ഇറാനുമേൽ ഭീഷണി മുഴക്കി ട്രംപ്, ആണവ കരാറിൽ ചർച്ചയ്ക്ക് ഒരുങ്ങി അമേരിക്ക

ആണവകരാറില്‍ ഒപ്പിടാന്‍ ഇറാന്‍ വിമുഖത തുടര്‍ന്നാല്‍ ബോംബിട്ട് തകര്‍ത്തുകളയുമെന്ന ഭീഷണിക്ക് പിന്നാലെയാണ് പുതിയ ഭീഷണിയുമായി അമേരിക്ക രംഗത്തെത്തിയത്.

author-image
Anitha
New Update
jskfhijwer

വാഷിങ്‌ടണ്‍: ആണവ കരാറുമായി ബന്ധപ്പെട്ട് ഇറാനുമായി നേരിട്ട് ചർച്ച നടത്താൻ അമേരിക്ക തയ്യാറെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ആണവായുധ പദ്ധതി ഉപേക്ഷിക്കാൻ അവരെ പ്രേരിപ്പിക്കുമെന്നും, എന്നാല്‍ ചർച്ചകൾ വിജയിച്ചില്ലെങ്കിൽ അവർ "വലിയ അപകടത്തിലാകുമെന്നും" ഇറാനിയൻ ജനതയ്ക്ക് ട്രംപ് മുന്നറിയിപ്പ് നൽകി. ആണവകരാറില്‍ ഒപ്പിടാന്‍ ഇറാന്‍ വിമുഖത തുടര്‍ന്നാല്‍ ബോംബിട്ട് തകര്‍ത്തുകളയുമെന്ന ഭീഷണിക്ക് പിന്നാലെയാണ് പുതിയ ഭീഷണിയുമായി അമേരിക്ക രംഗത്തെത്തിയത്.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഇറാനുമായി ചർച്ചകൾ ശനിയാഴ്‌ച ആരംഭിക്കുമെന്നും ടെഹ്‌റാന് ആണവായുധങ്ങൾ ഇനി ലഭിക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. "ഞങ്ങൾ അവരുമായി നേരിട്ട് ഇടപെടുകയാണ്, ഒരു കരാർ ഉണ്ടാക്കാൻ പോകുകയാണ്," ട്രംപ് പറഞ്ഞു.

ഇറാനുമായി ധാരണയിലെത്താൻ ചര്‍ച്ചയിലൂടെ കഴിഞ്ഞില്ലെങ്കിൽ ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന്, "ഇറാൻ വലിയ അപകടത്തിലാകാൻ പോകുന്നു" എന്നായിരുന്നു ട്രംപിന്‍റെ മറുപടി. അമേരിക്കയുടെ ആണവ പദ്ധതിയെക്കുറിച്ച് നേരിട്ട് ചർച്ചകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ട്രംപ് അടുത്തിടെ ഇറാന്‍റെ പരമോന്നത ആയത്തുള്ള അലി ഖമേനിക്ക് കത്ത് അയച്ചിരുന്നു. എന്നാൽ ഇറാൻ ട്രംപിന്‍റെ അഭ്യർഥന നിരസിച്ചു.

ആണവകരാറില്‍ ഒപ്പിടാന്‍ ഇറാന്‍ തയ്യാറായില്ലെങ്കില്‍ ബോംബിട്ട് തകര്‍ക്കുമെന്ന ട്രംപിന്‍റെ ഭീഷണിക്ക് പിന്നാലെ ഇറാൻ മിസൈല്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. കഴിഞ്ഞയാഴ്‌ചയായിരുന്നു അമേരിക്കയുടെ ഭീഷണി. എന്നാല്‍ ഭീഷണിക്ക് വഴങ്ങില്ലെന്നും കനത്ത തിരിച്ചടി നല്‍കുമെന്നും ഇറാനും മുന്നറിയിപ്പ് നല്‍കി.

ലോകമെമ്പാടുമുള്ള അമേരിക്കയുടെ സ്ഥാപനങ്ങള്‍ തരിപ്പണമാക്കാനുള്ള മിസൈലുകള്‍ ഇറാന്‍ സജ്ജമാക്കിയിട്ടുണ്ട് എന്നായിരുന്നു ഇറാൻ ഭരണകൂടം വ്യക്തമാക്കിയത്. "വിക്ഷേപിക്കാന്‍ തയ്യാറായ ഈ മിസൈലുകളില്‍ ഗണ്യമായ എണ്ണം രാജ്യത്തുടനീളം സജ്ജീകരിച്ചിട്ടുള്ള ഭൂഗര്‍ഭ അറകളില്‍ ഭദ്രമാണ്. അവ വ്യോമാക്രമണങ്ങളെ ചെറുക്കാന്‍ രൂപകല്‍പ്പന ചെയ്‌തിട്ടുള്ളവയാണ" എന്ന് ഇറാന്‍ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ടെഹ്റാന്‍ ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

ആണവകരാറുമായി ബന്ധപ്പെട്ട് നിരന്തരം ചര്‍ച്ചകള്‍ നടക്കുന്നുവെന്നല്ലാതെ തീരുമാനമെടുക്കാന്‍ ഇറാന്‍ വൈകുന്നതില്‍ പ്രകോപിതനായിട്ടാണ് ഇറാനുനേരെ ട്രംപ് നേരത്ത് ബോംബ് ഭീഷണി മുഴക്കിയത്. അവര്‍ കരാറുണ്ടാക്കുന്നില്ലെങ്കില്‍ അവിടെ ബോംബ് വര്‍ഷിക്കപ്പെടും എന്നായിരുന്നു ട്രംപിന്‍റെ ഭീഷണി. അവര്‍ ഇന്നേവരെ കാണാത്ത തരത്തില്‍ ബോംബുകള്‍ പതിച്ചുകൊണ്ടേയിരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ആയുധം ഉപയോഗിച്ചുള്ള ആക്രമണ ഭീഷണിക്കുപുറമേ നികുതി, ചരക്കുനിരോധനം തുടങ്ങി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഇറാന്‍ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

benjamin nethanyahu iran donald trump