പുടിനെ കൂടെ നിര്‍ത്താന്‍ ട്രംപിന്റെ പുതിയ കളി!!!

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കേണ്ടത് ഇപ്പോള്‍ ട്രംപിന്റെ കൂടി ആവശ്യമായി വന്നിരിക്കുകയാണ്.കാരണം സ്ഥാനമൊഴിയുംമുമ്പ് പ്രശ്‌നപരിഹാരം സാദ്ധ്യമാക്കുമെന്നായിരുന്നു മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം.അത് സാധിക്കാതെ വന്നതിനാല്‍ ഇനികണ്ണുകളെല്ലാം ട്രംപിന്റെ നേര്‍ക്കാണ്

author-image
Rajesh T L
New Update
GG

Donald Trump and Vladimir Putin speaking at a conference in 2017 (PHOTO : EPA)

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കേണ്ടത് ഇപ്പോള്‍ ട്രംപിന്റെ കൂടി ആവശ്യമായി വന്നിരിക്കുകയാണ്.കാരണം സ്ഥാനമൊഴിയുംമുമ്പ് പ്രശ്‌നപരിഹാരം സാദ്ധ്യമാക്കുമെന്നായിരുന്നു മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം.അത് സാധിക്കാതെ വന്നതിനാല്‍ ഇനികണ്ണുകളെല്ലാം ട്രംപിന്റെ നേര്‍ക്കാണ്.മൂന്ന് വര്‍ഷമായി പരിഹാരമില്ലാതെ തുടരുന്ന യുദ്ധത്തിന് പരിഹാരം കാണാനായാല്‍ അത് ട്രംപിന്റെ രണ്ടാം ടേമില്‍ സ്വന്തം അക്കൗണ്ടില്‍ ചേര്‍ക്കപ്പെടുമെന്നതിനാല്‍ പല വഴികളിലൂടെയും ശ്രമം നടത്തുകയാണ് ട്രംപ്.

യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ ഉടന്‍ ഉണ്ടായില്ലെങ്കില്‍ ഉയര്‍ന്ന താരിഫും,നികുതിയും ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.റഷ്യയുടെ സമ്പദ് വ്യവസ്ഥ പരാജയപ്പെടുകയാണെന്ന് വാദിക്കുന്ന ട്രംപ് യുദ്ധം അവസാനിപ്പിക്കണമെന്നാണ് തന്റെ സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.ഇതിനോടകം തന്നെ അമേരിക്ക റഷ്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി കഴിഞ്ഞത് ശ്രദ്ധേയമാണ്. ഒപ്പം റഷ്യയുമായി വ്യാപാരം നടത്തിയതിന് ഇന്ത്യയുള്‍പ്പെടെയുള്ള വ്യാപാര പങ്കാളികള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി റഷ്യയെ തകര്‍ക്കാന്‍ നോക്കി.ആയുധ ബലം കൊണ്ട് അതി ശക്തരായ റഷ്യയെ യുക്രെയിനിനു മുന്നില്‍ മുട്ടു കുത്തിക്കാനുള്ള അമേരിക്കയുടെ കുബുദ്ധിയാണ് ഈ നീക്കത്തിന് പിന്നില്‍.

താനാണ് പ്രസിഡന്റായിരുന്നതെങ്കില്‍ ഒരിക്കലും ഇങ്ങനെയൊരു യുദ്ധം ഉണ്ടാവുകയില്ലായിരുന്നുവെന്നാണ് ട്രംപിന്റെ വാദം. ഇരുവരും തമ്മിലുള്ള യുദ്ധം എളുപ്പ വഴിയിലൂടെയോ,കഠിനമായ വഴിയിലൂടെയോ അവസാനിപ്പിക്കാം. താന്‍ എളുപ്പ വഴിയാണ് തിരഞ്ഞെടുക്കുന്നതെന്നാണ് ട്രംപ് കുറിക്കുന്നത്.ഈ എളുപ്പ വഴി എന്നത് റഷ്യ കീഴടങ്ങുക എന്നതാവണം.അതൊട്ട് നടക്കാനും പോകുന്നില്ല.യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി പുടിനെ കാണുമെന്ന് ട്രംപ് പറയുന്നു.പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് 24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കുമെന്ന വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ലെങ്കിലും എത്രയും വേഗം അവസാനിപ്പിക്കാന്‍ ട്രംപ് കെണഞ്ഞു ശ്രമിക്കുന്നുണ്ട്.100 ദിവസത്തിനുളളില്‍ യുദ്ധം അവസാനിപ്പിക്കാന്‍ തന്റെ പ്രതിനിധിയായ കീത്ത് കെല്ലോഗിന് ട്രംപ് നിര്‍ദേശം നല്‍കിയതായി വാര്‍ത്തകള്‍ അടുത്തിടെ വന്നിരുന്നു.

നിലവില്‍ സമാധാന കരാറില്‍ അനുഭാവ നിലപാട് സ്വീകരിച്ചിരിക്കുന്ന റഷ്യയോട് പ്രകോപന നിലപാടാണ് അമേരിക്ക സ്വീകരിച്ചിട്ടുള്ളത്.എന്നാല്‍ വ്ളാഡിമര്‍ പുടിന്റെ യുക്രെയ്ന്‍ യുദ്ധം കൈകാര്യം ചെയ്യുന്ന രീതിയെ പ്രസിഡന്റ് ട്രംപ് വിമര്‍ശിക്കുന്നുണ്ട്.വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടത്താന്‍ വിസമ്മതിച്ചുകൊണ്ട് റഷ്യ റഷ്യയെ തന്നെ നശിപ്പിക്കുകയാണെന്നാണ് ട്രംപിന്റെ വിമര്‍ശനം. സ്ഥാനാരോഹണത്തിന് തൊട്ടു പിന്നാലെയാണ് ഈ പ്രസ്താവന.യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ചുള്ള ഡോണള്‍ഡ് ട്രംപിന്റെ ഏറ്റവും പുതിയ പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ ഒരു തരത്തിലുള്ള പ്രവചനാതീതത സൃഷ്ടിക്കുന്നുണ്ട്.

ട്രംപിന്റെ വൈറ്റ് ഹൗസിലേക്കുള്ള തിരിച്ചുവരവ് നയതന്ത്ര പ്രമേയത്തിനുള്ള പ്രതീക്ഷയും യുക്രെയ്നിന് ഉയര്‍ന്ന വില നല്‍കേണ്ടിവരുമെന്ന ഭയവും ഉണര്‍ത്തുന്നു.ട്രംപിന്റെ ഉപദേശകരില്‍ ചിലര്‍ യുക്രെയ്നിന്റെ വലിയ ഭാഗങ്ങള്‍ റഷ്യക്ക് വിട്ടുകൊടുത്ത് യുദ്ധം അവസാനിപ്പിക്കാന്‍ പോലും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് യുക്രെയ്‌ന് തിരിച്ചടിയാകും.

എന്തൊക്കെ ആയാലും ഉടനൊരു സമാധാന ഉടമ്പടിയിലെത്താന്‍ തങ്ങള്‍ തയാറല്ല എന്നാണ് റഷ്യ നല്‍കുന്ന സൂചന.യുക്രെയ്‌നോട് നാറ്റോയില്‍ ചേരരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടും ചില തലത്തിലുള്ള സൈനികവല്‍കരണത്തിന് വിധേയമാകണമെന്നു ആവശ്യപ്പെട്ടു കൊണ്ടും റഷ്യ സമാധാനം കൊണ്ടു വരുന്നതിന് പരമാവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് റഷ്യയുടെ ഡെപ്യൂട്ടി അംബാസിഡര്‍ ദിമിത്രി പോള്യാന്‍സ്‌കി അഭിപ്രായപ്പെടുന്നു. 

പടിഞ്ഞാറില്‍ റഷ്യക്കുമേല്‍ ചുമത്തിയിട്ടുള്ള ഉപരോധം നീക്കി റഷ്യക്കവകാശപ്പെട്ട ക്രിമിയയുടെയും നാലു യുക്രേനിയന്‍ പ്രദേശങ്ങളുടെയും നിയന്ത്രണം തിരികെ പിടിക്കലാണ് റഷ്യയുടെ ലക്ഷ്യം.ഒപ്പം യുക്രെയ്‌നില്‍ ഒരു റഷ്യന്‍ അനുകൂല ഭരണകൂടം സ്ഥാപിക്കുക എന്നതും.യുദ്ധക്കളത്തില്‍ റഷ്യ അതിവേഗം മുന്നേറുകയാണ്.പടിഞ്ഞാറിനെതിരായ പോരാട്ടത്തില്‍ ശക്തി പ്രകടനമെന്ന നിലയില്‍ പുടിന്‍ തന്റെ രണ്ട് പ്രധാന സഖ്യകക്ഷികളായ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായും ചൈനീസ് നേതാവ് ഷി ജിന്‍ പിങ്ങുമായും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നു.യുദ്ധത്തില്‍ യുക്രെയിന് ആയുധ സഹായം നല്‍കുന്നതിന് പകരം റഷ്യയ്ക്ക് മേല്‍ സാമ്പത്തിക ഉപരോധം ചെലുത്തി യുക്രെയ്‌ന് പിന്തുണ നല്‍കാനാണ് ട്രംപ് ശ്രമിക്കുന്നത്. 

ഭീഷണിയിലൂടെ റഷ്യയെ ചര്‍ച്ചകള്‍ക്കായി ട്രംപ് പ്രേരിപ്പിക്കുന്നുണ്ടെങ്കിലും അതിനെ മറികടക്കാനുള്ള സ്രോതസ്സുകള്‍ തങ്ങളുടെ കൈയിലുണ്ടെന്ന ആത്മ വിശ്വാസം റഷ്യക്കുണ്ട്.കരാറിലേര്‍പ്പെട്ടാല്‍ അവര്‍ക്ക് തങ്ങളുടെ വിഭവങ്ങള്‍ ലാഭിക്കാമെങ്കിലും കരാറിന് സമ്മതിച്ചില്ല എങ്കിലും എത്ര കാലം വേണമെങ്കിലും പോരാടാന്‍ റഷ്യ തയാറാണ്.അത് കൊണ്ടു തന്നെ ട്രംപിന്റെ ഭീഷണികളൊന്നും റഷ്യയെ വലുതായി ഏല്‍ക്കില്ല.അതേ സമയം യുക്രെയ്‌നിന്റെ ആയുധ ശേഷി ശോഷിച്ച് വരികയാണ്. കഴിഞ്ഞ ദിവസം തങ്ങള്‍ക്ക് ആയുധ ശേഷി വര്‍ധിപ്പിക്കുന്നതിന് 20 ബില്യണ്‍ ഡോളര്‍ സെലന്‍സ്‌കി ആവശ്യപ്പെടുന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.അവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ജര്‍മനിയിലും ഇപ്പോള്‍ തര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്. ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് യുക്രെയ്‌നിനായി 3 ബില്യണ്‍ യൂറോ സഹായ പാക്കേജ് വൈകിപ്പിച്ചതിന് വിമര്‍ശനം നേരിട്ടു കൊണ്ടിരിക്കുകയാണ്. വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്കും പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസും അടിയന്തര സഹായം നിര്‍ദ്ദേശിച്ചെങ്കിലും അത് അംഗീകരിക്കാന്‍ ഷോള്‍സ് മടിച്ചു എന്നാണ് ആരോപണം.

donald trump president vladimir putin