/kalakaumudi/media/media_files/2026/02/25/fog2-2026-02-25-09-28-33.jpg)
ദുബായ്: യുഎഇയില്‍ ശക്തമായ മൂടല്‍മഞ്ഞ് തുടരുന്നു. നിലവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ ശക്തമായ മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്നാണ് വിവരം. ശൈത്യകാലം അവസാനിച്ച് വേനലിലേക്ക് കടക്കുന്നതിന്റെ മാറ്റങ്ങളാണ് നിലബിള്‍ കാലാവസ്ഥയില്‍ ഉണ്ടാകുന്നത് എന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. പ്രത്യേകിച്ചും പുലര്‍ച്ചെ സമയങ്ങളിലും രാത്രി വൈകിയുമാണ് കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നത്. ഈ സമയങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ മുതല്‍ തീരദേശ മേഖലകളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും ദൃശ്യപരിധി ഗണ്യമായി കുറഞ്ഞു.
ചിലയിടങ്ങളില്‍ ഇത് 200 മീറ്ററില്‍ താഴെയായാണ് രേഖപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി അബുദാബി ഉള്‍പ്പെടെയുള്ള എമിറേറ്റുകളില്‍ മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറയ്ക്കുകയും ചെയ്തു. കൂടാതെ റോഡരികിലെ ഡിജിറ്റല്‍ ബോര്‍ഡുകളില്‍ നല്‍കിയിട്ടുള്ള വേഗത നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് കനത്ത പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഇനിയും കനത്ത മൂടല്‍മഞ്ഞ് തുടരാന്‍ സാധ്യതയുണ്ട് എന്നാണ് അടുത്ത അഞ്ച് ദിവസത്തെ പ്രവചനം. രാത്രിയില്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പം 90 ശതമാനം വരെ ഉയരുന്നതാണ് മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള പ്രധാന കാരണം. കൂടാതെ വ്യാഴാഴ്ചയോടെ താപനിലയില്‍ നേരിയ കുറവുണ്ടാകുമെങ്കിലും വെള്ളിയാഴ്ചയോടെ ആകാശം ഭാഗികമായി മേഘാവൃതമാകാനും സാധ്യതയുണ്ട്.
അതേസമയം പകല്‍ സമയങ്ങളില്‍ താപനില വര്‍ധിച്ചു വരികയാണ്. നിലവില്‍ 29 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ശരാശരി ചൂട്. എന്നാല്‍ രാത്രിയില്‍ താപനില 11 ഡിഗ്രി വരെ താഴാനും സാധ്യതയുള്ളതിനാല്‍ തണുപ്പ് കൂടും. കൂടാതെ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ നാളെ രാത്രിയോടെ അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
