാണെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇരുഭാഗത്തുനിന്നും യുദ്ധസമാനമായ നീക്കങ്ങള്‍ തുടരുന്നത് പശ്ചിമേഷ്യയെ വലിയൊരു ആഗോള പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്.