/kalakaumudi/media/media_files/2026/01/06/trump-gaza-2026-01-06-08-24-12.jpg)
വാഷിങ്ടണ്‍: ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകാനുള്ള സാധ്യത പൊളിച്ച് ട്രംപിന്റെ ഭീഷണി. വെനസ്വേലയെ ആക്രമിച്ച് പ്രസിഡന്റ് മഡുറോയെയും ഭാര്യയും അമേരിക്കയിലേക്ക് 'കടത്തിയതിന്' പിന്നാലെ ട്രംപ് ഇന്ത്യ ഉള്‍പ്പെടെ 6 രാജ്യങ്ങള്‍ക്കുമേല്‍ പുതിയ ഭീഷണികള്‍ മുഴക്കി.
ഇന്ത്യ ഇനിയും റഷ്യന്‍ എണ്ണ വാങ്ങിയാല്‍ അമേരിക്കയിലെത്തുന്ന ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കുമേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. അമേരിക്കന്‍ കാര്‍ഷിക, ക്ഷീര ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വിപണി തുറന്നുകിട്ടണമെന്ന ട്രംപിന്റെ പിടിവാശിക്ക് ഇന്ത്യ വഴങ്ങാത്തതാണ് നിലവില്‍ വ്യാപാരക്കരാര്‍ വരുന്നത് നീളാനുള്ളൊരു കാരണം.
നിലവില്‍തന്നെ, യുഎസ് അടിച്ചേല്‍പ്പിച്ച 50% തീരുവ ഇന്ത്യയെ അസ്വസ്ഥതപ്പെടുത്തിയിട്ടുണ്ട്. ഇതു കുറയ്ക്കാനും കൂടിയാണ് യുഎസുമായി വ്യാപാരച്ചര്‍ച്ച. കഴിഞ്ഞ സെപ്റ്റംബര്‍-നവംബറോടെ പ്രാബല്യത്തില്‍ വരേണ്ട കരാരാണ് ഇനിയും തീരുമാനമെത്താതെ നില്‍ക്കുന്നത്. ഇതിനിടെ, ട്രംപ് പുതിയ ഭീഷണിയുമായി വന്നത് തുടര്‍ ചര്‍ച്ചകളുടെ സാധ്യത തുലാസിലാക്കി.
500% തീരുവ
ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറച്ചെന്നും തീരുവഭാരം കുറയ്ക്കാന്‍ ട്രംപിനോട് പറയണമെന്നും യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ അഭ്യര്‍ഥിച്ചതായി ട്രംപ് അനുകൂലിയായ യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സേ ഗ്രഹാം വെളിപ്പെടുത്തിയിരുന്നു. ഇതേ ഗ്രഹാം, റഷ്യന്‍ എണ്ണയുടെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ 500% പിഴത്തീരുവ ചുമത്താനുള്ള ബില്ലും തയാറാക്കിവച്ചിട്ടുണ്ട്.
നിലവിലെ 50% തീരുവതന്നെ ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള വസ്ത്രം, ലെതര്‍, സമുദ്രോല്‍പന്നം, ജെം ആന്‍ഡ് ജ്വല്ലറി തുടങ്ങിയ സുപ്രധാന കയറ്റുമതികളെയെല്ലാം സാരമായി ബാധിച്ചിട്ടുണ്ട്. തീരുവ 10-15 ശതമാനത്തിലേക്ക് കുറയ്ക്കാനും ചൈന, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, ഇന്തൊനീഷ്യ, ബംഗ്ലദേശ് എന്നിവയേക്കാള്‍ കയറ്റുമതിയില്‍ മുന്‍തൂക്കം നേടാനുമാണ് യുഎസുമായി വ്യാപാരക്കരാര്‍ യഥാര്‍ഥ്യമാക്കുന്നതിലൂടെ ഇന്ത്യ ഉന്നമിടുന്ന നേട്ടം.
ഗ്രീന്‍ലന്‍ഡ്
ഡെന്മാര്‍ക്കിന്റെ നിയന്ത്രണത്തിലുള്ള ദ്വീപായ ഗ്രീന്‍ലന്‍ഡിനെ അമേരിക്കയ്ക്ക് വിട്ടുനല്‍കണമെന്ന ആവശ്യം ട്രംപ് വീണ്ടും ഉന്നയിച്ചു. റഷ്യന്‍, ചൈനീസ് പടക്കപ്പലുകള്‍ ഗ്രീന്‍ലന്‍ഡിനു ചുറ്റും കറങ്ങുന്നത് യുഎസിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്ന കാരണം
ഇറാന്‍
വിലക്കയറ്റത്തിനെതിരെ തുടങ്ങിയ ജെന്‍ സീ പ്രക്ഷോഭം ഇറാനില്‍ രാഷ്ട്രീയ മാറ്റം എന്ന ആവശ്യത്തിന് വഴിമാറി. പരമോന്നത നേതാവ് ഖമനയി ഇറാനില്‍നിന്ന് റഷ്യയിലേക്ക് കടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധക്കാരെ വെടിവച്ചുകൊല്ലാനാണ് ശ്രമമെങ്കില്‍ അമേരിക്ക ഇടപെടുമെന്നും പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പ് ഇന്ത്യക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
