പല വട്ടം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ യുക്രെയ്നും അമേരിക്കയടക്കമുള്ളവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. രക്ഷയില്ലെന്നു വന്നപ്പോള്‍ കടുത്ത നടപടിയുമായി പുടിന്‍ മുന്നോട്ടു പോകുകയാണ്.
ഒഡെസ നഗരത്തിലെ ഒരു യുക്രെയ്ന്‍ സ്പെഷ്യല്‍ ഫോഴ്‌സ് കമാന്‍ഡ് സെന്ററിനു നേരെ നടന്ന ആക്രമണത്തില്‍ കടല്‍ ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍, ഒമ്പത് ഫ്രഞ്ച് പരിശീലകര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെ 70 ലധികം പേര്‍ കൊല്ലപ്പെട്ടതായി ഇപ്പോള്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിരിക്കുന്നു.
നവംബര്‍ 28-ന് യുക്രൈന്റെ ഊര്‍ജ്ജോല്പാദന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തിയിരുന്നു. മൊത്തത്തില്‍ 17 കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഈ ആക്രമണം ഇപ്പോള്‍ യുക്രെയ്നെ ഇരുട്ടിലാക്കിയിരിക്കുന്നു.
ഇതിന് പുറമെ, യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ ഉന്നത കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന പ്രഖ്യാപനവും റഷ്യ ഇപ്പോള്‍ നടത്തിയിട്ടുണ്ട്. ആര്‍ക്കും തടുക്കാന്‍ പറ്റാത്ത റഷ്യയുടെ ഏറ്റവും പുതിയ മിസൈലായ ഒറെഷ്നിക്, കീവിലേക്ക് തൊടുക്കാനുള്ള അനുമതിയാണ് പുടിന്‍ സൈന്യത്തിന് നല്‍കിയിരിക്കുന്നത്. യുക്രെയിന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്‌കി ഉള്‍പ്പെടെയുളള ഉന്നതരെയും യുക്രൈന്‍ ഭരണ സിരാകേന്ദ്രവും പൂര്‍ണ്ണമായും നശിപ്പിക്കുമെന്നാണ് പുടിന്റെ ഭീഷണി.
ഒറെഷ്‌നിക് മിസൈലിന്റെ പ്രഹരശേഷി സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും ഇപ്പോള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഈ മിസൈല്‍ ഏറെ വിനാശകാരിയാണെന്നാണ് വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.ഒറെഷ്‌നിക്കിനെ തടുക്കാന്‍ ശേഷിയുള്ള ഒരു സംവിധാനവും നിലവില്‍ ലോകത്തില്ല.കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ഈ മിസൈല്‍ പോളണ്ടിലെ അമേരിക്കന്‍ സൈനിക താവളത്തില്‍ എത്തും. യൂറോപ്പിനെ മൊത്തത്തില്‍ ചാമ്പലാക്കാനും ഈ ഒരൊറ്റ ആയുധം മതിയാകും. റഷ്യയില്‍ നിന്നും 2100 കിലോമീറ്റര്‍ അകലെയുള്ള കുവൈറ്റിലെ അമേരിക്കന്‍ സൈനിക താവളത്തില്‍ എത്താന്‍ ഒറെഷ്‌നിക്ക് എടുക്കുന്ന സമയം 11 മിനുട്ട് മാത്രമാണ്.
അതുപോലെ തന്നെ,2500 കിലോമീറ്റര്‍ അകലെയുള്ള ബഹ്റിനിലെ അമേരിക്കയുടെ അഞ്ചാം പടക്കപ്പലുകളുടെ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ എത്താന്‍ വെറും 12 മിനുട്ട് മാത്രം മതിയാകും. 2650 കിലോമീറ്റര്‍ സഞ്ചരിച്ച് ഖത്തറിലെ അമേരിക്കന്‍ താവളം തകര്‍ക്കാന്‍ 13 മിനിട്ടും,4100 കിലോമീറ്റര്‍ അകലെയുള്ള ജിബോട്ടിയിലെ സൈനിക താവളം തകര്‍ക്കാന്‍ 20 മിനിട്ടും മാത്രമാണ് ഈ റഷ്യന്‍ മിസൈലിനു വേണ്ടതുള്ളൂ.
ഇത് അമേരിക്കന്‍ സൈന്യത്തിന്റെയും ഉറക്കം കെടുത്തുന്നതാണ്. മൂന്നാം ലോകമഹായുദ്ധം മുന്നില്‍ കണ്ടുള്ള സ്ട്രാറ്റജിയാണ് റഷ്യ തയ്യാറാക്കിയിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍.ശരിക്കും ഇപ്പോള്‍ പ്രതിരോധത്തിലായിരിക്കുന്നത് അമേരിക്കയും അവരുടെ സഖ്യകക്ഷികളുമാണ്. റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇറങ്ങിയവരുടെ ഉറക്കമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഒറെഷ്‌നിക്കിനെ പോലെ ലോകം ഇതുവരെ കാണാത്ത ഇനിയെത്ര ആയുധങ്ങള്‍ റഷ്യയുടെ ആവനാഴിയില്‍ ഉണ്ടെന്ന ചോദ്യമാണ് അമേരിക്കന്‍ ചേരിയെ ആശങ്കപ്പെടുത്തുന്നത്.
നാറ്റോ സഖ്യകക്ഷികള്‍ നല്‍കിയ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചുള്ള യുക്രെയ്ന്‍ ആക്രമണത്തിനെതിരെ വന്‍ പ്രതികാര പരമ്പരയ്ക്കാണ് റഷ്യ ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്. ഒറ്റദിവസം മാത്രം ഇരുന്നൂറോളം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് റഷ്യയുടെ സൈന്യം ആക്രമണം നടത്തിയിരിക്കുന്നത്. ഈ ആക്രമണത്തോടെ യുക്രെയ്നിലെ വൈദ്യുതി നിലയങ്ങളില്‍ ഭൂരിപക്ഷവും തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. ചുരുങ്ങിയത് പത്ത് ലക്ഷത്തിലേറെ വീടുകളിലും ഐടി കെട്ടിടങ്ങളിലും വൈദ്യുതി മുടങ്ങിയതോടെ ആകെ ഇരുട്ടിലായ അവസ്ഥയിലാണ് യുക്രെയ്‌നുള്ളത്.
യുക്രെയ്ന്‍ തലസ്ഥാനമായ കീവ്,ഹര്‍കീവ്,റിവ്നെ,ഖ്മെല്‍നിറ്റ്സ്‌കി,ലൂട്സ്‌ക് തുടങ്ങി യുക്രെയ്‌ന്റെ പടിഞ്ഞാറും മധ്യഭാഗത്തുമുള്ള ഒട്ടേറെ നഗരങ്ങളില്‍ വന്‍ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.ക്ലസ്റ്റര്‍ ബോംബുകള്‍ ഘടിപ്പിച്ച കാലിബര്‍ ക്രൂയിസ് മിസൈലുകള്‍ ഉള്‍പ്പെടെ റഷ്യ ഉപയോഗിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ഒരു വലിയ പ്രദേശത്തെ തകര്‍ക്കാന്‍ ഇത്തരം ബോംബുകള്‍ക്ക് കഴിയും.
യുക്രെയ്നെതിരെ റഷ്യന്‍ സൈന്യം പ്രതികാര ആക്രമണ പരമ്പരകള്‍ ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ ടാര്‍ഗറ്റുകളിലേക്ക് റഷ്യന്‍ സൈന്യം മിസൈലുകള്‍ തൊടുത്തിരിക്കുന്നത്.