ചൈനീസ് കുതിപ്പിന് മൂക്കുകയറിടാന്‍ ട്രംപ്

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് എത്തിയപ്പോള്‍ പല മാറ്റങ്ങളും ലോകരാഷ്ട്രങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ ഇത്ര വേഗത്തില്‍ ലോകക്രമത്തില്‍ മാറ്റമുണ്ടാകുമെന്ന് ആരും കരുതിയിരിക്കില്ല

author-image
Rajesh T L
New Update
china

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് എത്തിയപ്പോള്‍ പല മാറ്റങ്ങളും ലോകരാഷ്ട്രങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണ്.എന്നാല്‍ ഇത്ര വേഗത്തില്‍ ലോകക്രമത്തില്‍ മാറ്റമുണ്ടാകുമെന്ന് ആരും കരുതിയിരിക്കില്ല.ട്രംപിന്റെ പുതിയ നയപ്രകാരം ചൈനയെയാണ് മുഖ്യ എതിരാളിയായി കാണുന്നത്.ചൈന തങ്ങളെക്കാള്‍ വളര്‍ന്ന് അമേരിക്കയെ കീഴ്‌പ്പെടുത്തുമോ എന്ന ഭയമാണ് ചൈനക്കെതിരെ ശബ്ദമുയര്‍ത്താന്‍ ട്രംപിനെ പ്രേരിപ്പിച്ചത്.ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം തീരുവ ചുമത്തുമെന്നും ഇത് ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നുമാണ് ട്രംപ് പറഞ്ഞിട്ടുള്ളത്.ചൈനയുമായി നല്ല ബന്ധം സ്ഥാപിക്കുമെന്നൊക്കെ ട്രംപ് ഇടയ്ക്കിടക്ക് പറയുന്നുണ്ടെങ്കിലും ചൈനയ്ക്കെതിരെ താരിഫ് ചുമത്താനാണ് ട്രംപിന്റെ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം,അമേരിക്കയുമായി ഒരു വ്യാപാരയുദ്ധത്തില്‍ പങ്കാളിയാകാനില്ലെന്ന് ചൈന മുന്നറിയിപ്പ് നല്‍കുകയും തങ്ങളുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകളായ ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരം വിശാലമാണ്. 2024 ലെ ആദ്യ പതിനൊന്ന് മാസങ്ങളില്‍ മൊത്തം 530 ബില്യണ്‍ ഡോളറിലധികം ലാഭമാണ് വ്യാപാരത്തിലൂടെ മാത്രം ചൈനയ്ക്ക് ലഭിച്ചത്. അതേ കാലയളവില്‍, അമേരിക്കയിലേക്കുള്ള ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന 400 ബില്യണ്‍ ഡോളറിലധികമാണ് കടന്നത്.

പീറ്റേഴ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സിന്റെ കണക്കനുസരിച്ച്,ഇലക്ട്രോണിക്‌സ്,ഇലക്ട്രിക്കല്‍ മെഷിനറികള്‍, തുണിത്തരങ്ങള്‍ എന്നിവയുടെ പ്രധാന വിതരണക്കാരാണ് ചൈന. ചൈനയുടെ വ്യവസായത്തിന് വിപുലമായ ഭരണകൂട പിന്തുണയുണ്ട്.ആഭ്യന്തര ഉപഭോഗം ഉയര്‍ത്താനുള്ള ഔദ്യോഗിക ശ്രമങ്ങള്‍ക്കിടയിലും വളര്‍ച്ചയെ നയിക്കാന്‍ ചൈന കയറ്റുമതിയെയാണ് വളരെയധികം ആശ്രയിക്കുന്നത്.അതുകൊണ്ടുതന്നെ അമേരിക്കയാണ് ചൈനയുടെ പ്രധാന വ്യാപാര പങ്കാളിയും.ചൈനയുടെ വാണിജ്യമേഖലയിലുണ്ടാകുന്ന ഈ വളര്‍ച്ചയില്‍ ട്രംപിനുണ്ടാകുന്ന അസ്വസ്ഥത ചില്ലറയൊന്നുമല്ല. തങ്ങളെ കടത്തി വെട്ടി ആധിപത്യം സ്ഥാപിക്കാന്‍ ചൈന തയ്യാറെടുക്കുന്നുണ്ടോ എന്ന ഭയമാണ് നിലവില്‍ അമേരിക്കയെ ചൈനക്കെതിരെ തിരിച്ചത്.പക്ഷെ അതൊന്നും ചൈന കാര്യമായി എടുക്കുന്നില്ല.

അമേരിക്കയുടെ ഭീഷണികളൊന്നും തന്നെ ചൈനയുടെ വ്യാപാര മേഖലയെ തെല്ലും അനക്കിയിട്ടില്ലെന്ന് മാത്രമല്ല ചൈനയുടെ മൊത്തത്തിലുള്ള കയറ്റുമതിയും കുതിച്ചുയരുകയാണുണ്ടായത്.ഇതിനു മുമ്പും അമേരിക്ക ചൈനക്കെതിരെ നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. 2016-ല്‍ വൈറ്റ് ഹൗസിലേക്കുള്ള ട്രംപിന്റെ വരവോടെ ചൈനയുമായി തുല്യത നേടുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു.

 അമേരിക്ക നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഗണ്യമായ താരിഫ് ചുമത്തി. എന്നാല്‍ ചൈന അമേരിക്കയുടെ മുന്നില്‍ മുട്ടുമടക്കിയില്ല. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേകിച്ച് അമേരിക്കന്‍ കര്‍ഷകരെ ബാധിക്കുന്ന അല്ലെങ്കില്‍ അവരുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്ക് താരിഫ് ചുമത്തി ചൈനയും അതേ ട്രാക്കില്‍ തിരിച്ചടിച്ചു.ഒന്നും കാര്യമായി ഏല്‍ക്കാതായതോടെ അമേരിക്ക ചുവടുമാറ്റി. ചൈനീസ് കമ്പനികളെ വളരെയധികം അനുകൂലിക്കുന്ന ബിസിനസ്സ് തന്ത്രം അമേരിക്ക പുറത്തെടുത്തു. ഇതിനെ ചുറ്റി പറ്റി ഇരു രാജ്യങ്ങളും തമ്മില്‍ എതിര്‍പ്പുകളും തര്‍ക്കങ്ങളുമൊക്കെയുണ്ടായി. ഇതൊഴിവാക്കാനായി ചൈനയും അമേരിക്കയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

ഇതിന്റെ ഭാഗമായി ഏകദേശം രണ്ട് വര്‍ഷം നീണ്ടുനിന്ന വ്യാപാര യുദ്ധത്തിന് ചെറിയൊരു ഇടവേളയുണ്ടായി. അതുപ്രകാരം,32 ബില്യണ്‍ ഡോളറിന്റെ ഫാം ഉല്‍പന്നങ്ങളും സമുദ്രവിഭവങ്ങളും ഉള്‍പ്പെടെ 200 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ചൈന സമ്മതിച്ചു.എന്നാല്‍ കോവിഡിന്റെ വരവും അമേരിക്കയിലെ സാമ്പത്തിക മാന്ദ്യത്തിന്റെയും പശ്ചാത്തലത്തില്‍ ഈ കരാര്‍ നടപ്പിലായില്ല.എന്നാല്‍ ട്രംപിന് ശേഷം വന്ന ജോ ബൈഡന്‍ തന്റെ മുന്‍ഗാമി ചുമത്തിയ വര്‍ദ്ധനവ് പിന്‍വലിച്ചില്ലെന്ന് മാത്രമല്ല ചൈനയിലേക്കുള്ള അത്യാധുനിക ചിപ്പുകളുടെ കയറ്റുമതി തടയുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

ഇതുവഴി ചൈനയുടെ സൈനികപരമായ വളര്‍ച്ചയെ തടയുക എന്നതായിരുന്നു അമേരിക്കയുടെ ലക്ഷ്യം. മാത്രമല്ല ചൈനയില്‍ നിന്ന് വില കുറവുള്ള ഗ്രീന്‍ എനര്‍ജി, കാറുകള്‍, ബാറ്ററികള്‍ എന്നിവ ആഗോള വിപണികളില്‍ ഇടം നേടുമെന്നും അമേരിക്ക നന്നെ ഭയപ്പെട്ടു.ട്രംപിന്റെ രണ്ടാം വരവോടെ ഈ താരിഫുകള്‍ നിലനിര്‍ത്തുമോ,അതോ വീണ്ടും കൂടുതല്‍ താരീഫുകള്‍ കൊണ്ടുവരുമോ എന്നതൊക്കെ നിലവിലെ ചര്‍ച്ചാ വിഷയമാണെങ്കിലും ചൈന ഇതിലൊന്നും ശ്രദ്ധിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെതാണ് സത്യം.വ്യാപാര പങ്കാളിത്തം വൈവിധ്യവല്‍ക്കരിച്ചും ആഭ്യന്തര നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇരട്ടിയാക്കിയും ചൈന ഇതിനകം തങ്ങളുടെ പ്രതിരോധശേഷി പ്രകടിപ്പിച്ചിട്ടുണ്ട്. ചൈന വികസിപ്പിച്ച ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് ചൈനയുടെ കയറ്റുമതി മത്സരക്ഷമത നിലനിര്‍ത്താനായി ഗ്രീന്‍ എനര്‍ജി,ടെക്‌നോളജി തുടങ്ങിയ നൂതന മേഖലകളില്‍ വന്‍തോതിലുള്ള നിക്ഷേപത്തിന് വഴിവെച്ചു. ചൈന നിര്‍മിക്കുന്ന ഹൈവേകള്‍,തുറമുഖങ്ങള്‍,റെയില്‍പാതകള്‍ എന്നിവയുടെ ശൃംഖലയാണ് ഈ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ്.

ഏഷ്യയെ ആഫ്രിക്ക,യൂറോപ്പ്,ലാറ്റിനമേരിക്ക എന്നിവയുമായി മികച്ച രീതിയില്‍ ബന്ധിപ്പിക്കുന്നതിനാണ് ഈ പദ്ധതി.കഴിഞ്ഞ കാലയളവിലൊക്കെ തന്നെ ചൈനയ്ക്ക് കാര്യമായ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായതായി രാജ്യത്തിന്റെ സ്ഥിതിവിവരക്കണക്ക് ബ്യൂറോ മേധാവി പറഞ്ഞു.മുന്‍കാലങ്ങളില്‍ ചൈനയ്ക്ക് അതിന്റെ വളര്‍ച്ചാ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. വായ്പാ ചെലവ് കുറയുന്നതും കയറ്റുമതി ഉയരുന്നതും വഴി ചൈനയ്ക്ക് 4.9% വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്ന് ലോകബാങ്കും പറയുകയുണ്ടായി.ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ തുറമുഖങ്ങളിലൊന്നാണ് ചൈനയിലെ ഷെന്‍ഷെനിലെ യാന്റിയന്‍ തുറമുഖം.അമേരിക്കയിലേക്കുള്ള ചൈനയുടെ കയറ്റുമതിയുടെ നാലിലൊന്ന് ഭാഗവും ഇവിടെനിന്നാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ താരീഫ് ഉയര്‍ത്തിയാല്‍ അത് ചൈനീസ് ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്ന അമേരിക്കക്കാരെ പ്രത്യേകിച്ച് വിതരണക്കാരെ ബാധിക്കുമെന്നുറപ്പാണ്.

china donald trump trump us increase tariff tariff