/kalakaumudi/media/media_files/2025/02/28/QMOwTr4DRAwBzfq2bEhV.jpg)
വാഷിംഗ്ടണ്‍ : മെക്‌സിക്കോയ്ക്കും കാനഡയ്ക്കും മാര്‍ച്ച് 4 മുതല്‍ തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മെക്‌സിക്കന്‍, കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% തീരുവ ഏര്‍പ്പെടുത്താനുള്ള തന്റെ നിര്‍ദ്ദേശം മാര്‍ച്ച് 4 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് നിലവിലുള്ള തീരുവ ഇരട്ടിയാക്കിയതായും ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
മെക്‌സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നും ഫെന്റനൈല്‍ പോലുള്ള മയക്കുമരുന്നുകള്‍ വലിയ അളവില്‍ യുഎസിലേക്ക് കടത്തുന്നത് ഇപ്പോഴും തുടരുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇറക്കുമതി നികുതി ചുമത്തുന്നത് മറ്റ് രാജ്യങ്ങളെ കള്ളക്കടത്ത് തടയാന്‍ നിര്‍ബന്ധിതരാക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഇതോടൊപ്പം മാര്‍ച്ച് 4 മുതല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 10% കൂടി തീരുവ ഏര്‍പ്പെടുത്തുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 4 ന് ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് അദ്ദേഹം ചുമത്തിയ 10% തീരുവയ്ക്ക് പുറമേയായിരിക്കും അധിക തീരുവ ചുമത്തുന്നത്.
തീരുവകള്‍ വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ഇതിനകം തന്നെ ആഗോള സമ്പദ്വ്യവസ്ഥയില്‍ ആശങ്കകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അമേരിക്കയുടെ രണ്ട് പ്രധാന വ്യാപാര പങ്കാളികളായ കാനഡയിലും മെക്‌സിക്കോയിലും താരിഫ് ഏര്‍പ്പെടുത്തിയാല്‍ പണപ്പെരുപ്പം വര്‍ദ്ധിക്കുമെന്നും അത് വാഹന മേഖലയെ ഉള്‍പ്പെടെ ബാധിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.