/kalakaumudi/media/media_files/2025/03/28/GFjJ6ZNL307LdcI8dE1I.jpg)
കാഠ്മണ്ഡു: നേപ്പാളില്‍ രാജഭരണം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് തലസ്ഥാനമായ കാഠ്മണ്ഡുവില്‍ കലാപം. സുരക്ഷാ ഉദ്യോഗസ്ഥരും രാജവാഴ്ച അനുകൂലികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു, 45 പേര്‍ക്ക് പരുക്കേറ്റു. നൂറുകണക്കിന് വാഹനങ്ങളും വീടുകളും ആക്രമിക്കപ്പെട്ടു. കാഠ്മണ്ഡുവിലും സമീപ പ്രദേശങ്ങളിലും കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ടിങ്കുണെ, സിനമംഗല്‍, കൊട്ടേശ്വര്‍ പ്രദേശങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജവാഴ്ചയും ഹിന്ദു രാജ്യ പദവിയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് നേപ്പാളില്‍ കലാപം നടക്കുന്നത്.
കാഠ്മണ്ഡുവില്‍ രാജവാഴ്ച അനുകൂല പ്രവര്‍ത്തകരും സുരക്ഷാ സേനയും ഏറ്റുമുട്ടി. നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് ഒന്നിലധികം തവണ കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് നിരവധി വീടുകള്‍ക്കും കെട്ടിടങ്ങളും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെയാണ് സ്ഥിതിഗതികള്‍ വഷളായതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഘര്‍ഷത്തിനിടെ ഒരു ബിസിനസ് സമുച്ചയം, ഷോപ്പിംഗ് മാള്‍, രാഷ്ട്രീയ പാര്‍ട്ടി ആസ്ഥാനം, മാധ്യമ സ്ഥാപനത്തിന്റെ കെട്ടിടം എന്നിവയ്ക്ക് പ്രതിഷേധക്കാര്‍ തീവച്ചു. പന്ത്രണ്ടിലധികം പൊലീസുകാര്‍ക്ക് പരിക്കേറ്റു. രാജവാഴ്ചയെ അനുകൂലിക്കുന്ന രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടിയും (ആര്‍പിപി) മറ്റ് ഗ്രൂപ്പുകളും പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്നു. കാഠ്മണ്ഡുവിലുടനീളം നൂറുകണക്കിന് സുരക്ഷാ സേന ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നിരവധി ആളുകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
2008-ല്‍ പാര്‍ലമെന്ററി പ്രഖ്യാപനത്തിലൂടെ 240 വര്‍ഷം നീണ്ട രാജവാഴ്ച നേപ്പാളില്‍ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് ഒരു മതേതര, ഫെഡറല്‍, ജനാധിപത്യ റിപ്പബ്ലിക്കായി നേപ്പാള്‍ മാറി. ഫെബ്രുവരി 19-ന് പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ മുന്‍ രാജാവ് പൊതുജന പിന്തുണ അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണ് രാജവാഴ്ച പുനസ്ഥാപിക്കുന്നതിനുള്ള ആഹ്വാനങ്ങള്‍ വീണ്ടും ഉയര്‍ന്നത്.