ഗസയിലെ സമാധനത്തിനായി നെട്ടോട്ടമോടുന്നുവെന്ന് ധരിപ്പിച്ച് ലോക രാഷ്ട്രങ്ങളുടെ കണ്ണില്‍ പൊടിയിട്ട അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒറ്റയടിക്ക് മലക്കംമറിഞ്ഞിരിക്കുകയാണ്.ഗസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാവി സംബന്ധിച്ച് തനിക്ക് ഉറപ്പില്ലെന്നാണ് ഇപ്പോള്‍ ട്രംപ് പറയുന്നത്.ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഗസ വെടിനിര്‍ത്തല്‍ രണ്ടാം ഘട്ടം നടപ്പാക്കുന്നതു സംബന്ധിച്ച് നിര്‍ണായക ചര്‍ച്ച നടക്കാനിരിക്കെയാണ് ട്രംപിന്റെ പ്രതികരണം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.എന്നാല്‍ ഇതുവരെ വെടിനിര്‍ത്തല്‍ കരാര്‍ വിജയകരമായാണ് മുന്നോട്ടു പോകുന്നതെന്നും ബാക്കിയുള്ള ബന്ദികളെയും മോചിപ്പിക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധമാണെന്നും ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റിവ് വിറ്റ്‌കോഫ് പറഞ്ഞു.ഗസയുടെ പുനര്‍ നിര്‍മാണം, യുദ്ധാനന്തര ഗസയുടെ ഭാവി തുടങ്ങിയ കാര്യങ്ങളില്‍ രണ്ടും മൂന്നും ഘട്ട വെടിനിര്‍ത്തല്‍ കരാറില്‍ വ്യക്തത വരേണ്ടതുണ്ട്.
എന്നാല്‍ ഹമാസ് നിയന്ത്രണത്തില്‍ ഗസയുടെ പുനർനിർമ്മാണം അനുവദിക്കില്ലെന്ന നിലപാട് ഇന്ന് ട്രംപിന് മുമ്പാകെ നെതന്യാഹു ഉന്നയിക്കുമെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഈ സാഹചര്യത്തിൽ പുതിയ ഉപാധികള്‍ മുന്നോട്ടുവച്ച് ഉറ്റവരുടെ മോചനത്തിന് തുരങ്കം വയ്ക്കരുതെന്ന് ബന്ദികളുടെ ബന്ധുക്കള്‍ ആവശ്യപ്പെടുകയും ചെയ്തു.കരാര്‍ റദ്ദാക്കി ഗസക്ക് മേല്‍ ആക്രമണം പുനരാരംഭിക്കാനുള്ള തീരുമാനമാണ് വേണ്ടതെന്ന് ഇസ്രയേല്‍ മുന്‍മന്ത്രി ബെന്‍ ഗവിര്‍ നെതന്യാഹുവിനോട് നിര്‍ദേശിച്ചതും ഭീതി പരത്തിയിട്ടുണ്ട്.ഇസ്രയേലിന് ഒരു ബില്യണ്‍ ഡോളറിന്റെ പുതിയ ആയുധങ്ങള്‍ കൈമാറാന്‍ അമേരിക്ക ഒരുങ്ങുന്നതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അറബ് രാഷ്ട്രങ്ങളും ആശങ്കയിലാണ്.
എന്നാല്‍,വെസ്റ്റ് ബാങ്ക് നഗരങ്ങളില്‍ പലസ്തീനികള്‍ക്കെതിരെ ആക്രമണം ശക്തമാക്കുകയാണ് ഇസ്രയേല്‍ സേന.ജെനിന്‍ അഭയാര്‍ഥി ക്യാമ്പിനോട് ചേര്‍ന്ന നിരവധി കെട്ടിടങ്ങള്‍ സൈന്യം തകര്‍ത്തു. തുല്‍ക്‌റാം,തൂഫാ എന്നിവിടങ്ങളില്‍ പലസ്തീനികള്‍ക്കെതിരെ വ്യാപക ആക്രമ സംഭവങ്ങള്‍ അരങ്ങേറി.വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ തുടരുന്ന സൈനിക നടപടികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ കുറ്റപ്പെടുത്തുന്നുണ്ട്.
അതിനിടെ ഒന്നര വര്‍ഷത്തോളം നീണ്ട ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 61,709 കവിയുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കാണാതായവരുടെ എണ്ണം കൂടി ഉള്‍പ്പെടുത്തിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്.47,518 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഗസ ആരോഗ്യ മന്ത്രാലയം നേരത്തേ പുറത്തുവിട്ട കണക്ക്.കൊല്ലപ്പെട്ട 76 ശതമാനം പലസ്തീനികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഗസ ഭരണകൂടത്തിന്റെ ഇന്‍ഫര്‍മേഷന്‍ ഓഫിസ് തലവന്‍ സലാമ മഹറൂഫ് പറഞ്ഞു.അതേസമയം, 14,222 പേരുടെയെങ്കിലും മൃതദേഹങ്ങള്‍ കെട്ടിടങ്ങളുടെയും വീടുകളുടെയും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രയേല്‍ വംശഹത്യയില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ 17,881 പേരും കുട്ടികളാണ്.214 നവജാത ശിശുക്കളെയും സൈന്യം കൊലപ്പെടുത്തിയതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.20 ലക്ഷത്തിലേറെ പേര്‍ കുടിയൊഴിപ്പിക്കപ്പെട്ടു.ചിലര്‍ക്ക് 25 തവണ വീടും ടെന്റുകളും വിട്ട് പലായനം ചെയ്യേണ്ടി വന്നു.അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത സാഹചര്യത്തിലാണ് അഭയാര്‍ഥികള്‍ ജീവിച്ചത്. പീരങ്കികളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രയേല്‍ സേന നടത്തിയ നിരന്തര ബോംബിടലില്‍ 1,11,588 പേര്‍ക്ക് വിവിധ തരത്തിൽ പരിക്കേറ്റതായും മഹറൂഫ് കൂട്ടിച്ചേര്‍ത്തു.സാധാരണക്കാര്‍ക്ക് മാത്രമല്ല,ഗസയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും കനത്ത ആഘാതമാണുണ്ടാക്കിയത്. 1155 ആരോഗ്യ പ്രവര്‍ത്തകരും 205 മാധ്യമപ്രവര്‍ത്തകരും 194 സിവില്‍ ഡിഫന്‍സ് ജീവനക്കാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.