/kalakaumudi/media/media_files/KkgAerr605lHqIjcKlhc.jpg)
u s army
വാഷിംഗ്ടണ്‍: ഇസ്രയേല്‍ - ഹമാസ് യുദ്ധത്തില്‍ അമേരിക്കയുടെ ഇരട്ടത്താപ്പ് തുടരുന്നു. ഒരുവശത്തുകൂടി യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും മറുവശത്ത് യുദ്ധത്തിനായി വന്‍ ആയുധ ശേഖരമാണ് അമേരിക്ക ഇസ്രയേലിന് നല്‍കുന്നത്.
ഇസ്രയേലിന് ആയുധം കൈമാറുന്നതിനുള്ള നീക്കവുമായി മുന്നോട്ട് പോകുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഒടുവില്‍ വന്ന പ്രസ്താവന. യു.എസ് കോണ്‍ഗ്രസ് കമ്മിറ്റിയിലാണ് ബൈഡന്‍ ഇക്കാര്യം അറിയിച്ചത്. റഫയിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനെതിരായ എതിര്‍പ്പ് ചൂണ്ടിക്കാട്ടി ബൈഡന്‍ ഭരണകൂടം ഇസ്രയേലിലേക്കുള്ള ബോംബുകളുടേയും ആയുധങ്ങളുടെയും കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ പുതിയ നീക്കവുമായി ബൈഡന്‍ രംഗത്തെത്തിയിരിക്കുന്നത്.
കൈമാറ്റത്തില്‍ 700 മില്യണ്‍ ഡോളര്‍ മൂല്യമുള്ള യുദ്ധ ടാങ്കുകളും 500 മില്യണ്‍ ഡോളറിന്റെ വാഹനങ്ങളും 60 മില്യണ്‍ ഡോളര്‍ മൂല്യമുള്ള മോര്‍ട്ടാര്‍ ഷെല്ലുകളും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിരവധി റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും ഇസ്രയേലുമായുള്ള യു.എസ് ആയുധ കൈമാറ്റത്തെ പിന്തുണച്ചിട്ടുണ്ട്.
അതിര്‍ത്തി നഗരമായ റഫയിലെ നാല് ഹമാസ് ബറ്റാലിയനുകള്‍ ലക്ഷ്യമിട്ട് തെക്കന്‍ ഗസയിലേക്ക് അധിനിവേശം നടത്തുമെന്ന് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. യു.എസില്‍ നിന്ന് ലഭിക്കുന്ന യുദ്ധോപകരങ്ങള്‍ ഇസ്രയേലിന്റെ നീക്കങ്ങള്‍ എളുപ്പമാക്കുമെന്നാണ് അവര്‍ പറയുന്നത്.
തങ്ങള്‍ സൈനിക സഹായം അയക്കുന്നത് തുടരുകയാണെന്നും, മുഴുവന്‍ തുകയും ഇസ്രയേലിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പറഞ്ഞിരുന്നു. ഹമാസിനെതിരെയുള്ള ഇസ്രയേലിന്റെ വംശീയാക്രമണത്തെ സഹായിക്കുന്ന യു.എസിന്റെ ഇത്തരം നിലപാടുകള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ലോകത്താകമാനം നടന്നു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് ഇസ്രയേല്‍ ഹമാസ് യുദ്ധം തുടങ്ങിയത്. ഇസ്രയേല്‍ അതിര്‍ത്തികള്‍ ഭേദിച്ചു വന്ന ഹമാസ് പോരാളികളോടുള്ള പ്രത്യാക്രമണത്തോടെയാണ് യുദ്ധത്തിന് തുടക്കമായത്. പിന്നീട് ഉഗ്ര പോരാട്ടമായിരുന്നു ലോകം കണ്ടത്. ഗാസ ലക്ഷ്യമിട്ട് ഇസ്രേയേലില്‍ നിന്ന് മിസൈലുകളും ബോംബര്‍ വിമാനങ്ങളും ആകാശത്തു വട്ടമിട്ടു പറന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്നതെന്ന് തോന്നിയ സകല സ്ഥലങ്ങളിലും ഇസ്രയേല്‍ ഒരു ലക്കും ലഗാനുമില്ലാതെ ബോംബിട്ടു. മിസൈല്‍ വര്‍ഷിച്ചു. നൂറു കണക്കിന് പേരാണ് ഓരോ ദിവസവും ഗാസയില്‍ മരിച്ചു വീണത്. ഇസ്രയേലിന്റെ ആക്രമണം ശത്രുവിനെ ലക്ഷ്യമിട്ടപ്പോള്‍ ജീവന്‍ പോയത് നിരവധി സാധാരണ പലസ്തീനികള്‍ക്ക് കൂടിയായിരുന്നു. ഹമാസിനെ തുരത്താതെ ഇനി ഉറക്കമില്ലെന്ന് പ്രഖ്യാപിച്ച ഇസ്രയേലും പ്രധാനമന്ത്രി നെതന്യാഹുവും ഓരോ ദിവസവും ആക്രമണം കടുപ്പിക്കുക മാത്രമായിരുന്നു.
ഇതുവരെ ഇസ്രയേലും ഹമാസും ഏറ്റുമുട്ടിയതില്‍ വച്ചേറ്റവും രക്തരൂഷിതമാണ് ഈ യുദ്ധം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഗാസയിലെ ഹമാസിനെ വകവരുത്തുമെന്ന പ്രഖ്യാപനം അന്വര്‍ഥമാകും പോലെയാണ് യുദ്ധത്തിന്റെ ബാക്കി. ഇതുവരെ മരണം മുപ്പതിനായിരം കടന്നു.
സാധാരണ പ്രദേശങ്ങളില്‍ വീണ ബോംബുകളിലും മിസൈലുകളിലും നിരവധി ഗാസന്‍ ജനങ്ങളാണ് മരിച്ചു വീണത്. പിന്നാലെ ആക്രമണം സ്്കൂളുകളും ആശുപത്രികളും ലക്ഷ്യമിട്ടായി. ഇതിനു വ്യക്തമായ കാരണം ചൂണ്ടിക്കാട്ടാന്‍ ഇസ്രയേലിന്റെ പക്കലുണ്ടായിരുന്നു. ഹമാസ് ഭീകരര്‍ സാധാരണ ഗാസന്‍ ജനതയ്ക്കൊപ്പം വേഷം മാറി കഴിയുന്നു എന്നാണ് ഇസ്രയേല്‍ ആരോപിച്ചത്. ആക്രമണം കനത്തപ്പോള്‍ ഭീകരര്‍ ആശുപത്രികളിലേക്കു താവളം മാറ്റിയെന്നും ആശുപത്രികളിലേക്ക് തുറക്കുന്ന തുരങ്കങ്ങളുണ്ടെന്നും ഇസ്രയേല്‍ പറഞ്ഞു. ആദ്യം ലോകം ഇതെല്ലാം വിശ്വസിക്കാന്‍ പ്രയാസപ്പെട്ടെങ്കിലും ഗാസയില്‍ കടന്ന് ചെന്ന ഇസ്രേലി സൈന്യം ഇതെല്ലാം സത്യമാണെന്ന് ലോകത്തെ അറിയിച്ചു. ഓരോ തെളിവുകളും നിരത്തുകയും ചെയ്തു.
ഇസ്രയേല്‍ പദ്ധഥിയിട്ടതുപോലെ ഗാസ സിറ്റി ഏതാണ്ട് പൂര്‍ണമായും ഏഴ് മാസംകൊണ്ട് ഒരു കോണ്‍ക്രീറ്റ് കൂനയായിക്കഴിഞ്ഞിട്ടുണ്ട്. ഗാസയിലെ ശേഷിച്ച താമസക്കാരില്‍ ഭൂരിഭാഗവും നാടുവിട്ടു. കെട്ടിടങ്ങളും മറ്റും നശിച്ചുവീണിട്ടും ഗാസന്‍ ജനത ഇവിടെനിന്ന് പോകാന്‍ കൂട്ടാക്കിയിരുന്നില്ല. ഇസ്രയേലിന്റെ മുന്നും പിന്നും നോക്കാതെയുള്ള യുദ്ധത്തില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നത് ഇങ്ങനെയാണ്. ഇതിനേക്കാള്‍ ഗുരുതരമാണ് ഗാസയിലെ ജനങ്ങള്‍ മുഴുപ്പട്ടിണിയിലാണെന്ന കാര്യം. യുഎന്‍ എത്തിക്കുന്ന സഹായ വസ്തുക്കള്‍ ഗാസയിലെ പത്തിലൊന്നു പേര്‍ക്കു പോലും തികയുന്നില്ല. അതുകൊണ്ടു തന്നെയാണ് സഹായ വാഹനങ്ങള്‍ എത്തുമ്പോള്‍ വലിയ തിക്കും തിരക്കുമുണ്ടാകുന്നത്.
ഒക്ടോബര്‍ ഏഴിന് ഹമാസുകാര്‍ ബന്ദികളാക്കിയ ഇരുനൂറ്റമ്പതോളം പേരില്‍ എത്രപേര്‍ ജീവനോടെ ബാക്കിയുണ്ടെന്ന കാര്യത്തില്‍ വലിയ ആശങ്ക ഇപ്പോഴുമുണ്ട്. 120 പേരെ മോചിപ്പിച്ചിരുന്നു. ശേഷിച്ച 130ഓളം പേരില്‍ 31 പേര്‍ ഇസ്രേലി ആക്രമണത്തില്‍ കൊല്ലപ്പട്ടതായി ഹമാസ് അറിയിച്ചിരുന്നു. എന്നാല്‍, ബാക്കിയുള്ളവര്‍ ജീവനോടെയുണ്ടോ എന്നു വ്യക്തമാക്കാന്‍ ഇതുവരെ ഹമാസ് തയാറായിട്ടില്ല. ഇവരുടെ കാര്യത്തില്‍ ഒരു വ്യക്തത വരുത്താന്‍ ഇസ്രയേല്‍ ആവശ്യപ്പെടുമെന്നുറപ്പാണ്.