ഇരുപത്തിയഞ്ച്  ദിനങ്ങള്‍ പിന്നിലേക്ക് ഓര്‍ത്ത് നോക്കൂ; ഇന്നത്തെ സൂനാമി തത്സുകിയുടെ പ്രവചനത്തിലേതോ?

തത്സുകിയുടെ പ്രവചനത്തിനു പ്രാധാന്യം ലഭിക്കാന്‍ ഒരു കാരണം കൂടിയുണ്ടായിരുന്നു.

author-image
Jayakrishnan R
New Update
RYO TATSUKI



 

ടോക്കിയോ: ബുധനാഴ്ച രാവിലെ റഷ്യയിലുണ്ടായ ശക്തമായ ഭൂകമ്പത്തിനു പിന്നാലെ ജപ്പാനില്‍സൂനാമിമുന്നറിയിപ്പു പ്രഖ്യാപിച്ചപ്പോള്‍ പലരുടെയും ഓര്‍മ 25 ദിവസം പിന്നിലേക്കു സഞ്ചരിച്ചു, ഒപ്പം മനസ്സില്‍ തെളിഞ്ഞു റയോ തത്സുകി എന്ന പേരും. ജൂലൈ അഞ്ചിനു പുലര്‍ച്ചെ 4.15ന് വിനാശകരമായ സൂനാമി വരുമെന്നും കരുതുന്നതിലും വലിയ നാശനഷ്ടങ്ങള്‍ സൂനാമിയില്‍ സംഭവിക്കുമെന്നുമായിരുന്നു മാംഗ ആര്‍ടിസ്റ്റ് റയോ തത്സുകി പ്രവചിച്ചിരുന്നത്. സ്വപ്നത്തില്‍ തനിക്കുണ്ടായ അപകടമുന്നറിയിപ്പാണ് അവര്‍ പങ്കുവച്ചത്. പ്രവചനങ്ങള്‍ മുന്‍പും കൃത്യമായി ഫലിച്ചിരുന്നതോടെ ജനം ഭയപ്പാടിലായി.

തത്സുകിയുടെ പ്രവചനത്തിനു പ്രാധാന്യം ലഭിക്കാന്‍ ഒരു കാരണം കൂടിയുണ്ടായിരുന്നു. ജൂണില്‍ പതിവിലും അധികം ഭൂകമ്പങ്ങള്‍ ജപ്പാനിലുണ്ടായി. രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം ഭൂകമ്പങ്ങള്‍. ജൂണ്‍ 23ന് 183 ഭൂചലനങ്ങളാണുണ്ടായത്. ചെറു ചലനങ്ങള്‍ വരാനിരിക്കുന്ന വലിയ ഭൂകമ്പത്തിന്റെയും സൂനാമിയുടെയും സൂചനയാണെന്നും ജനം ഭയന്നു. ജപ്പാനിലേക്കു യാത്രകളടക്കം വേണ്ടെന്നു വച്ചവരും ധാരാളം.

ജൂലൈ അഞ്ചിന് അപകടമൊന്നും സംഭവിച്ചില്ലെന്ന ആശ്വാസത്തില്‍ തത്സുകിയുടെ പ്രവചനം മറന്നുതുടങ്ങിയപ്പോഴാണ് ഭൂകമ്പവും പിന്നാലെ സൂനാമിയും എത്തിയത്. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റഷ്യയിലെ കാംചത്ക ഉപദ്വീപിനെ പിടിച്ചുകുലുക്കി. പിന്നീടുണ്ടായ സൂനാമി റഷ്യയിലെ തുറമുഖ നഗരമായ കുറില്‍സ്‌കില്‍ വലിയ നാശനഷ്ടമുണ്ടാക്കി. ജപ്പാനില്‍ സൂനാമി മുന്നറിയിപ്പ് നല്‍കിയ തീരങ്ങളില്‍ എല്ലായിടത്തും ഇതിനകം സൂനാമി തിരകള്‍ എത്തിയിട്ടുണ്ട്. എന്നാല്‍ വേണ്ടത്ര സുരക്ഷ മുന്‍കൂട്ടി കണ്ട് സ്വീകരിച്ചതിനാല്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. 2011ലെ ഭൂകമ്പത്തിലും സൂനാമിയിലും വലിയ നാശനഷ്ടം സംഭവിച്ചു പ്രവര്‍ത്തന രഹിതമായ ഫുക്കുഷിമ ആണവനിലയത്തിലെ തൊഴിലാളികളെയടക്കം ഇന്ന് ഒഴിപ്പിച്ചിരുന്നു. ലോകമെമ്പാടും പത്തോളം രാജ്യങ്ങള്‍ സൂനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

 

international tsunami