വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 25% തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണി : ഇന്ത്യയ്ക്ക് തിരിച്ചടി ആയേക്കും

ജനുവരിയിൽ വെനസ്വേലയുടെ മൊത്തം എണ്ണ കയറ്റുമതിയുടെ പകുതിയോളം (മാസത്തിൽ ഏകദേശം 557,000 ബിപിഡി) ഇന്ത്യ ഇറക്കുമതി ചെയ്യുകയായിരുന്നു. 2024ൽ ഇന്ത്യ വെനസ്വേലയിൽ നിന്ന് 22 ദശലക്ഷം ബാരൽ എണ്ണ ഇറക്കുമതി ചെയ്തു

author-image
Rajesh T L
New Update
jdfioah

വാഷിംഗ്ടൺ: വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുന്ന ഏതൊരു രാജ്യത്തിനും 25 ശതമാനം തീരുവ ചുമത്തുമെന്നുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണി ഇന്ത്യക്കും തിരിച്ചടിയായേക്കും. യുഎസ് പ്രസിഡന്‍റിന്‍റെ നടപടി ചൈനയെയും ഇന്ത്യയെയും ബാധിച്ചേക്കാം. വെനസ്വേല ഈ രാജ്യങ്ങളിലേക്കും യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കും സ്പെയിനിലേക്കും എണ്ണ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

2023 ഡിസംബറിലും 2024 ജനുവരിയിലും വെനസ്വേലൻ ക്രൂഡ് ഓയിൽ ഏറ്റവും കൂടുതല്‍ വാങ്ങിയ രാജ്യം ഇന്ത്യയായിരുന്നു. ആദ്യ മാസത്തിൽ പ്രതിദിനം ഏകദേശം 191,600 ബാരൽ ഇറക്കുമതി ചെയ്തു. അത് അടുത്ത മാസത്തിൽ 254,000ൽ അധികമായി ഉയർന്നു. 2024 ജനുവരിയിൽ വെനസ്വേലയുടെ മൊത്തം എണ്ണ കയറ്റുമതിയുടെ പകുതിയോളം (മാസത്തിൽ ഏകദേശം 557,000 ബിപിഡി) ഇന്ത്യ ഇറക്കുമതി ചെയ്യുകയായിരുന്നു.

2024ൽ ഇന്ത്യ വെനസ്വേലയിൽ നിന്ന് 22 ദശലക്ഷം ബാരൽ എണ്ണ ഇറക്കുമതി ചെയ്തു. ഇത് രാജ്യത്തിന്റെ മൊത്തം ക്രൂഡ് ഓയിൽ വാങ്ങലുകളുടെ 1.5 ശതമാനമായിരുന്നു. ഫെബ്രുവരിയിൽ വെനസ്വേല പ്രതിദിനം ഏകദേശം 500,000 ബാരൽ എണ്ണ ചൈനയിലേക്കും 240,000 ബാരൽ എണ്ണ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കും കയറ്റുമതി ചെയ്തുവെന്നാണ് കണക്കുകൾ. 

വെനസ്വേല അമേരിക്കയോട് വളരെ ശത്രുതാപരമായാണ് പെരുമാറുന്നത്. അതിനാൽ, വെനസ്വേലയിൽ നിന്ന് എണ്ണയും/അല്ലെങ്കിൽ വാതകവും വാങ്ങുന്ന ഏതൊരു രാജ്യവും ഞങ്ങളുടെ രാജ്യവുമായി അവർ നടത്തുന്ന ഏതൊരു വ്യാപാരത്തിനും അമേരിക്കയ്ക്ക് 25 ശതമാനം തീരുവ നൽകാൻ നിർബന്ധിതരാകുമെന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. മറ്റ് രാജ്യങ്ങൾക്ക് തീരുവകൾ ട്രംപ് പ്രഖ്യാപിക്കുന്ന ഏപ്രിൽ രണ്ടിന്, അതായത് വിമോചന ദിനം എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന അതേ ദിവസം തന്നെ ഈ തീരുവകൾ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോര്‍ട്ടുകൾ

us increase tariff tariff narendramodi donald trump