ട്രംപിന്റെ വൈസ് പ്രസിഡന്റിനുമുണ്ട് ഇന്ത്യന്‍ ബന്ധം

ലോകത്ത് പല കാര്യങ്ങള്‍ സംഭവിക്കുമ്പോഴും ഒരു ഇന്ത്യന്‍ ബന്ധം ചര്‍ച്ചയാകാറുണ്ട്. അമേരിക്കയുടെ 49-മത് വൈസ് പ്രസിഡന്റായി കമലാഹാരിസ് ചുമതലയേറ്റതിന്റെ ആവേശം ഇന്ത്യയിലും അലയടിച്ചിരുന്നു.

author-image
Rajesh T L
New Update
jh

ലോകത്ത് പല കാര്യങ്ങള്‍ സംഭവിക്കുമ്പോഴും ഒരു ഇന്ത്യന്‍ ബന്ധം ചര്‍ച്ചയാകാറുണ്ട്. അമേരിക്കയുടെ 49-മത് വൈസ് പ്രസിഡന്റായി കമലാഹാരിസ് ചുമതലയേറ്റതിന്റെ ആവേശം ഇന്ത്യയിലും അലയടിച്ചിരുന്നു. കമലാ ഹാരിസിന്റെ മുത്തച്ഛന്‍ ജനിച്ചു വളര്‍ന്ന പൈങ്കനാട്, തുളസേന്ദ്രപുരം എന്ന ഗ്രാമത്തില്‍ ആഘോഷവും പൂജയുമൊക്കെയാണ് നടന്നത്.

ഇന്ത്യന്‍ വേരുകളുള്ള കമല ഹാരിസ് അമേരക്കയുടെ പ്രസിഡന്റാകുമെന്ന പ്രതീക്ഷകള്‍ ട്രംപിന്റെ തേരോട്ടം തകര്‍ത്തുകഴിഞ്ഞു. എന്നാല്‍ കമലയുടെ പരാജയത്തിലും ഇന്ത്യക്കാര്‍ക്ക് അഭിമാനമായി മറ്റൊരു വനിതയുണ്ട് അമേരിക്കയില്‍. ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജെ.ഡി.വാന്‍സിന്റെ പങ്കാളി. ഇന്ത്യന്‍ വംശജയായ ഉഷ വാന്‍സ് അഥവാ ഉഷ ചിലുകുരി. യുഎസ് സര്‍ക്കാരില്‍ അറ്റോര്‍ണിയായ ഉഷ ചിലുകുരിയുടെ വേരുകള്‍ ആന്ധ്രപ്രദേശിലാണ്.

സാധ്യതപ്പട്ടികയിലുണ്ടായിരുന്ന ഫ്‌ളോറിഡ സെനറ്റര്‍ മാര്‍ക്കോ റൂബിയോ, നോര്‍ത്ത് ഡക്കോട്ട ഗവര്‍ണര്‍ ഡഗ് ബേര്‍ഗം എന്നിവരെ പിന്തള്ളിയാണ് മുപ്പത്തൊന്‍പതുകാരനായ വാന്‍സിനെ ഡോണള്‍ഡ് ട്രംപ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത്. ഒഹായോയില്‍നിന്നുള്ള സെനറ്ററായിരുന്നു വാന്‍സ്. തന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പറഞ്ഞുകൊണ്ട് ഫ്‌ളോറിഡോയില്‍ നടത്തിയ പ്രസംഗത്തില്‍ വാന്‍സിന്റെയും ഉഷയുടെയും പങ്കിനെ ട്രംപ് പ്രശംസ കൊണ്ടുമൂടിയിരുന്നു.

ആന്ധ്രപ്രദേശില്‍ വേരുകളുള്ള ഉഷയുടെ ജനനം കലിഫോര്‍ണിയയിലാണ്. ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകളായി സാന്‍ ഡിയാഗോയിലായിരുന്നു കുട്ടിക്കാലം. റാഞ്ചോ പെനാസ്‌ക്വിറ്റോസിലെ മൗണ്ട് കാര്‍മല്‍ ഹൈസ്‌കൂളിലായിരുന്നു പഠനം. 2013ല്‍ യേല്‍ ലോ സ്‌കൂളിലെ പഠനകാലത്താണു ജീവിതപങ്കാളി ജെ.ഡി.വാന്‍സിനെ കണ്ടുമുട്ടിയത്. നിയമബിരുദം നേടിയതിനു പിന്നാലെ 2014ല്‍ ഇരുവരും വിവാഹിതരായി. ഹിന്ദു പുരോഹിതനാണു ചടങ്ങിനു നേതൃത്വം നല്‍കിയത്. വാന്‍സ്ഉഷ ദമ്പതികള്‍ക്കു 3 മക്കളുമുണ്ട്; ഇവാന്‍, വിവേക്, മിറാബെല്‍.

യേല്‍ യൂണിവേഴ്സിറ്റിയില്‍നിന്നു ചരിത്രത്തില്‍ ബിഎയും കേംബ്രിജ് യൂണിവേഴ്സിറ്റിയില്‍നിന്നു ചരിത്രത്തില്‍ എംഫിലും ഉഷ കരസ്ഥമാക്കി. യേല്‍ ലോ ജേണലിന്റെ എക്സിക്യൂട്ടീവ് ഡെവലപ്മെന്റ് എഡിറ്ററായും യേല്‍ ജേണല്‍ ഓഫ് ലോ ആന്‍ഡ് ടെക്നോളജിയുടെ മാനേജിങ് എഡിറ്ററായും സേവനമനുഷ്ഠിച്ചു. സുപ്രീം കോടതി അഭിഭാഷക ക്ലിനിക്, മീഡിയ ഫ്രീഡം ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ആക്‌സസ് ക്ലിനിക്, ഇറാഖി അഭയാര്‍ഥി സഹായ പദ്ധതി തുടങ്ങിയവയിലും സജീവമായിരുന്നു.

യേലിലെ 4 വര്‍ഷത്തെ പാഠ്യേതര പ്രവര്‍ത്തനത്തിനു ശേഷം, കേംബ്രിജില്‍ ഗേറ്റ്‌സ് ഫെല്ലോ ആയി പഠനം തുടര്‍ന്നു. ഇക്കാലത്ത് ഇടത്‌ലിബറല്‍ ഗ്രൂപ്പുകളുമായിട്ടായിരുന്നു അടുപ്പം. 2014ല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയിലായിരുന്നു ഉഷയുടെ പ്രവര്‍ത്തനം. ഭര്‍ത്താവിന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ ഉഷയ്ക്കു പ്രധാന പങ്കുണ്ട്. അമേരിക്കയിലെ ഗ്രാമീണ വിഭാഗങ്ങളിലെ സാമൂഹ്യ തകര്‍ച്ചയെക്കുറിച്ചുള്ള ചിന്തകള്‍ ഏകോപിപ്പിക്കാനും 'ഹില്‍ബില്ലി എലജി' എന്ന ഓര്‍മക്കുറിപ്പ് എഴുതാനും വാന്‍സിനെ സഹായിച്ചത് ഉഷയാണ്. നന്നായി വില്‍ക്കപ്പെടുന്ന ഹില്‍ബില്ലി എലിജിയെ ആധാരമാക്കി 2020ല്‍ റോണ്‍ ഹോവാഡ് സിനിമയുമൊരുക്കി.

വാന്‍സിന്റെ രാഷ്ട്രീയ പരിപാടികളില്‍ അനുഗമിക്കാനും മാര്‍ഗനിര്‍ദേശവും പിന്തുണയും നല്‍കാനും ഉഷ ശ്രദ്ധിക്കാറുണ്ട്. 2016-ലെയും 2022-ലെയും സെനറ്റ് പ്രചാരണങ്ങളില്‍ സജീവമായിരുന്നു. നേരത്തേ ഡെമോക്രാറ്റ് ആയിരുന്ന ഉഷ 2018 മുതല്‍ ഒഹായോയില്‍ റിപ്പബ്ലിക്കന്‍ ആയാണു വോട്ട് ചെയ്യുന്നത്. തന്നെ രൂപപ്പെടുത്തുന്നതില്‍ ഉഷയുടെ പങ്ക് വലുതാണെന്നു പരസ്യമായി വാന്‍സ് പറഞ്ഞിട്ടുണ്ട്. പ്രതിഭാശാലിയായ നിയമവിദഗ്ധയാണ് ഉഷ. 2018ല്‍ യുഎസ് സുപ്രീംകോടതിയില്‍ ലോ ക്ലര്‍ക്കായി സേവനമനുഷ്ഠിക്കുന്നതിന് മുന്‍പ്, 2015 മുതല്‍ 2017 വരെ സാന്‍ഫ്രാന്‍സിസ്‌കോയിലെ മുന്‍ഗര്‍, ടോള്‍സ് ആന്‍ഡ് ഓള്‍സണ്‍ എല്‍എല്‍പി, വാഷിങ്ടന്‍ ഡിസി എന്നിവിടങ്ങളില്‍ ജോലി ചെയ്തു. സങ്കീര്‍ണമായ സിവില്‍ വ്യവഹാരങ്ങളിലും വിദ്യാഭ്യാസം, സര്‍ക്കാര്‍, ആരോഗ്യം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലും പ്രാവീണ്യമുണ്ട്.

നേരത്തേ ട്രംപിന്റെ കടുത്ത വിമര്‍ശകനായിരുന്ന വാന്‍സ് ഇപ്പോള്‍ ശക്തനായ പിന്തുണക്കാരനാണ്. ഒഹായോയിലെ മിഡില്‍ടൗണില്‍ ദരിദ്രകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന വാന്‍സ് യുഎസ് സൈനികനായി ഇറാഖില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, യേല്‍ ലോ സ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്നു ബിരുദങ്ങള്‍ നേടി. സിലിക്കണ്‍വാലിയില്‍ വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റായിരുന്നു. വിവിധ വിഷയങ്ങളിലെ നിലപാടുകളില്‍ ട്രംപിന്റെ തനിപകര്‍പ്പാണ് വാന്‍സ് എന്നാണ് പറയപ്പെടുന്നത്.

american president donald trump Kamala Harris presidential election