/kalakaumudi/media/media_files/2025/01/20/pmlFYrEwDJmQuGIzWIoD.jpg)
വാഷിങ്ടന്‍: രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധിക്കും ചരിത്രപരമായ വേഗത്തില്‍ തന്നെ പരിഹാരമുണ്ടാക്കുമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സത്യപ്രതിജ്ഞയ്ക്കു മുന്‍പായി നടന്ന വിജയറാലിയിലാണു ട്രംപിന്റെ അവകാശവാദം. രണ്ടാം തവണയാണു ട്രംപ് പ്രസിഡന്റാകുന്നത്. മെക്‌സിക്കോ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരുടെ കടന്നുകയറ്റം ഇല്ലാതാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
''നമ്മുടെ രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധിയും, ചരിത്രപരമായ വേഗതയിലും ശക്തിയിലും പ്രവര്‍ത്തിച്ചു ഞാന്‍ പരിഹരിക്കും. അതിര്‍ത്തികളിലെ കടന്നുകയറ്റം നമ്മള്‍ അവസാനിപ്പിക്കും.'' വാഷിങ്ടന്‍ അരീനയിലെ ജനക്കൂട്ടത്തോടായി ട്രംപ് പറഞ്ഞു. രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമാക്കി പരിശോധനകള്‍ ആരംഭിക്കാനാണു പദ്ധതിയെന്നു ട്രംപ് സൂചിപ്പിച്ചു. സ്ഥാനമൊഴിയുന്ന ജോ ബൈഡന്റേത് പരാജയപ്പെട്ട സര്‍ക്കാര്‍ ആയിരുന്നെന്നും ആരോപിച്ചു.
പദവിയില്‍ തിരിച്ചെത്തിയാല്‍, നിര്‍ണായകമായ നടപടികള്‍ സ്വീകരിക്കുമെന്നാണു ട്രംപിന്റെ പ്രഖ്യാപനം. ജോ ബൈഡന്റെ വിവിധ നയങ്ങളെ റദ്ദാക്കുന്ന ഒട്ടേറെ ഉത്തരവുകള്‍ ആദ്യ ദിവസം തന്നെ ഇറക്കിയേക്കും. എണ്ണഖനനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇതിലുള്‍പ്പെടും. കഴിഞ്ഞദിവസം പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വന്ന വിഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോക്കും പ്രതീക്ഷയിലാണ്. 'നമുക്കു ടിക് ടോക്കിനെ രക്ഷിക്കണം' എന്നാണു റാലിയില്‍ ട്രംപ് പറഞ്ഞത്.
'സര്‍ക്കാരിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കല്‍' വകുപ്പിന്റെ ചുമതലയുള്ള ഇലോണ്‍ മസ്‌കും ട്രംപിനൊപ്പം വേദി പങ്കിട്ടു. നടന്‍ ജോണ്‍ വോയ്റ്റ്, സംഗീതജ്ഞന്‍ കിഡ് റോക്ക് തുടങ്ങിയ സെലിബ്രിറ്റികളും വേദിയിലുണ്ടായിരുന്നു.