/kalakaumudi/media/media_files/2025/08/11/modi-2-2025-08-11-22-46-54.jpg)
ന്യൂഡല്‍ഹി: ട്രംപിന്റെ താരിഫ് യുദ്ധത്തിന് ക്ലിയര്‍ കട്ട് പറഞ്ഞ് ഇന്ത്യ രംഗത്തുവന്നതോടെ ഇന്ത്യയുടെ ശക്തമായ നിലപാടിന് പിന്തുണയേറുന്നു. രാഷ്ട്രങ്ങളില്‍ പലരും ഇന്ത്യയുടെ നിലപാടുകളോട് അനുഭാവം പ്രകടിപ്പിക്കുകയാണ്.
റഷ്യയുമായി യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങളില്‍ ഇന്ത്യയുടെ പിന്തുണ തേടി ഇന്നലെ യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി മോദിയുമായെ വിളിച്ചു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യകത മോദിയെ അറിയിച്ചതായി സെലന്‍സ്‌കി എക്‌സില്‍ കുറിച്ചു. മോദിയുമായി നീണ്ട സംഭാഷണത്തില്‍ ഏര്‍പ്പെട്ടെന്നും സെലന്‍സ്‌കി പറഞ്ഞു.
''ഞങ്ങളുടെ നഗരങ്ങളില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങളെ കുറിച്ചും സപ്പോരിജിയയിലെ ബസ് സ്റ്റേഷനുനേരെ ഇന്നലെ നടന്ന ആക്രമണത്തെക്കുറിച്ചും ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. റഷ്യ മനഃപൂര്‍വം നടത്തിയ ബോംബാക്രമണത്തില്‍ ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരുക്കേറ്റു. യുദ്ധം അവസാനിപ്പിക്കാന്‍ ഒടുവില്‍ ഒരു നയതന്ത്ര സാധ്യത തെളിഞ്ഞുവന്ന സമയത്താണ് റഷ്യ ഇങ്ങനെ ചെയ്യുന്നത്. വെടിനിര്‍ത്തലിനു സന്നദ്ധത പ്രകടിപ്പിക്കുന്നതിനു പകരം, അധിനിവേശവും കൊലപാതകങ്ങളും തുടരാനാണ് റഷ്യ ആഗ്രഹിക്കുന്നത്.
യുക്രെയ്‌നുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യുക്രെയ്‌ന്റെ പങ്കാളിത്തത്തോടെ വേണം തീരുമാനിക്കാന്‍. മറ്റു വഴികളൊന്നും ഫലം കാണില്ല. യുദ്ധത്തിനു പണം കണ്ടെത്താനായി റഷ്യ സ്വീകരിക്കുന്ന മാര്‍ഗങ്ങളെല്ലാം ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ ഇന്ത്യയിലേക്കുള്ള റഷ്യയുടെ എണ്ണ കയറ്റുമതി പരിമിതപ്പെടുത്തേണ്ടതിന്റെ അനിവാര്യത ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. സെപ്റ്റംബറില്‍ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയ്ക്കിടെ പ്രധാനമന്ത്രി മോദിയുമായി ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്'' സെലെന്‍സ്‌കി എക്‌സില്‍ കുറിച്ചു
സംഘര്‍ഷം എത്രയും നേരത്തെ, സമാധാനപരമായി പരിഹരിക്കേണ്ടതിന്റെ അവശ്യകത സെലെന്‍സ്‌കിയെ അറിയിച്ചതായി മോദി എക്‌സില്‍ കുറിച്ചു. ''ഈ കാര്യത്തില്‍ സാധ്യമായ എല്ലാ സംഭാവനകളും നല്‍കുന്നതിനും യുക്രെയ്‌നുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്'' മോദി എക്‌സില്‍ കുറിച്ചു.