/kalakaumudi/media/media_files/2025/02/20/3MvTCxWw340IGMAwitjo.jpg)
പാനമ സിറ്റി: യുഎസില്‍നിന്നു നാടുകടത്തിയ ഇന്ത്യക്കാരടക്കം മുന്നൂറോളം കുടിയേറ്റക്കാര്‍ പാനമയിലെ ഹോട്ടലില്‍ തടവില്‍. ഹോട്ടലിലെ ചില്ലുജനലിന് അരികെ വന്നു കരയുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്യുന്ന ഇവരുടെ ചിത്രങ്ങള്‍ പുറത്തു വന്നു. ഇന്ത്യ, ഇറാന്‍, നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണു മധ്യഅമേരിക്കന്‍ രാജ്യമായ പാനമയില്‍ കഴിയുന്നത്.
പാനമയും യുഎസും തമ്മിലുള്ള കരാര്‍ പ്രകാരം ഇവര്‍ക്കു ഭക്ഷണവും ആരോഗ്യസേവനങ്ങളും നല്‍കുന്നുണ്ട്. നാടുകളിലെത്തിക്കാന്‍ രാജ്യാന്തര സന്നദ്ധ സംഘടനകള്‍ സൗകര്യമൊരുക്കുംവരെ പുറത്തിറങ്ങാന്‍ അനുമതിയില്ല. മുറികള്‍ക്കു പൊലീസ് കാവലുണ്ട്. ഇവിടെയുള്ള 40 ശതമാനത്തിലേറെപ്പേര്‍ സ്വമേധയാ സ്വന്തം രാജ്യത്തേക്കു മടങ്ങാന്‍ തയാറല്ലെന്നാണു റിപ്പോര്‍ട്ട്. ഇവരില്‍ ചിലരാണു ഹോട്ടല്‍ ജനാലകള്‍ക്കു സമീപമെത്തി സഹായം അഭ്യര്‍ഥിച്ചത്.
'സഹായിക്കണം', 'ഞങ്ങളുടെ രാജ്യം രക്ഷിക്കില്ല' തുടങ്ങിയ വാചകങ്ങള്‍ കടലാസില്‍ എഴുതി ജനലില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. കരഞ്ഞുകൊണ്ടാണ് ഇവര്‍ സഹായം തേടുന്നതെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരു ഇടത്താവളമായ കോസ്റ്ററിക്കയിലേക്കും കഴിഞ്ഞ ദിവസം ഇന്ത്യക്കാരടക്കം 200 പേരുമായി ആദ്യവിമാനം എത്തിയിരുന്നു. കൂടുതല്‍ വിമാനങ്ങള്‍ വരുംദിവസങ്ങളില്‍ എത്തും. പാനമയില്‍നിന്നു നാട്ടിലേക്കു മടങ്ങില്ലെന്ന നിലപാടുള്ളവരെ വിദൂരമായ ദാരിയന്‍ പ്രവിശ്യയിലെ കേന്ദ്രത്തിലേക്കു മാറ്റാനും നീക്കമുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
