രണ്ടാം ലോകമഹായുദ്ധത്തെ അനുസ്മരിപ്പിക്കുന്ന ഏറ്റവും വിനാശകരമായ യുദ്ധത്തിനാണ് യൂറോപ്പ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. കടുത്ത മാനുഷിക പ്രതിസന്ധി, സാമ്പത്തിക വെല്ലുവിളികള്‍, ഭൗമരാഷ്ട്രീയ പിരിമുറുക്കം എന്നിവയ്ക്ക് കാരണമായ റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് പകരം ആളിക്കത്തിക്കാനായിരുന്നു യുക്രെയ്ന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കി അമേരിക്കയും സഖ്യ കക്ഷികളും തുടക്കം മുതൽ ശ്രമിച്ചിരുന്നതും.
യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ ഇരു ഭാഗത്തും അതിന്റേതായ അലയൊലികള്‍ അവശേഷിപ്പിച്ചിട്ടുണ്ട്.എന്നാല്‍ യുദ്ധത്തിനിടയില്‍ അമേരിക്ക റഷ്യയുടെ സമ്പദ് വ്യവസ്ഥയെ കാര്യമായി തന്നെ നോട്ടമിട്ടിരുന്നു.റഷ്യയുടെ സാമ്പത്തിക ശക്തിയെ ക്ഷയിപ്പിക്കുന്നതിനായി നിരവധി ഉപരോധങ്ങളാണ് അമേരിക്കയും കൂട്ടരും രാജ്യത്തിന് മേല്‍ ഏര്‍പ്പെടുത്തിയത്.എന്നാല്‍ അതൊന്നും റഷ്യയെ തെല്ലും ഭയപ്പെടുത്തിയില്ല.
ആഗോള വെല്ലുവിളികള്‍ക്കിടയിലും 2025 ല്‍ റഷ്യന്‍ സമ്പദ് വ്യവസ്ഥ സാമ്പത്തികമായി മുന്നേറ്റം നടത്തുമെന്ന അന്താരാഷ്ട്ര നാണയ നിധിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ശത്രു പക്ഷത്തിന് ഇത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ വര്‍ഷം രാജ്യത്തിന്റെ ജിഡിപി 1.4ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഏറ്റവും പുതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ശക്തമായ സാമ്പത്തിക വികസനമാണ് ഉണ്ടായതെന്ന വിവരമാണ് ലഭിച്ചതെന്ന് ഐഎംഎഫ് സാമ്പത്തിക വിദഗ്ധന്‍ പിയറി-ഒലിവിയര്‍ ഗൗറിഞ്ചാസ് പറഞ്ഞു.
ശക്തമായ ആഭ്യന്തര ഉപഭോഗവും വേതനത്തിലെ ദ്രുതഗതിയിലുള്ള വളര്‍ച്ചയും' കാരണം റഷ്യന്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് ഐഎംഎഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജൂലി കൊസാക്കും ചൂണ്ടിക്കാണിച്ചു. ''ശക്തമായ കോര്‍പ്പറേറ്റ് നിക്ഷേപം'' രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതായി സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. റഷ്യയുടെ ശക്തമായ ഊര്‍ജ കയറ്റുമതിയും ആഭ്യന്തര സാമ്പത്തിക നടപടികളും സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്ന ഘടകങ്ങളായി ഐഎംഎഫ് ഇതിനു മുമ്പും ചൂണ്ടിക്കാട്ടിയിരുന്നു. ലോകബാങ്കിന്റെ ഗ്ലോബല്‍ ഇക്കണോമിക് പ്രോസ്പെക്ട്സ് പ്രകാരം റഷ്യയുടെ ജിഡിപി 2025ല്‍ 1.6 ശതമാനവും 2026ല്‍ 1.1 ശതമാനവും വര്‍ദ്ധിക്കും.
അതേസമയം,യുക്രെയ്ന്റെ സ്ഥിതി നാള്‍ക്കുനാള്‍ കൂടുതല്‍ പരിതാപകരമായാണ് തുടരുന്നത്. ബൈഡന്‍ പോയി ട്രംപ് വന്നതോടെ ഇനി അമേരിക്കയും യുക്രെയ്ന്‍ നേതാവിനെ കൂടെ നിര്‍ത്താനുള്ള സാധ്യത വിദൂരത്താണ് എന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയിട്ടുമുണ്ട്. എല്ലാ പ്രതീക്ഷയും അസ്ഥാനത്തായ യുക്രെയ്ന്‍ ഭരണാധികാരി വ്‌ലാഡിമിര്‍ സെലന്‍സ്‌കി ഇപ്പോള്‍ ഡോണള്‍ഡ് ട്രംപ് മുഖാന്തരമുള്ള സമാധാന ചര്‍ച്ചകള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്.
എന്നാല്‍ യുദ്ധത്തിന്റെ ആരംഭത്തിലെ യുക്രെയ്‌ന് കുബുദ്ധി ഉപദേശിച്ച് കൊടുത്ത അമേരിക്കയുടെ നീക്കങ്ങള്‍ പലതും പിന്നീട് പുറത്ത് വന്നിരുന്നു. 2022 ല്‍ സമാധാന ചര്‍ച്ചകള്‍ തുടരുന്നതിനുപകരം റഷ്യയ്‌ക്കെതിരായ സൈനിക ശ്രമങ്ങള്‍ തുടരണമെന്ന് സ്ഥാനമൊഴിയുന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ യുക്രെയ്നിനോട് ആവശ്യപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. 2022-ന്റെ അവസാനത്തില്‍, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ മാര്‍ക്ക് മില്ലി യുക്രെയ്ന്‍-റഷ്യ സമാധാന ചര്‍ച്ചകള്‍ക്കായി നിര്‍ദ്ദേശം നല്‍കിയെങ്കിലും യുക്രെയ്ന്‍ റഷ്യയ്ക്കെതിരെ സേനാവിന്യാസവുമായി മുന്നോട്ട് പോകണമെന്ന് ബ്ലിങ്കെന്‍ നിര്‍ബന്ധിച്ചതായാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ ഉള്ളത്.
2022 ഫെബ്രുവരിയില്‍ സംഘര്‍ഷം രൂക്ഷമായതിനുശേഷം അമേരിക്ക യുക്രെയ്‌നിനായി ഏകദേശം 100 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചു. അതേസമയം സഖ്യകക്ഷികള്‍ 150 ബില്യണ്‍ ഡോളര്‍ അധികമായി സംഭാവന ചെയ്തിട്ടുണ്ടെന്നും ബ്ലിങ്കെന്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുമ്പ് ബൈഡന്‍ ഭരണകൂടം യുക്രെയ്നിലേക്കുള്ള ആയുധ വിതരണം വേഗത്തിലാക്കുകയും ചെയ്തു.
റഷ്യയുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ബൈഡന്‍ ഭരണകൂടം യുക്രെയ്നിന് രഹസ്യമായി ആയുധങ്ങള്‍ നല്‍കിയിരുന്നുവെന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ബ്ലിങ്കെന്‍ സമ്മതിച്ചു. അതേസമയം, 2024 സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളില്‍ റഷ്യയെ പ്രതിരോധിക്കാനുള്ള ആയുധങ്ങള്‍ അമേരിക്ക യുക്രെയ്ന് നല്‍കിയതായും ബ്ലിങ്കന്‍ ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സ്റ്റിംഗേഴ്സ്, ജാവലിന്‍ പോലുള്ള ആയുധങ്ങളും അമേരിക്ക യുക്രെയ്ന് നല്‍കിയിട്ടുണ്ട്.
റഷ്യയും യുക്രെയ്നും 2022 ന്റെ തുടക്കത്തില്‍ ഇസ്താംബൂളില്‍ സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും, അന്താരാഷ്ട്ര സുരക്ഷാ ഗ്യാരന്റികള്‍ക്ക് പകരമായി യുക്രെയ്ന്‍ നാറ്റോയില്‍ ചേരാനുള്ള ആഗ്രഹം ഉപേക്ഷിക്കുകയും നിഷ്പക്ഷത സ്വീകരിക്കുകയും, സൈനിക വലുപ്പം പരിമിതപ്പെടുത്തുകയും ചെയ്യാമെന്ന തരത്തിലുള്ള ഒരു ഉടമ്പടിക്ക് ഇരുപക്ഷവും താല്‍ക്കാലികമായി സമ്മതിച്ചിരുന്നുവെന്നും, സെലന്‍സ്‌കിയുടെ സഖ്യകക്ഷിയായ എംപിയും യുക്രെയ്നിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന ഡേവിഡ് അരാഖാമിയ വെളിപ്പെടുത്തി.എന്നാല്‍,അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിര്‍ബന്ധത്തിന് വഴങ്ങി യുക്രെയ്ന്‍ പിന്നീട് ചര്‍ച്ചകളില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു