വാഷിങ്ടണ്‍: കേന്ദ്രീകൃത വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള എക്‌സിക്യുട്ടിവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവയ്ക്കുമെന്നു റിപ്പോര്‍ട്ട്. വിദ്യാഭ്യാസ വകുപ്പ് പൊളിച്ചുമാറ്റുമെന്നുള്ള തിരഞ്ഞെടുപ്പ് പ്രചാരണവേളയിലെ ട്രംപിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായാകും നടപടിയെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതിന്റെ ആദ്യ നടപടിയെന്ന രീതിയില്‍ കഴിഞ്ഞ ആഴ്ച വിദ്യാഭ്യാസ വകുപ്പിലെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ട്രംപിന്റെ ഉത്തരവിനു മുന്നോടിയായി അതിനെ ചോദ്യം ചെയ്ത് ഒരുപറ്റം ഡെമ്രോക്കാറ്റിക് സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍മാര്‍ രംഗത്തെത്തി.
കേന്ദ്രീകൃത വിദ്യാഭ്യാസ വകുപ്പ് പിരിച്ചു വിടുന്നതില്‍നിന്ന് ട്രംപിനെ തടയണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കേസ് ഫയല്‍ ചെയ്തു. വിദ്യാഭ്യാസമേഖലയില്‍ സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കി വികേന്ദ്രീകരണം നടത്തുന്നതിന്റെ ഭാഗമാണ് നീക്കമെന്നാണ് ട്രംപിന്റെ വിശദീകരണം.
ട്രംപും അദ്ദേഹത്തിന്റെ ഉപദേശകന്‍ ഇലോണ്‍ മസ്‌കും ചേര്‍ന്ന് വിവിധ സര്‍ക്കാര്‍ പരിപാടികളും യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയോടെ നിര്‍ത്തലാക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. എന്നാല്‍ ഒരു കാബിനറ്റ് തലത്തിലുള്ള ഏജന്‍സി നിര്‍ത്തലാക്കാനുള്ള ട്രംപിന്റെ ആദ്യ തീരുമാനമായിരിക്കും വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടുന്നതിലൂടെ സംഭവിക്കുക.
എന്നാല്‍ യുഎസ് കോണ്‍ഗ്രസിലെ നിയമനിര്‍മാണത്തിലൂടെ മാത്രമേ ട്രംപിന് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടുന്ന നടപടികളുമായി മുന്നോട്ടു പോകാനാകൂ. യുഎസ് സെനറ്റില്‍ 5347 ഭൂരിപക്ഷമാണ് ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത്. എന്നാല്‍ കാബിനറ്റ് തലത്തിലുള്ള ഏജന്‍സിയെ നിര്‍ത്തലാക്കുന്നതു പോലുള്ള പ്രധാന നിയമനിര്‍മാണങ്ങള്‍ക്ക് 60 വോട്ടുകള്‍ വേണം. അതായത് ട്രംപിന്റെ നീക്കം നടപ്പിലാകണമെങ്കില്‍ ഏഴു ഡെമോക്രാറ്റുകളെങ്കിലും പിന്തുണയ്ക്കണം.