ട്രംപിന്റെ ആദ്യ അടി ചൈനയ്ക്കും കാനഡയ്ക്കും മുട്ടന്‍ പണി വരുന്നു

ഡൊണാള്‍ഡ് ട്രംപി അമേരിക്കന്‍ പ്രസിഡന്റാകുന്നതോടെ എന്തെങ്കിലുമൊക്കെ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു... എന്നാല്‍ ഇങ്ങനൊരു പണി ഇത്രവേഗത്തില്‍ ഉണ്ടാകുമെന്ന് ആരും കരുതിക്കാണില്ല...

author-image
Rajesh T L
New Update
trump

ഡൊണാള്‍ഡ് ട്രംപി അമേരിക്കന്‍ പ്രസിഡന്റാകുന്നതോടെ എന്തെങ്കിലുമൊക്കെ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു... എന്നാല്‍ ഇങ്ങനൊരു പണി ഇത്രവേഗത്തില്‍ ഉണ്ടാകുമെന്ന് ആരും കരുതിക്കാണില്ല... ട്രംപ് ജനുവരി 20നാണ് ചുമതലയേല്‍ക്കുന്നത്. അന്ന് തന്നെ നിര്‍ണായക ഉത്തരവുകള്‍ ഇറക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതില്‍ ചൈനയ്ക്കും കാനഡയ്ക്കും കുരുക്കാകുന്ന ചില ഉത്തരവുകളും ഉണ്ടാകും. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം ആയ ട്രൂത്ത് സോഷ്യലില്‍ ആണ് ട്രംപ് നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

2020 വരെ ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് ചൈനയുമായി നിരന്തരം വാണിജ്യ തര്‍ക്കങ്ങളായിരുന്നു ഉണ്ടായിരുന്നത്. ജോ ബൈഡന്‍ അധികാരത്തിലെത്തിയതോടെയാണ് ഇതിന് താല്‍ക്കാലിക ആശ്വാസമായത്. എന്നാല്‍ ട്രംപ് വീണ്ടും പ്രസിഡന്റാകുന്നതോടെ തര്‍ക്കങ്ങള്‍ തലപൊക്കുകയാണ്. ചൈനയില്‍ നിന്നും കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ചുങ്കം ചുമത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.

അമേരിക്കന്‍ വിപണിയിലെ നിറസാന്നിധ്യമാണ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍. ഇത് തടയണമെന്ന വാദമാണ് എക്കാലവും ട്രംപ് മുന്നോട്ടുവച്ചിരുന്നത്. പ്രസിഡന്റായി ചുമതലയേറ്റെടുത്താല്‍ നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ആദ്യ ദിനം നടപടിയുണ്ടാകുമെന്നാണ് ട്രംപിന്റെ പുതിയ പ്രതികരണം. ചൈന എങ്ങനെ ഇതിനെ നേരിടുമെന്നതാണ് നിര്‍ണായകം.

ചൈന എക്കാലത്തും അമേരിക്കയുടെ വാണിജ്യ എതിരാളിയാണ്. അതേസമയം, കാനഡയുമായി അമേരിക്കന്‍ ഭരണകൂടം നല്ല ബന്ധം നിലനിര്‍ത്തുകയാണ് പതിവ്. ട്രംപ് വരുന്നതോടെ ഈ പതിവും തെറ്റും. ചൈനയുടെയും കാനഡയുടെയും ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം ചുങ്കം ചുമത്തുമെന്നാണ് ട്രംപ് അറിയിച്ചത്. മെക്സിക്കോയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം താരിഫും ചുമത്താനാണ് തീരുമാനം.

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് ഉയര്‍ന്ന താരിഫ് ചുമത്തിയാല്‍ സ്വാഭാവികമായും ഇറക്കുമതി ചെയ്യുന്നവര്‍ വില വര്‍ധിപ്പിക്കും. ഇതിന്റെ അവസാന ഇര വസ്തു വാങ്ങുന്ന വ്യക്തിയാകും. ഉപഭോക്താവിന് ഉയര്‍ന്ന വില നല്‍കേണ്ടിവരും. ഇതോടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഉപഭോക്താക്കള്‍ പിന്തിരിയും. പകരം ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താന്‍ ഇറക്കുമതി ചെയ്യുന്നവരും ഉപഭോക്താക്കളും നിര്‍ബന്ധിതരാകും. ഇതാണ് ട്രംപിന്റെ തന്ത്രം.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് സമാനമായത് അമേരിക്കയില്‍ തന്നെ ഉല്‍പ്പാദിപ്പിക്കണം എന്ന നിലപാടാണ് ട്രംപിനുള്ളത്. ജോലി സാധ്യതകള്‍ കൂടാനും നിര്‍മാണ രംഗം സജീവമാകാനും ഇത് കാരണമാകുമെന്ന് ട്രംപ് കണക്കുകൂട്ടുന്നു. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ചുമത്തുന്ന നടപടിയിലേക്ക് ചൈനയും കടന്നേക്കും. പുതിയ വ്യാപാര യുദ്ധത്തിനായിരിക്കും ഇത് വഴിയൊരുക്കുകയെന്നാണ് വിലയിരുത്തല്‍.

ട്രംപ് താരിഫ് ഭീഷണി മുഴക്കിയ രാജ്യങ്ങളില്‍ ഇന്ത്യ ഇല്ല എന്നത് നിലവില്‍ ആശ്വാസമാണ്. അതേസമയം, ഗള്‍ഫ് രാജ്യങ്ങളും ട്രംപിന്റെ വരവ് പ്രതീക്ഷയോടെയാണ് കാണുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാന്‍ അദ്ദേഹം ഇടപെട്ടേക്കുമെന്ന് ജിസിസി നേതാക്കള്‍ പ്രതീക്ഷിക്കുന്നു. മാത്രമല്ല, 2016ല്‍ അധികാരത്തിലെയ വേളയില്‍ ട്രംപ് ആദ്യം സന്ദര്‍ശിച്ച വിദേശരാജ്യം സൗദി അറേബ്യയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റുമാരുടെ പതിവ് രീതിക്ക് വിപരീതമായിരുന്നു ഇത്. ജിസിസി രാജ്യങ്ങളുമായി വ്യാപാര ബന്ധം കൂടുതല്‍ ദൃഢമാക്കാനും ട്രംപ് മുന്‍കൈ എടുത്തിരുന്നു. സമാനമായ നടപടി ഇത്തവണയും സൗദി പ്രതീക്ഷിക്കുന്നുണ്ട്.

donald trumps usa China Masters china donald trump