/kalakaumudi/media/media_files/2025/11/26/putin-zela-2025-11-26-08-51-31.jpg)
വാഷിങ്ടണ്‍: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സുപ്രധാന തീരുമാനവുമായി യുക്രെയ്ന്‍. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാര്‍ യുക്രെയ്ന്‍ അംഗീകരിച്ചു. യുഎസ് മുന്നോട്ടുവെച്ച 28 കാര്യങ്ങളടങ്ങിയ സമാധാന പദ്ധതിയിലാണ് പൊതുവായ ധാരണയായതെന്ന് യുക്രെയ്ന്‍ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച ജെനീവയില്‍ നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് അമേരിക്കയുടെയും യുക്രെയ്ന്റെയും ഉദ്യോഗസ്ഥര്‍ സമാധാന കരാരിന് അന്തിമരൂപം നല്‍കിയത്. രണ്ടു രാജ്യങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ് അന്തിമ സമാധാന കരാറിന് രൂപം നല്‍കിയതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഉചിതമായ സമാധാന പദ്ധതിയാണിതെന്നും റഷ്യയിലും യുക്രൈനിലും ഉടന്‍ പ്രതിനിധികളെ അയക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഒമ്പതുമാസത്തിനിടെ എട്ട് യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു.
സമാധാന പദ്ധതി അംഗീകരിക്കാന്‍ ധാരണയായെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പ്രതികരിച്ചു. ദിവസങ്ങള്‍ക്കകം അമേരിക്കയിലെത്തി ഡോണള്‍ഡ് ട്രംപിനെ നേരിട്ട് കാണുമെന്നും സെലന്‍സ്‌കി അറിയിച്ചു. യുക്രെയ്ന്‍ സമാധാന പദ്ധതി അംഗീകരിച്ചതോടെ മൂന്നു വര്‍ഷം പിന്നിട്ട റഷ്യ യുക്രൈന്‍ യുദ്ധം അവസാനിക്കാനുള്ള വഴിയാണ് തെളിയുന്നത്.
റഷ്യ കൂടി അനുകൂല നിലപാട് സ്വീകരിച്ചാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നതിലേക്ക് നയിക്കും. ഇതിനായി വരുംദിവസങ്ങളില്‍ ഇരുരാജ്യങ്ങളുമായി നടത്തുന്ന ചര്‍ച്ചകള്‍ നിര്‍ണായകമാണ്. സമാധാന കരാര്‍ യുക്രെയ്ന്‍ അംഗീകരിച്ചതോടെ റഷ്യയുമായി ചര്‍ച്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. തന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് മോസ്‌കോയിലെത്തി പ്രസിഡന്റ് പുടിനുമായി സംസാരിക്കുമെന്നും ഇതേസമയം അമേരിക്കന്‍ സൈനിക സെക്രട്ടറി ഡാന്‍ ഡ്രിസ്‌കോള്‍ യുക്രെയ്ന്‍ പ്രതിനിധികളുമായുംചര്‍ച്ച നടത്തും. ഈയാഴ്ച കീവില്‍ വെച്ച് യുഎസ് സൈനിക സെക്രട്ടറിയുമായി യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുടെ സൈനിക മേധാവിയുമായി ചര്‍ച്ച നടത്തും.
യുഎസ് ആദ്യമുണ്ടാക്കിയ സമാധാന കരാറിനോട് റഷ്യയ്ക്ക് അനുകൂല നിലപാടാണ് ഉണ്ടായിരുന്നതെന്നും അതില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ റഷ്യയുടെ തീരുമാനം അനുകൂലമായിരിക്കില്ലെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് മുന്നറിയിപ്പ് നല്‍കിയത്. ട്രംപില്‍ നിന്നും കൂടുതല്‍ സഹകരണം പ്രതീക്ഷിക്കുന്നുണ്ടെന്നും റഷ്യ ഏറ്റവും കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് അമേരിക്കന്‍ ശക്തിക്കാണെന്നുമാണ് സെലന്‍സ്‌കി വ്യക്തമാക്കിയത്.
അതേസമയം, യുക്രെയ്‌നിലെ കീവിനുള്ള സുരക്ഷാ ഗ്യാരന്റികളും യുക്രെയ്ന്റെ കിഴക്കന്‍ മേഖലകളിലെ സംഘര്‍ഷഭരിതമായ പ്രദേശങ്ങളുടെ നിയന്ത്രണവും ഉള്‍പ്പെടെ റഷ്യയും യുക്രെയ്‌നും ഇപ്പോഴും കടുത്ത വിയോജിപ്പിലായിരിക്കുന്ന ചില വിഷയങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
