ഫറാ എൽ കാദി
വാലെറ്റ: തുനീസിയൻ ബ്യൂട്ടി ഇൻഫ്ലുവൻസർ ഫറാ എൽ കാദി (36) അന്തരിച്ചു. മാൾട്ടയിൽ ഒരു ഉല്ലാസബോട്ടിൽ യാത്ര ചെയ്യവേ ഹൃദയാഘാതം അനുഭവപ്പെട്ട ഫറായെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബോട്ടിൽ നിന്നും ഇവരെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നുവെന്നാണ് വിവരം. ഇൻസ്റ്റഗ്രാമിൽ ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് ഫറായ്ക്കുള്ളത്. ഒരു സ്വകാര്യ സ്ഥാപനത്തിൽ ആർക്കിടെക്റ്റും ഫാഷൻ ബ്രാൻഡായ ബസാർ ബൈ ഫാഫിന്റെ ഉടമയുമാണ് ഫറാ.
ഒരാഴ്ചത്തെ അവധിയാഘോഷിക്കാനായാണ് ഫറാ മാൾട്ടയിലെത്തിയത്. ഗ്രീസിലെ മൈകോനോസിൽനിന്ന് ജൂൺ ഏഴിന് ഇൻസ്റ്റഗ്രാമിലിട്ട പോസ്റ്റാണ് അവസാനത്തേത്. ‘യാത്രാ പ്രേമി’യെന്നും ബാത്‌റൂം ഗായികയെന്നുമാണ് ഫറാ സ്വയം വിശേഷിപ്പിക്കുന്നത്. ശരീരത്തിൽ പരുക്കുകൾ കണ്ടെത്താനായിട്ടില്ലെങ്കിലും മരണകാരണം കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത സുഹൃത്തും ഇൻഫ്ലുവൻസറുമായ സുലൈമ നെയ്നിയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഫറായുടെ മരണവിവരം പുറംലോകത്തെ അറിയിച്ചത്.