/kalakaumudi/media/media_files/2026/01/21/dego-2026-01-21-08-05-05.jpg)
വാഷിങ്ടണ്‍: ഗ്രീന്‍ലാന്‍ഡ് വാങ്ങാനുള്ള നീക്കങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാന ദ്വീപായ ഡീഗോ ഗാര്‍ഷ്യയുടെ കാര്യത്തിലും നിലപാട് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡീഗോ ഗാര്‍ഷ്യ ഉള്‍പ്പെടുന്ന ചാഗോസ് ദ്വീപസമൂഹത്തിന്റെ പരമാധികാരം മൗറീഷ്യസിന് കൈമാറാനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനത്തെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. ബ്രിട്ടന്റെ ഈ നീക്കം അങ്ങേയറ്റത്തെ വിഡ്ഢിത്തവും പൂര്‍ണ്ണമായ ബലഹീനതയുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് തന്റെ പ്രതികരണം അറിയിച്ചത്. നിര്‍ണ്ണായകമായ ഒരു യുഎസ് സൈനിക താവളം സ്ഥിതി ചെയ്യുന്ന ഡീഗോ ഗാര്‍ഷ്യ ദ്വീപ് ഒരു കാരണവുമില്ലാതെ മൗറീഷ്യസിന് വിട്ടുകൊടുക്കാന്‍ ബ്രിട്ടന്‍ പദ്ധതിയിടുന്നത് ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ചൈനയും റഷ്യയും ബ്രിട്ടന്റെ ഈ ബലഹീനത ശ്രദ്ധിക്കുന്നുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ സുരക്ഷാപരമായ കാരണങ്ങളാലാണ് താന്‍ ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ രംഗത്തെത്തി. ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു കരാറില്‍ ഏര്‍പ്പെട്ടതെന്ന് ബ്രിട്ടീഷ് വക്താവ് അറിയിച്ചു. അന്താരാഷ്ട്ര കോടതി വിധികള്‍ ഡീഗോ ഗാര്‍ഷ്യയിലെ സൈനിക താവളത്തിന്റെ പ്രവര്‍ത്തനത്തിന് ഭാവിയില്‍ തടസ്സമാകാതിരിക്കാനാണ് ഈ നടപടിയെന്നും ലണ്ടന്‍ വ്യക്തമാക്കി.
ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കിടയിലാണ് ഡീഗോ ഗാര്‍ഷ്യയെ ചൊല്ലിയുള്ള ട്രംപിന്റെ പുതിയ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. തന്ത്രപ്രധാനമായ ഭൂപ്രദേശങ്ങള്‍ കൈവിട്ടുപോകുന്നത് ആഗോള സുരക്ഷയെ ബാധിക്കുമെന്നാണ് ട്രംപിന്റെ വാദം.
കഴിഞ്ഞ വര്‍ഷമാണ് ചാഗോസ് ദ്വീപസമൂഹത്തിന്റെ പരമാധികാരം മൗറീഷ്യസിന് കൈമാറാന്‍ ബ്രിട്ടന്‍ തീരുമാനിച്ചത്. എന്നാല്‍ കരാര്‍ പ്രകാരം ഡീഗോ ഗാര്‍ഷ്യയിലെ സൈനിക താവളത്തിന്റെ നിയന്ത്രണം 99 വര്‍ഷത്തേക്ക് ബ്രിട്ടന്‍ തന്നെ നിലനിര്‍ത്തും. അമേരിക്കയും ബ്രിട്ടനും സംയുക്തമായാണ് ഈ താവളം പ്രവര്‍ത്തിപ്പിക്കുന്നത്. വിയറ്റ്‌നാം, അഫ്ഗാനിസ്ഥാന്‍, ഇറാഖ് യുദ്ധസമയങ്ങളില്‍ അമേരിക്കന്‍ സൈനിക നീക്കങ്ങള്‍ക്ക് ഈ താവളം നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
