/kalakaumudi/media/media_files/2025/07/31/tt-2025-07-31-16-37-37.jpg)
ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറില്‍ പരസ്പര ധാരണയോടെയുള്ള തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെ, ഇന്ത്യക്കെതിരെ അപ്രതീക്ഷിത നീക്കവുമായി ഡൊണാള്‍ഡ് ട്രംപ്. ഓഗസ്റ്റ് ഒന്ന് മുതല്‍ അമേരിക്ക ചുമത്തുന്ന നികുതിയുടെ കാര്യത്തില്‍ ഇന്ത്യക്ക് ഇളവില്ലെന്ന് മാത്രമല്ല, റഷ്യയുമായുള്ള വ്യാപാര ബന്ധത്തിന്റെ പേരില്‍ ഇന്ത്യക്ക് പിഴയടിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇന്ത്യയുടെ വ്യാപാര നിലപാടുകള്‍ക്കെതിരെ കനത്ത വിമര്‍ശനമാണ് ട്രംപ് ഉയര്‍ത്തുന്നത്. വ്യാഴാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക 25 ശതമാനം നികുതി ചുമത്തും. റഷ്യയുമായുള്ള ബന്ധത്തിന് ഏത് രീതിയിലുള്ള പിഴയാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യ അമേരിക്കയുടെ സുഹൃത്താണെങ്കിലും ഇന്ത്യയുമായി അമേരിക്ക കൂടുതല്‍ ബിസിനസ് നടത്താറില്ലെന്ന് ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യയില്‍ ഇറക്കുമതിക്ക് ചുമത്തുന്ന ഉയര്‍ന്ന നിരക്കാണ് കാരണം. ലോകത്തില്‍ തന്നെ ഉയര്‍ന്നതാണത്. കഠിനവും മോശവുമായ വാണിജ്യ രീതികളാണ് ഇന്ത്യക്കുള്ളത്. ഇന്ത്യയുമായി അമേരിക്കക്ക് ഉയര്‍ന്ന വാണിജ്യ കമ്മിയാണുള്ളതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
റഷ്യയുമായുള്ള ബന്ധത്തില്‍ അരിശം
ഇന്ത്യക്ക് റഷ്യയുമായുള്ള ബന്ധത്തെയും ട്രംപ് വിമര്‍ശിച്ചു. റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിനാല്‍ ഇന്ത്യക്ക് അമേരിക്ക പിഴ ചുമത്തുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുടെ കയ്യിലുള്ള ആയുധങ്ങളില്‍ അധികവും വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. എണ്ണ വ്യാപാരത്തിലും ഇന്ത്യക്ക് റഷ്യയുമായും ചൈനയുമായുമാണ് ബന്ധം. ഉക്രൈനില്‍ റഷ്യന്‍ സൈന്യം നിരവധി പേരെ കൊല്ലുമ്പോഴാണ് ഇന്ത്യ അവരുമായി അടുപ്പം നിലനിര്‍ത്തുന്നത്. ഇതൊന്നും ശരിയായ കാര്യമല്ല. ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇന്ത്യ പാക്കിസ്ഥാനെതിരായ യുദ്ധം അവസാനിപ്പിച്ചതെന്ന് ട്രംപ് ആവര്‍ത്തിച്ചു.