/kalakaumudi/media/media_files/2025/08/27/ukrine-2025-08-27-17-50-44.jpg)
കീവ്: കിഴക്കന്‍ വ്യാവസായിക മേഖലയായ ഡിനിപ്രോപെട്രോവ്സ്‌കിലേക്ക് റഷ്യയുടെ സൈന്യം കടന്നതായും അവിടെ കാലുറപ്പിക്കാന്‍ ശ്രമിക്കുന്നതായും യുക്രേനിയന്‍ സൈന്യം സ്ഥിരീകരിച്ചു.
ഡിനിപ്രോപെട്രോവ്‌സ്‌ക് മേഖലയില്‍ ഇത്രയും വലിയ തോതിലുള്ള ആദ്യത്തെ കടന്നുകയറ്റമാണിതെന്നും ഒരു പരിധിവരെ അവയെ ചെറുത്തതായും ഡിനിപ്രോ ഓപ്പറേഷണല്‍-സ്ട്രാറ്റജിക് ഗ്രൂപ്പ് ഓഫ് ട്രൂപ്‌സിലെ വിക്ടര്‍ ട്രെഹുബോവ് പറഞ്ഞു.
ചെറുത്തുനില്‍പ്പിന് ആവുംവിധം യുക്രെയ്ന്‍ ശ്രമിക്കുന്നുണ്ടെങ്കിലും റഷ്യയുടെ പുതിയ നീക്കം അവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. കാരണം യുക്രെയ്നില്‍ നടക്കുന്ന യുദ്ധത്തിനിടെ, പുതിയ റിക്രൂട്ട്മെന്റുകള്‍ വഴി റഷ്യന്‍ സൈന്യം തങ്ങളുടെ ശക്തി വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.യുക്രെയ്ന്‍ സാമ്പത്തികമായും , സൈനിക വിഭവങ്ങള്‍ക്കായും ബുദ്ധിമുട്ടുമ്പോള്‍, റഷ്യയ്ക്ക് ഈ കാര്യത്തില്‍ യാതൊരു പ്രശ്നങ്ങളുമില്ലെന്ന് ഏറ്റവും പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
അത് കേവലം സൈനിക ശക്തിയുടെ വിജയമല്ല. മറിച്ച്, പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ നേതൃത്വത്തില്‍ റഷ്യന്‍ ജനതയുടെ ഹൃദയത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ഐക്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതിഫലനമാണ്.റഷ്യന്‍ സൈന്യം ഇന്ന് എല്ലാ അര്‍ത്ഥത്തിലും ശക്തമായ ഒരു സൈനിക ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്.
റഷ്യയുടെ റിക്രൂട്ട്മെന്റ് വിജയത്തിന് പിന്നിലെ ഒരു പ്രധാന ഘടകം യുദ്ധതന്ത്രങ്ങളിലെ മാറ്റമാണ്. കനത്ത സൈനിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് റഷ്യ ഗണ്യമായി കുറച്ചു. ഇത് ഡ്രോണ്‍ ആക്രമണങ്ങളില്‍ നിന്ന് ഉണ്ടാകാവുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ചെറിയ സൈനിക സംഘങ്ങളെ ഉപയോഗിച്ച് യുക്രേനിയന്‍ സ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറുന്ന പുതിയ രീതിയാണ് ഇപ്പോള്‍ റഷ്യ പിന്തുടരുന്നത്.
ഇത് മരണസംഖ്യ ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്നു. വലിയ സൈനിക സംഘങ്ങളെ ഉപയോഗിച്ച് റഷ്യ വലിയ ആക്രമണങ്ങള്‍ നടത്താറില്ല. ഇത് മരണസംഖ്യ കുറയ്ക്കുന്നു. എന്നാണ് ക്രൈസിസ് ഗ്രൂപ്പിലെ സീനിയര്‍ റഷ്യ അനലിസ്റ്റായ ഒലെഗ് ഇഗ്‌നാറ്റോവ് പറയുന്നത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെയും ദരിദ്ര ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരെയും സൈന്യത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. 400,000 റൂബിള്‍സ് (ഏകദേശം $4,970) സ്വാഗത ബോണസും 204,000 റൂബിള്‍സ് കുറഞ്ഞ പ്രതിമാസ ശമ്പളവും മറ്റ് വായ്പാ സഹായങ്ങളും നിരവധി ആളുകളെ സൈന്യത്തില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നു. സാമ്പത്തികമായി ദുര്‍ബലരായവര്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ക്കും ഇത് ഒരു ആകര്‍ഷകമായ അവസരമാണ്.
വളരെ ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്ത ശിക്ഷിക്കപ്പെട്ട തടവുകാരെ സൈന്യത്തില്‍ ചേര്‍ക്കുന്നത് റഷ്യന്‍ റിക്രൂട്ട്മെന്റ് തന്ത്രത്തിലെ മറ്റൊരു പ്രധാന ഭാഗമാണ്. യുദ്ധത്തില്‍ അതിജീവിക്കുന്നവര്‍ക്ക് സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നു. ഈ നയം റഷ്യയിലെ ജയിലുകളില്‍ തടവുകാരുടെ എണ്ണം കുറയ്ക്കാന്‍ കാരണമായി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ റഷ്യയിലെ ജയിലുകളുടെ എണ്ണം 120,000 കുറഞ്ഞ് 313,000 എന്ന റെക്കോര്‍ഡ് താഴ്ന്ന നിലയിലെത്തി. സൈനിക സേവനത്തിനുള്ള ഈ വഴി തടവുകാര്‍ക്ക് സ്വാതന്ത്ര്യം നേടാനുള്ള അവസരം നല്‍കുന്നു.
റഷ്യയിലെ വിദ്യാര്‍ത്ഥിയായിരുന്ന ഇവാന്‍ ചെനിനെപ്പോലുള്ളവര്‍ രാജ്യസ്‌നേഹത്താല്‍ പ്രേരിതരായാണ് സൈന്യത്തില്‍ ചേരുന്നത്. ''മാതൃരാജ്യത്തോടുള്ള സ്‌നേഹമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നാണ് ഇവാന്റെ പക്ഷം.
കിഴക്കന്‍ യുക്രെയ്നിലെ ഡൊണെറ്റ്സ്‌ക്, ലുഹാന്‍സ്‌ക് മേഖലകളിലേക്ക് സഹായം എത്തിക്കുന്നതിലൂടെയാണ് ചെനിന്റെ സൈനിക യാത്ര ആരംഭിക്കുന്നത്. പിന്നീട്, തണ്ടര്‍ കാസ്‌കേഡ് വളണ്ടിയര്‍ യൂണിറ്റില്‍ ഒരു രഹസ്യാന്വേഷണ ഡ്രോണ്‍ ഓപ്പറേറ്ററായി ഇവാന്‍ സേവനമനുഷ്ഠിച്ചു. ലക്ഷ്യങ്ങള്‍ കണ്ടെത്തി കമാന്‍ഡര്‍മാര്‍ക്ക് വിവരം നല്‍കുന്ന അദ്ദേഹത്തിന്റെ പങ്ക് യുദ്ധത്തില്‍ നിര്‍ണായകമാണ്.
2022-ലെ നിര്‍ബന്ധിത സൈനികസേവനത്തിന്റെ ആദ്യ ഘട്ടത്തില്‍ റഷ്യന്‍ യുവാക്കള്‍ക്കിടയില്‍ ഭയമായിരുന്നെങ്കിലും പിന്നീട് നിര്‍ബന്ധിത സൈനികസേവനം നിര്‍ത്തി കരാര്‍ സൈനികരെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിയതോടെ ഈ ഭയം കുറഞ്ഞു. അതേസമയം റഷ്യന്‍ ജനതയുടെ വലിയൊരു ഭാഗം യുദ്ധത്തെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു.
ഈ പിന്തുണ, പുതിയ സൈനികരെ റിക്രൂട്ട് ചെയ്യാനുള്ള റഷ്യന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കുന്നു. രാജ്യസ്‌നേഹം, മെച്ചപ്പെട്ട ശമ്പളം, തടവുകാര്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം തുടങ്ങിയ വിവിധ ഘടകങ്ങള്‍ റഷ്യയുടെ സൈനികശക്തിയെ വര്‍ദ്ധിപ്പിക്കുന്നു. ഇത് യുക്രെയ്നിനെതിരായ യുദ്ധത്തില്‍ റഷ്യക്ക് ഒരു മേല്‍ക്കൈ നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ട്.