/kalakaumudi/media/media_files/2025/09/21/pp-2025-09-21-20-10-29.jpg)
ജറുസലം: പലസ്തീനിന്റെ സ്വതന്ത്ര രാഷ്ട്രപദവിക്കായി നിര്‍ണായക നീക്കമാണ് ബ്രിട്ടന്റെ നേതൃത്വത്തില്‍ നടത്തിയത്. രാജ്യം അംഗീകരിക്കുന്നതായി തിങ്കളാഴ്ച 10 രാജ്യങ്ങള്‍ പ്രഖ്യാപനം നടത്താനിരിക്കെ ഇസ്രയേല്‍ ഗാസ സിറ്റിയില്‍ ക്രൂരമായ ആക്രമണം നടത്തിയി. ആക്രമണത്തില്‍ കുട്ടികളടക്കം 34 പേര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയുടെ ദക്ഷിണഭാഗത്തെ ജനവാസ മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട 14 പേരും ഇതില്‍ ഉള്‍പ്പെടുന്നെന്ന് അല്‍ഷിഫ ആശുപത്രി അധികൃതര്‍ പറഞ്ഞു. ആശുപത്രിയിലെ ഒരു നഴ്‌സും ഭാര്യയും മൂന്നു കുഞ്ഞുങ്ങളും കൊല്ലപ്പെട്ടെന്നും അധികൃതര്‍ അറിയിച്ചു.
ക്ഷാമബാധിതമായി പ്രഖ്യാപിക്കപ്പെട്ട ഗാസ സിറ്റിയില്‍ തുടരാക്രമണം നടത്തുന്നതിലൂടെ, ആളുകളെ ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരാക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. അതേസമയം, ആക്രമണത്തെപ്പറ്റി ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.
ബ്രിട്ടന്‍, ബല്‍ജിയം, കാനഡ, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, മാള്‍ട്ട, ലക്‌സംബര്‍ഗ് എന്നിവയടക്കം 10 രാജ്യങ്ങളാണ് പലസ്തീനിന്റെ രാഷ്ട്രപദവി അംഗീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ വാര്‍ഷികസമ്മേളനത്തിനു മുന്നോടിയായാണ് പ്രഖ്യാപനം. ഇന്നലെ ഗാസ സിറ്റി വളഞ്ഞ് ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 51 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു.
ഹമാസ് താവളങ്ങളാണു ലക്ഷ്യമെന്നു പറഞ്ഞാണു ഗാസ സിറ്റി വളഞ്ഞുവച്ച് ആക്രമണം നടത്തുന്നത്. രണ്ടാഴ്ചയ്ക്കിടെ ഗാസ സിറ്റിയിലെ ബഹുനിലകെട്ടിടങ്ങളെല്ലാം ബോംബിട്ടു തകര്‍ത്തു. സൈനികനടപടി എത്രനാള്‍ നീളുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഗാസ സിറ്റിയിലെ ജനസംഖ്യയുടെ പകുതിയോളം, നാലര ലക്ഷം പേര്‍, ഇതിനകം പലായനം ചെയ്തുകഴിഞ്ഞു.