/kalakaumudi/media/media_files/2025/04/03/rFDp3lbDkqf9QGGBxYD0.jpg)
വാഷിങ്ടണ്‍: വിദേശ രാജ്യങ്ങള്‍ക്ക് ഇറക്കുമതി തീരുവകള്‍ പ്രഖ്യാപിച്ച് പ്രസിഡന്റ് ട്രംപ്. ഇന്ത്യക്ക് കനത്ത തിരിച്ചടിയാകുന്നതാണ് ട്രംപിന്റെ തീരുമാനം. 26 ശതമാനം തീരുവയാണ് ഇന്ത്യക്ക് മേല്‍ ചുമത്തിയത്. അമേരിക്കയില്‍ എത്തുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും 10 ശതമാനം തീരുവ ചുമത്തി. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ നികുതി ചുമത്തി.
ഇന്ത്യന്‍ ഇറക്കുമതിക്ക് 26 ശതമാനം, ചൈനക്കെതിരെ 34 ശതമാനം, യൂറോപ്യന്‍ യൂണിയന്‍ 20 ശതമാനം, ജപ്പാന്‍ 24 ശതമാനം എന്നീ രാജ്യങ്ങള്‍ക്കാണ് കൂടുതല്‍ നികുതി ചുമത്തിയത്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അന്യായ ഇറക്കുമതിതീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്. വിമോചന ദിനമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ദിവസത്തിലാണ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്താണെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു.
അമേരിക്കയില്‍ നിര്‍മാണ മേഖല പുനരുജ്ജീവിപ്പിക്കാനും, വ്യാപാര കമ്മി കുറക്കാനും തീരുവ നടപടികള്‍ അനിവാര്യമാണെന്നും അമേരിക്ക സുവര്‍ണ കാലത്തേക്ക് മടങ്ങുന്നുവെന്നും ഇത് ചരിത്ര മുഹൂര്‍ത്തമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ വിമോചന ദിനമെന്നാണ് ട്രംപ് ഈ ദിവസത്തെ വിശേഷിപ്പിച്ചത്. യുഎസ് എന്ന വ്യവസായിക ശക്തിയുടെ പുനര്‍ജന്മമാകും ഇനി കാണുകയെന്നും യുഎസ് ഒരിക്കല്‍ കൂടി സമ്പന്നമാകുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യന്‍ പ്രധാനമന്ത്രി കുറച്ചു നാളുകള്‍ക്ക് മുമ്പ് എന്ന സന്ദര്‍ശിച്ചു. അദ്ദേഹം എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. എന്നാല്‍ 52 ശതമാനം തീരുവയാണ് അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്നത്. അതുകൊണ്ട് ഇന്ത്യക്ക് മേല്‍ 26 ശതമാനം തീരുവ ചുമത്തുന്നുവെന്ന് ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയില്‍നിന്നുള്ള അലുമിനിയം, സ്റ്റീല്‍, ഓട്ടമൊബീല്‍ ഇറക്കുമതിക്ക് ഇതിനകം യുഎസ് അധിക തീരുവ ചുമത്തിയിട്ടുണ്ട്.
അതേസമയം ന്യായ ഇറക്കുമതിതീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ തിരിച്ചടിത്തീരുവ പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിയില്‍ തകര്‍ന്നടിയുന്നത് അവരുടെ വിപണികളാണ്. അമേരിക്കന്‍ വിപണി ഇടിഞ്ഞു താഴുമ്പോള്‍ ലോക വിപണിയിലും അതിന്റെ പ്രതിഫലനമുണ്ട്. വിമോചന ദിനമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ദിവസത്തിലാണ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്.
എന്നാല്‍ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്കന്‍ വിപണി ഇടിയുന്ന കാഴ്ചയാണ് കാണുന്നത്. ഇത് എങ്ങനെ അമേരിക്കയെ ബാധിക്കുമെന്ന ചോദ്യത്തിന് രണ്ടു ദിവസത്തിനകം ഉത്തരം കിട്ടും. മറ്റ് രാജ്യങ്ങളുടെ 'അന്യായ' വ്യാപാരത്തെ നിയന്ത്രിക്കാന്‍ പരസ്പരചുങ്കം ഏര്‍പ്പെടുത്തുന്നത് സഹായിക്കുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാല്‍ ഈ നീക്കം ആഗോളതലത്തില്‍ വിലക്കയറ്റം രൂക്ഷമാക്കുമെന്നും വ്യാപാരയുദ്ധത്തിന് വഴിയൊരുക്കുമെന്നും സാമ്പത്തികവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് അമേരിക്കയേയും പ്രതികൂലമായി സ്വാധീനിക്കും.
ട്രംപ് ആവിഷ്‌കരിച്ച ചുങ്കപ്പട്ടികയുടെ ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. പരസ്പര നികുതി ഏര്‍പ്പെടുത്തുന്ന 'പ്രതികാര നടപടി' ഗണ്യമായ വ്യാപാര കമ്മിയുള്ള 10--15 രാജ്യങ്ങളില്‍ മാത്രമായി ചുരുക്കില്ലെന്നും എല്ലാ രാജ്യങ്ങള്‍ക്കുമെതിരെ ചുങ്കം ഏര്‍പ്പെടുത്തുമെന്നുമുള്ള പ്രഖ്യാപനത്തെ തുടര്‍ന്ന് ലോകമാകെ വിപണികള്‍ അനിശ്ചിതാവസ്ഥയിലായി. അവസാന നിമിഷംവരെ ഇതുസംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിടാതിരിക്കാന്‍ വൈറ്റ്ഹൗസ് ജാഗ്രത പുലര്‍ത്തി.
സൂചനകളൊന്നും ലഭ്യമാകാത്തതോടെ ഊഹാപോഹങ്ങള്‍ പരന്നു. ഓഹരിവിപണികളില്‍ അനിശ്ചിതാവസ്ഥ പ്രതിഫലിച്ചു. അമേരിക്കയുടെ സഖ്യരാജ്യങ്ങള്‍തന്നെ ചുങ്കപ്രഖ്യാപനത്തില്‍ കടുത്ത അമര്‍ഷത്തിലാണ്. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ വിപണിയേയും ബാധിക്കുന്ന സാഹചര്യത്തെ ഗൗരവത്തോടെയാണ് ലോക രാജ്യങ്ങള്‍ കാണുന്നത്.
50 ശതമാനം മുതല്‍ 10 ശതമാനം വരെ തിരിച്ചടിത്തീരുവയാണ് 185 ലോകരാജ്യങ്ങള്‍ക്ക് ട്രംപ് പ്രഖ്യാപിച്ചത്. തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചതിലൂടെ യുഎസ് വീണ്ടും ലോകത്തിലെ മികച്ച സാമ്പത്തിക ശക്തിയായി ഉയരുമെന്ന് ട്രംപ് അറിയിച്ചു. 50 ശതമാനം തിരിച്ചടിത്തീരുവ ചുമത്തപ്പെട്ട ലെസോതോ, സെന്റ് പിയറേ ആന്റ് മിക്വിലോണ്‍ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ മുന്‍പില്‍. ഏഷ്യന്‍ രാജ്യമായ കംബോഡിയയ്ക്ക് 49 ശതമാനമാണ് തിരിച്ചടിത്തീരുവ.
ലാവോസ്, മഡഗാസ്‌കര്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും തിരിച്ചടിത്തീരുവയില്‍ വലയും. ഇന്ത്യയ്ക്ക് 26 ശതമാനം തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചപ്പോള്‍ അയല്‍രാജ്യങ്ങളായ ചൈനയ്ക്ക് 34 ശതമാനവും പാക്കിസ്ഥാന് 29 ശതമാനവുമാണ് തിരിച്ചടിത്തീരുവ ട്രംപ് പ്രഖ്യാപിച്ചത്. ഭൂകമ്പത്തിന്റെ കെടുതിയില്‍ വലയുന്ന മ്യാന്‍മാറിന് 44 ശതമാനവും ആഭ്യന്തരയുദ്ധത്തില്‍ നിന്ന് കരകയറുന്ന ശ്രീലങ്കയ്ക്ക് 44 ശതമാനവും തിരിച്ചടിത്തീരുവ ട്രംപ് പ്രഖ്യാപിച്ചു. ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയ്ക്ക് 41 ശതമാനവും ഇറാഖിന് 39 ശതമാനവുമാണ് തിരിച്ചടിത്തീരുവ.
സുഹൃത്ത് രാഷ്ട്രമായ ഇസ്രയേലിന് 17 ശതമാനവും ജപ്പാന് 24 ശതമാനവും യുകെയ്ക്ക് 10 ശതമാനവും ആണ് തിരിച്ചടിത്തീരുവ. യുഎസിന് അന്യായ തീരുവ ചുമത്തുന്ന ഇന്ത്യ അടക്കം രാജ്യങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു. ഇന്ത്യയില്‍നിന്നുള്ള അലുമിനിയം, സ്റ്റീല്‍, ഓട്ടമൊബീല്‍ ഇറക്കുമതിക്ക് ഇതിനകം യുഎസ് അധിക തീരുവ ചുമത്തിയിട്ടുണ്ട്. തിരിച്ചടിത്തീരുവ പ്രാബല്യത്തിലാകുന്നതോടെ യുഎസില്‍ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കു വില കൂടുന്നതു കയറ്റുമതിയെ പ്രതികൂലമായി ബാധിക്കും. സമുദ്രോല്‍പന്നവസ്ത്ര കയറ്റുമതി രംഗങ്ങളില്‍ ഇത് വലിയ പ്രതിഫലനം ഉണ്ടാക്കും.
യുഎസ് വ്യവസായിക ശക്തിയുടെ പുനര്‍ജന്മമാകും പുതിയ തീരുവ പ്രഖ്യാപനമെന്നും യുഎസ് ഒരിക്കല്‍ കൂടി സമ്പന്നമാകുമെന്നും ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ''വിദേശികള്‍ നമ്മുടെ സ്വപ്നങ്ങള്‍ നശിപ്പിച്ചു. ജോലി അവസരങ്ങള്‍ തട്ടിയെടുത്തു. ഇനി അത് അനുവദിച്ച് കൊടുക്കില്ല. നമ്മളോട് ചെയ്യുന്നത് പോലെ തിരിച്ചുചെയ്യും. തിരിച്ചടിത്തീരുവ ആ രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തും. യുഎസിനെ മഹത്തരമാക്കും. ജോലി അവസരങ്ങള്‍ തിരിച്ചുവരും. വിദേശ വ്യാപാര പ്രതിബന്ധങ്ങള്‍ മറികടക്കും. യുഎസിന്റെ സുവര്‍ണനാളുകള്‍ തിരിച്ചുവരും.'' ട്രംപ് പ്രഖ്യാപിച്ചു.
''ചൈന 67 ശതമാനമാണ് യുഎസിനെതിരെ ഇറക്കുമതിതീരുവ ചുമത്തുന്നത്. എന്നാല്‍ 34 ശതമാനം എന്ന കുറഞ്ഞ തിരിച്ചടിത്തീരുവ മാത്രമാണ് യുഎസ് ചൈനയ്ക്കു മേല്‍ ചുമത്തുക. യൂറോപ്യന്‍ യൂണിയനുമായി വളരെ സൗഹൃദമുണ്ട്. അതുകൊണ്ട് തന്നെ 20 ശതമാനം തിരിച്ചടിത്തീരുവ മാത്രം പ്രഖ്യാപിക്കുന്നു. വിയറ്റ്നാമികളെ എനിക്ക് ഇഷ്ടമാണ്. 46 ശതമാനം തിരിച്ചടിത്തീരുവയാണ് വിയറ്റ്നാമിനെതിരെ പ്രഖ്യാപിക്കുന്നത്. ജപ്പാന്‍കാരെ ഞാന്‍ കുറ്റം പറയില്ല. അവര്‍ക്കും 24 ശതമാനം പ്രഖ്യാപിക്കുന്നു.
ഇന്ത്യ, അവിടത്തെ പ്രധാനമന്ത്രി കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് എന്നെ സന്ദര്‍ശിച്ചത്. അദ്ദേഹം എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. എന്നാല്‍ 52 ശതമാനം തീരുവയാണ് യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്നത്. പക്ഷേ അവര്‍ക്ക് 26 ശതമാനം എന്ന ഡിസ്‌കൗണ്ട് തീരുവ പ്രഖ്യാപിക്കുന്നു.'' ട്രംപ് പറഞ്ഞു. യുഎസിലേക്കുള്ള എല്ലാ ഇറക്കുമതിക്കും കുറഞ്ഞത് 10 ശതമാനം തീരുവയും ഏര്‍പ്പെടുത്തി.
യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഈടാക്കി ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ദ്രോഹിക്കുകയാണ് എന്നാരോപിച്ചാണ് ട്രംപ് പകരം തീരുവയ്ക്കുള്ള നടപടികള്‍ തുടങ്ങിയത്. ഏപ്രില്‍ രണ്ടിനകം ഇറക്കുമതി തീരുവ പിന്‍വലിച്ചില്ലെങ്കില്‍ പകരം തീരുവ പ്രാബല്യത്തില്‍ വരുമെന്നാണ് പറഞ്ഞിരുന്നത്.