/kalakaumudi/media/media_files/2025/08/16/uae-2025-08-16-16-02-41.jpg)
ബഷീര്‍ വടകര
അബുദാബി :യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് 54ാമത് ദേശീയ ദിനാഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ രാജ്യത്തുടനീളം ശക്തമായി പുരോഗമിക്കുന്നു. 2025 ഡിസംബര്‍ 2, 3 തീയതികളില്‍ ദേശീയ ദിനത്തിനോടനുബന്ധിച്ച് ഔദ്യോഗിക അവധി ദിനങ്ങളായി പ്രഖ്യാപിച്ചിരിക്കുകയാണ്.
'Spirit of the Union' എന്ന തീമിലാണ് ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ നടക്കുന്നത്,
രാജ്യത്തിന്റെ സ്ഥാപക മൂല്യങ്ങളും ലക്ഷ്യങ്ങളും ലോകത്തിന്റെ മുമ്പില്‍ ഉയര്‍ത്തിക്കാട്ടുന്ന വിവിധ സാംസ്‌കാരിക-കലാപരിപാടികളാല്‍ സമ്പനമാണ് ഈ പ്രാവശ്യത്തെ ദേശീയ ദിനാഘോഷ ചടങ്ങുകള്‍'
വിപുലമായ പാരേഡുകള്‍, വ്യോമപ്രകടനങ്ങള്‍, ദേശീയ ഗാനത്തിന് അകമ്പടിയായി സംഗീത-നൃത്താവിഷ്‌കാരങ്ങള്‍, ആകാശത്ത് വിസ്മയം തീര്‍ക്കുന്ന ഫയര്‍വര്‍ക്കുകള്‍, ഡ്രോണ്‍ ഷോകള്‍ എന്നിവയ്ക്ക് അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍ തുടങ്ങി എല്ലാ എമിറേറ്റുകളും പ്രത്യേകം പ്രത്യേകം വേദികളാവും.
യുഎയുടെ തലസ്ഥാനമായ അബുദാബിയില്‍ ഷെയ്ഖ് സായിദ് ഫെസ്റ്റിവല്‍, വ്യോമസേനാ എയര്‍ ഷോ, വാഹന റാലികള്‍, രാത്രി ആകാശത്തെ പ്രകാശിപ്പിക്കുന്ന ഫയര്‍വര്‍ക്കുകള്‍ എന്നിവയാണ് ഈ പ്രാവശ്യത്തെ പ്രധാന ആകര്‍ഷണങ്ങള്‍.
ദുബായില്‍ ഡൗണ്‍ ടൗണ്‍, ബുര്‍ജ് ഖലീഫ മേഖലയിലും ദുബായ് മാളിലും വമ്പിച്ച സാംസ്‌കാരിക പരിപാടികള്‍, കോണ്‍സര്‍ട്ടുകള്‍, ഷോപ്പിംഗ് ഫെസ്റ്റിവലുകളില്‍ ഉപഭോക്താക്കളെ ആകര്‍ഷിപ്പിക്കുന്ന പ്രത്യേക സെയില്‍ ഓഫറുകള്‍ സംഘടിപ്പിക്കും.
ഷാര്‍ജ, ഫുജൈറ, റാസ് അല്‍ ഖൈമ എന്നിവിടങ്ങളിലും പ്രാദേശിക സാംസ്‌കാരിക സംഘങ്ങള്‍ അവതരിപ്പിക്കുന്ന ജനകീയ കലാരൂപങ്ങള്‍, കുട്ടികള്‍ക്കായുള്ള വിനോദ-വിദ്യാഭ്യാസ പരിപാടികള്‍, കുടുംബസമേതം പങ്കെടുക്കാവുന്ന ഭക്ഷ്യമേളകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കും.
ദേശീയ ദിനത്തിന്റെ ഭാഗമായി, പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങള്‍ ദേശീയ പതാക പ്രദര്‍ശനങ്ങള്‍, സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍, ചരിത്ര പൈതൃക പ്രദര്‍ശനങ്ങള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
രാജ്യമെമ്പാടും തെരുവുകളും കെട്ടിടങ്ങളും യുഎഇ പതാകയും തെരുവ് വിളക്കുകളാല്‍ വര്‍ണ്ണ വിസ്മയ നിറങ്ങളില്‍ അലങ്കരിക്കപ്പെടും. കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 2025 ഡിസംബര്‍ 2-ന് ഇന്റര്‍നാഷണല്‍ ടി-20 ക്രിക്കറ്റ് ലീഗ് ടൂര്‍ണമെന്റിന്റെ നാലാം സീസനാണ് ആരംഭിക്കുന്നത്.
ദേശീയ ദിനാഘോഷങ്ങളോടൊപ്പം ക്രിക്കറ്റ് ആരാധകര്‍ക്കും ആവേശകരമായ അവസരം ഒരുക്കുന്ന തരത്തിലാണ് മത്സരക്രമം ഒരുക്കിയിരിക്കുന്നത്. വിവിധ സമൂഹങ്ങളിലേക്കും തലമുറകളിലേക്കും യുഎഇയുടെ ലോക ജനതയെ കോര്‍ത്തിണക്കിയതിന്റെ ആത്മഹര്‍ഷമാര്‍ന്ന നേട്ടങ്ങളുടെ ഓര്‍മ്മകള്‍ പകര്‍ന്നു നല്‍കുന്ന വേദികള്‍ തന്നെയായിരിക്കും 54-ാമത് ദേശീയ ദിനത്തെ സമ്പന്നമാക്കുന്നത്.
രാജ്യത്തിന്റെ ദേശീയ ദിനം എന്നാല്‍ ഒരു പതാക ഉയര്‍ത്തുന്ന ചടങ്ങല്ല മറിച്ച് ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ട് തുടരുന്ന യുഎഇ എന്ന രാജ്യത്തിന്റെ ഒരു സാഹസിക ജൈത്രയാത്രയുടെ പ്രതിഫലിപ്പിക്കുന്ന കാഴ്ച കൂടിയാണ്.
ദേശീയ ദിനാഘോഷം ഭാവിയെ ധൈഷണികമായി ഇനിയും മുന്നോട്ടുകൊണ്ടുപോകാന്‍ സ്വദേശികളും വിദേശികളുമെല്ലാം ഒന്നിച്ചു ചേര്‍ന്ന് നിന്ന് പ്രതിഞ്ജ പുതുക്കല്‍ ഒക്കയാണ്. 'Spirit of the Union' മരുഭൂമിയുടെ മണലുകളില്‍ നിന്നുയര്‍ന്ന് ലോകത്തിന്റെ ഭൂപടത്തില്‍ തെളിഞ്ഞൊരു ഐക്യത്തിന്റെ ഐതിഹാസിക കഥ.
അത് തന്നെയാണ് ഈ വര്‍ഷത്തെ ആഘോഷത്തിന്റെ തീം.
54-ാമത് ദേശീയ ദിനം രാജ്യത്തിന്റെ വികസനവും മാനവീയമായ ഐക്യവും ഐശ്വര്യവും സമാധാനവും പുലരുന്ന നല്ല നാളേക്ക് വേണ്ടിയുള്ള സന്ദേശങ്ങളുടെ ആഘോഷമായാണ് യുഎഇ ദേശീയ ദിന ആഘോഷം കൊണ്ട് ലക്ഷ്യമിടുന്നത്.