/kalakaumudi/media/media_files/2025/09/11/uae-2025-09-11-07-03-19.jpg)
ദോഹ: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ദോഹയില്‍. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹത്തെയും കൂടെയുള്ള പ്രതിനിധി സംഘത്തെയും സ്വീകരിച്ചു. സൗഹൃദ സന്ദര്‍ശനത്തിനായാണ് സംഘം എത്തിയതെന്നാണ് യുഎഇ വാര്‍ത്താ ഏജന്‍സിയുടെ വിശദീകരണം. അമീറിന്റെ പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി, മറ്റ് നിരവധി പ്രമുഖരും യുഎഇ പ്രസിഡന്റിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി.
ദുബൈ കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബൂദബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, എന്നിവരുള്‍പ്പെടെയുള്ള ഉന്നതതല സംഘം യുഎഇ പ്രസിഡന്റിന്റ കൂടെ ദോഹയിലെത്തിയിട്ടുണ്ട്.
അതേസമയം ഖത്തറിന് നേരെയുണ്ടായ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് അറബ് രാജ്യങ്ങള്‍. പരമാധികാരത്തെ ചോദ്യം ചെയ്ത സാഹചര്യത്തില്‍ ഖത്തര്‍ എടുക്കുന്ന ഏത് തീരുമാനത്തിനും ഒപ്പമുണ്ടാകുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കി. 22 അറബ് രാജ്യങ്ങള്‍ ഉള്‍പ്പെട്ട അറബ് ലീഗും, ആറ് ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗള്‍ഫ് സഹകരണ കൗണ്‍സിലും ഏക സ്വരത്തിലാണ് ഖത്തറിനെതിരായ ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ചത്.
ഇസ്രായേലിന്റേത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്ന് അവര്‍ കുറ്റപ്പെടുത്തി ഖത്തര്‍ അമീറിനെ ഫോണില്‍ വിളിച്ച യു.എ.ഇ പ്രസിഡന്റ്, സൗദി കിരീടാവകാശി, കുവൈത്ത് അമീര്‍ എന്നിവര്‍ക്ക് പുറമേ, ബഹ്റൈന്‍ ശൂറാ കൗണ്‍സിലും ഒമാന്‍ വിദേശകാര്യമന്ത്രാലയവും തങ്ങള്‍ ഒപ്പമുണ്ടാകുമെന്ന് വ്യക്തമാക്കി.