യൂ എസ്: ട്രംപ് പ്രഖ്യാപിച്ച ചില നിയമങ്ങളെയും, ആവശ്യങ്ങളെയും അവഗണിച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയ്ക്കു മേല്‍ കനത്ത നടപടിക്കൊരുങ്ങി യൂ എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇനിയും ട്രംപ് പറയുന്ന കാര്യങ്ങള്‍ക്ക് അനുകൂലമായ നടപടികള്‍ സര്‍വ്വകലാശാലയുടെ പക്കല്‍ നിന്ന് ഉണ്ടായില്ലെങ്കില്‍ ആദ്യ പടിയായി ഇപ്പോള്‍ സര്‍വ്വകലാശാലയ്ക്കുള്ള നികുതി ഇളവുകള്‍ വെട്ടിച്ചുരുക്കുമെന്ന് പറയുന്നു. ഇതിനു പുറമെ ഇതിനെ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി കണ്ട് പുതിയ നികുതികള്‍ ചുമത്തുമെന്നും കൂട്ടിച്ചേര്‍ത്തു.
ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല പ്രസിഡന്റ് അലന്‍ ഗാര്‍ബെര്‍, വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കുമുള്ള കത്തില്‍ ഗവണ്‍മെന്റുമായി സഹകരിക്കില്ലെന്നും, അവരുടെ പ്രവര്‍ത്തികളെ ഏതു വിധേനെയും ചെറുത്തു നില്‍ക്കുമെന്നും, സ്ഥാപനം എന്നും പഴയതു പോലെ സ്വതന്ത്രമായി തന്നെ പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു.
കഴിഞ്ഞയാഴ്ച്ചയാണ് ട്രംപ് സര്‍വ്വകലാശാലയിലേക്ക് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്ത് അയച്ചത്. മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനങ്ങളും നിയമന രീതികളും സ്വീകരിക്കുക, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഭരണവിഭാഗം എന്നിവരുടെ ഓഡിറ്റ് നടത്തുക, ക്യാംപസില്‍ മാസ്‌കുകള്‍ നിരോധിക്കുക, ക്യാംപസിലെ വിദേശ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കൈമാറുന്നതില്‍ ഇമിഗ്രേഷന്‍ അധികാരികളുമായി സഹകരിക്കുക എന്നിവയായിരുന്നു ഉള്ളടക്കം.
എന്നാല്‍ സര്‍വ്വകലാശാല ഇത് അംഗീകരിക്കാഞ്ഞതിനാല്‍ ട്രംപ് കഴിഞ്ഞ ദിവസം 220 കോടിയുടെ ഗ്രാന്റുകള്‍ മരവിപ്പിച്ചിരുന്നു.