പരിസ്ഥിതി പ്രവർത്തകർക്ക് യുഎഇയുടെ 10 വർഷ വിസ; എന്താണ് ബ്ലൂ റെസിഡൻസി വിസ..!

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ അബൂദാബിയിലെ ഖസ്‌റ് അൽ വത്വൻ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം

author-image
Greeshma Rakesh
Updated On
New Update
passport

uae introduce new 10year blue residency visa for environmental champions

Listen to this article
0.75x 1x 1.5x
00:00 / 00:00

അബുദാബി: പരിസ്ഥിതി പ്രവർത്തകർക്കും വക്താക്കൾക്കുമായി പുതിയ ദീർഘകാല റസിഡൻസി വിസ പ്രഖ്യാപിച്ച് യുഎഇ. 10 വർഷ കാലാവധിയുള്ള വിസ 'ബ്ലൂ റെസിഡൻസി' എന്ന പേരിലാണ് അറിയപ്പെടുക. പരിസ്ഥിതി സംരക്ഷണ രംഗത്ത് അസാധാരണമായ പരിശ്രമങ്ങൾ നടത്തുകയും സംഭാവനകൾ നൽകുകയും ചെയ്ത വ്യക്തികൾക്ക് മാത്രമെ യുഎഇയുടെ ഈ  വിസ അനുവദിക്കൂ.

യുഎഇക്ക് അകത്തും പുറത്തുമുള്ള സുസ്ഥിര സംരംഭങ്ങളെ അംഗീകരിക്കുയും പിന്തുണയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്ലൂ റസിഡൻസി വിസയുമായി യുഎഇ എത്തിയിരിക്കുന്നത്.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ അബൂദാബിയിലെ ഖസ്‌റ് അൽ വത്വൻ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും അവയ്ക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര കമ്പനികൾ, അസോസിയേഷനുകൾ, സർക്കാരിതര സംഘടനകൾ എന്നിവയിലെ അംഗങ്ങൾ, ഈ മേഖലയിലെ ആഗോള അവാർഡ് ജേതാക്കൾ, പരിസ്ഥിതി പ്രവർത്തനത്തിലെ വിശിഷ്ട വ്യക്തികൾ, ഗവേഷകർ തുടങ്ങിയവർക്കാണ് ബ്ലൂ റെസിഡൻസി വിസ അനുവദിക്കുക. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി വഴി യോഗ്യരായ വ്യക്തികൾക്ക് ദീർഘകാല വിസയ്ക്കായി അപേക്ഷകൾ സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു.

പരിസ്ഥിതി സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളെ ബന്ധപ്പെട്ട അധികാരികൾക്ക് ബ്ലൂ റെസിഡൻസിക്ക് നാമനിർദ്ദേശം ചെയ്യാനും കഴിയും. 2024 സുസ്ഥിരതയുടെ വർഷമായി ആചരിക്കുന്നതിനായി രാജ്യം ആരംഭിച്ച സംരംഭങ്ങളുടെ ഭാഗമാണ് പുതിയ റെസിഡൻസി പദ്ധതിയെന്നും ശെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.രണ്ട് വർഷത്തെ സാധുതയുള്ള റെസിഡൻസി വിസകളാണ് സാധാരണ വിദേശികൾക്ക് യുഎഇ അനുവദിക്കാറ്. 

എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി 2019-ൽ, നിക്ഷേപകർ, സംരംഭകർ, ശാസ്ത്രജ്ഞർ, മികച്ച വിദ്യാർത്ഥികൾ, ബിരുദധാരികൾ, വിവിധ മേഖലകളിലെ തുടക്കക്കാർ എന്നിവർക്കായി ഗോൾഡൻ വിസകൾ എന്ന പേരിൽ 10 വർഷത്തെ റെസിഡൻസി വിസ പദ്ധതി രാജ്യം പ്രഖ്യാപിച്ചിരുന്നു. മൂന്ന് വർഷത്തിന് ശേഷം, വിദഗ്ധരായ പ്രൊഫഷണലുകൾ, ഫ്രീലാൻസർമാർ, നിക്ഷേപകർ, സംരംഭകർ എന്നിവർക്കായി ഗ്രീൻ വിസ എന്ന പേരിൽ അഞ്ച് വർഷത്തെ റെസിഡൻസി വിസയും രാജ്യം പ്രഖ്യാപിച്ചു. അതിനു പിന്നാലെയാണ് പരിസ്ഥിതി പ്രവർത്തകർക്കായി പുതിയ 10 വർഷ വിസ അവതരിപ്പിച്ചിരിക്കുന്നത്.

blue residency visa uae gulf news environmental champions