ദുബായ്: ഇനിമുതൽ അപേക്ഷകരുടെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഫാമിലി വീസ അനുവദിക്കാൻ തീരുമാനിച്ച് യുഎഇ . 3000 ദിർഹം (ഏകദേശം 68,000 രൂപ) മാസശമ്പളവും താമസ സൗകര്യവുമുള്ള ആർക്കും ഇനി കുടുംബത്തെ എത്തിക്കാം. താമസ സൗകര്യത്തിന്റെ ചെലവ് സ്പോൺസർ വഹിക്കണം. 4000 ദിർഹം (ഏകദേശം 91,000 രൂപ) ശമ്പളമുള്ളവർക്കു താമസ സൗകര്യമുണ്ടെങ്കിൽ സ്പോൺസറുടെ സഹായമില്ലാതെ കുടുംബത്തെ എത്തിക്കാം.
പിതാവ് യുഎഇയിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ മക്കളുടെ സ്പോൺസർഷിപ് മാതാവിനു ലഭിക്കില്ല. പിതാവിന്റെ വീസയിൽത്തന്നെ എത്തണം. ജോലി ചെയ്യാൻ അനുമതിയില്ലാത്ത താമസ വീസയാണു മക്കൾക്കു ലഭിക്കുക. എന്നാൽ, യുഎഇയിൽ പഠിക്കുന്ന ആൺകുട്ടികൾക്ക് ഒരുവർഷ കാലാവധിയുള്ള വീസയാകും ലഭിക്കുക. ഇതു പഠനം കഴിയും വരെ പുതുക്കാം.
ഉദ്യോഗസ്ഥർക്കും സംരംഭകർക്കും കുടുംബ വീസയ്ക്ക് അപേക്ഷിക്കാനും അനുമതിയുണ്ട്. ഭാര്യയ്ക്കും 18 വയസ്സ് കഴിയാത്ത ആൺകുട്ടികൾക്കും അവിവാഹിതരായ പെൺമക്കൾക്കും കുടുംബനാഥന്റെ സ്പോൺസർഷിപ്പിൽ വീസ ലഭിക്കും.
താൽക്കാലിക വീസയിൽ എത്തിയവരെ സ്ഥിരം ആശ്രിത വീസയിലേക്കു മാറ്റുമ്പോൾ കുടുംബം രാജ്യത്തെത്തിയ ദിവസം മുതൽ 2 മാസത്തിനകം സ്പോൺസർഷിപ് മാറ്റത്തിനുള്ള നടപടികൾ പൂർത്തിയാക്കണം. കുടുംബനാഥന്റെ വീസ കാലാവധി വരെ കുടുംബത്തിനും രാജ്യത്തു കഴിയാം. 18 വയസ്സിനു മുകളിലുള്ളവർക്ക് വീസ നടപടികൾ പൂർത്തിയാക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധം ആണ് .