/kalakaumudi/media/media_files/2025/09/02/bolten-2025-09-02-13-19-09.jpg)
വാഷിങ്ടണ്‍: ഇന്ത്യയും റഷ്യയും ചൈനയും ചേര്‍ന്ന് പുതിയ കൂട്ടായ്മ ഉണ്ടാക്കിയത് ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തിയിരിക്കുന്നത് അമേരിക്കയെയാണ്. അതിന്റെ അസ്വാരസ്യങ്ങള്‍ ഓരോന്നായി അമേരിക്കയുടെ വിവിധ കോണുകളില്‍ നിന്ന് പുറത്തുവരികയാണ്.
പുതിയ കൂട്ടായ്മ രൂപപ്പെട്ടതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. ഇന്ത്യയെ റഷ്യയില്‍നിന്ന് അകറ്റാനായി പതിറ്റാണ്ടുകളായി നടത്തിയ പരിശ്രമങ്ങളാണ് ട്രംപ് ഒറ്റയടിക്ക് ഇല്ലാതാക്കിയതെന്നാണ് ജോണ്‍ ബോള്‍ട്ടണ്‍ ആരോപിച്ചത്.
ശീതയുദ്ധകാലം മുതല്‍ ഇന്ത്യയും റഷ്യയുടെ മുന്‍ഗാമിയായ സോവിയറ്റ് യൂണിയനും തമ്മിലുള്ള ബന്ധം പൊളിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ പതിറ്റാണ്ടുകളായി പരിശ്രമിക്കുകയായിരുന്നു. ഇതിനൊപ്പം ചൈനീസ് ഭീഷണിയെപ്പറ്റി ഇന്ത്യയെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തി. പതിറ്റാണ്ടുകളായി നടത്തിയ ഈ ശ്രമങ്ങളെയെല്ലാം ട്രംപിന്റെ തീരുവനയങ്ങള്‍ നിഷ്ഫലമാക്കിയെന്ന് ജോണ്‍ ബോള്‍ട്ടണ്‍ വിമര്‍ശിച്ചു.
യുക്രൈന്‍- റഷ്യ യുദ്ധം അവസാനിപ്പിക്കുന്നത് യുക്രൈനിന്റെ പരമാധികാരവും അതിന്റെ അതിര്‍ത്തികളും നിലനിര്‍ത്തിക്കൊണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അല്ലാതെയുള്ള ഏതൊരു നീക്കവും അന്താരാഷ്ട്രതലത്തില്‍ തിരിച്ചടിയുണ്ടാക്കുമെന്ന് ജോണ്‍ ബോള്‍ട്ടണ്‍ മുന്നറിയിപ്പ് നല്‍കി.
ട്രംപിന് നയതന്ത്രത്തിനെപ്പറ്റി ഒന്നുമറിയില്ലെന്നും അതുകൊണ്ട് കിഴക്കനേഷ്യയില്‍ ചൈന സാഹചര്യങ്ങളെ അവര്‍ക്കനുകൂലമാക്കി മാറ്റിയെന്നും അദ്ദേഹം വിമര്‍ശിച്ചു. ഷാങ്ഹായ് ഉച്ചകോടിയില്‍ ഇന്ത്യ-ചൈന- റഷ്യ സൗഹൃദം ശക്തിപ്പെട്ടതിന്റെ ലക്ഷണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ജോണ്‍ ബോള്‍ട്ടണ്‍ ട്രംപിനെ കുറ്റപ്പെടുത്തി രംഗത്ത് വന്നത്.