വാഷിങ്ടണ്‍: അധികാരത്തിലേറുന്ന ആദ്യ ദിനം തന്നെ ട്രാന്‍സ്‌ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണും പെണ്ണും എന്ന രണ്ട് ജെന്‍ഡറുകള്‍ മാത്രമേ ഇനി യുഎസില്‍ ഉണ്ടാവുകയുള്ളൂവെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്നുമാണ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. ഫിനിക്‌സില്‍ നടന്ന ചടങ്ങില്‍ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീയും പുരുഷനുമെന്ന രണ്ട് ജെന്‍ഡര്‍ മാത്രമെന്നത് അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക നയമാക്കുമെന്നും ട്രംപ് വ്യക്തമാക്കി.
അധികാരത്തിൽ എത്തുമ്പോൾ കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാനും, ട്രാന്‍സ് ജെന്‍ഡറുകളെ സൈന്യം, സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പുറത്താക്കുന്നതിനുള്ള ഉത്തരവുകളില്‍ ഒപ്പിടും. സ്ത്രീകളുടെ കായിക ഇനങ്ങളില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡറുകളെ പുറത്താക്കും. കുട്ടികളുടെ ചേലാകര്‍മം അവസാനിപ്പിക്കാനുള്ള ഉത്തരവില്‍ ഒപ്പിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുടിയേറ്റ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുമെന്നും മയക്കുമരുന്ന് സംഘങ്ങളെ വിദേശ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുമെന്നും പാനമ കനാലിലെ യുഎസ് നിയന്ത്രണം പുനഃസ്ഥാപിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. യുക്രൈയിനിലെ യുദ്ധം അവസാനിപ്പിക്കുമെന്നും മൂന്നാം ലോകമഹായുദ്ധം തടയുമെന്നും ട്രംപ് പ്രസംഗത്തില്‍ വ്യക്തമാക്കി.
ട്രംപിന്റെ പുതിയ തീരുമാനം യുഎസ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. പ്രസംഗത്തില്‍ ട്രംപ് വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ചും വ്യക്തമാക്കിയിരുന്നു.ഈ വിഷയത്തിൽ ഡെമോക്രാറ്റിക് നിയന്ത്രിത സംസ്ഥാനങ്ങളും റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളും തീർത്തും ഇരു ധ്രുവങ്ങളിലുള്ള നിലപാടാണ് എടുത്തിരിക്കുന്നത്.