യുക്രെയ്ന്‍ യുദ്ധത്തില്‍ പിടിയിലായ കുട്ടികളെ കൈമാറി

ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി കഴിഞ്ഞ വര്‍ഷം റഷ്യയിലേക്കും യുക്രെയിനിലേക്കും സന്ദര്‍ശനം നടത്തിയിരുന്നു. അന്നത്തെ സന്ദര്‍ശന സമയത്താണ് കുട്ടികളുടെ മോചനം ആദ്യമായി ചര്‍ച്ച ചെയ്തത്. അതിന്റെ തുടര്‍ ചര്‍ച്ചകളുടെ ഫലമായാണ് ഇപ്പോള്‍ പിടിയിലായ കുട്ടികളുടെ കൈമാറ്റം സാധ്യമാകുന്നത്.

author-image
Rajesh T L
New Update
ukrine

ukrine refuses

Listen to this article
0.75x 1x 1.5x
00:00 / 00:00

ദോഹ: ദീര്‍ഘനാളായി തുടരുന്ന റഷ്യ -യുക്രെയ്ന്‍ യുദ്ധത്തിനിടയില്‍ പിടിയിലായ കുട്ടികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതില്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണ. ഖത്തറിന്റെ മധ്യസ്ഥ ചര്‍ച്ചകളുടെ ഫലമായാണ് പിടിയിലായ കുട്ടികളുടെ കൈമാറ്റം സാധ്യമായത്. മൊത്തം 48 കുട്ടികളെയാണ് കൈമാറ്റം ചെയ്യുന്നത്. ഇതില്‍ 29 കുട്ടികള്‍ യുക്രെയ്നില്‍ നിന്നും 19 കുട്ടികള്‍ റഷ്യയില്‍ നിന്നുമുള്ളവരാണ്.  

റഷ്യയില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്താന്‍ കുട്ടികളെ സഹായിച്ച ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി അഭിനന്ദിക്കുകയുണ്ടായി. നിരവധി യുക്രെയ്ന്‍ പൗരന്മാര്‍ റഷ്യയില്‍  തടവുകാരായി കഴിയുന്നുണ്ട്.  അവരെക്കൂടി വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തര്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിന്ന് മധ്യസ്ഥത വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

ഖത്തറിന്റെ നടന്ന മധ്യസ്ഥ ചര്‍ച്ചകളാണ് കുട്ടികളുടെ കൈമാറ്റത്തിലേക്ക് എത്തിയതെന്ന് റഷ്യന്‍ ചൈല്‍ഡ് റൈറ്റ്‌സ് കമ്മിഷണര്‍ മരിയ എല്‍വോവ ബെലോവയും പ്രതികരിച്ചു. കൈമാറ്റം ചെയ്യപ്പെട്ടവരില്‍ യുദ്ധത്തില്‍ മാതാപിതാക്കള്‍ കൊല്ലപ്പെട്ടവരും ഭിന്നശേഷിക്കാരും ഉള്‍പ്പെടും.  ഇരു രാഷ്ട്ര പ്രതിനിധികളും ദോഹയിലെത്തിയത് കൈമാറ്റം ചെയ്യപ്പെടുന്ന കുട്ടികളുമായാണ്. യുക്രെയ്‌നെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത് യുക്രെയ്ന്‍ പാര്‍ലമെന്റിലെ മനുഷ്യാവകാശ കമ്മിഷണര്‍ ദിമിത്രോ ലുബിനറ്റ്സ് ആണ്.  

ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി കഴിഞ്ഞ വര്‍ഷം റഷ്യയിലേക്കും യുക്രെയിനിലേക്കും സന്ദര്‍ശനം  നടത്തിയിരുന്നു. അന്നത്തെ സന്ദര്‍ശന സമയത്താണ് കുട്ടികളുടെ മോചനം ആദ്യമായി ചര്‍ച്ച ചെയ്തത്. അതിന്റെ തുടര്‍ ചര്‍ച്ചകളുടെ ഫലമായാണ് ഇപ്പോള്‍ പിടിയിലായ കുട്ടികളുടെ കൈമാറ്റം സാധ്യമാകുന്നത്.

എന്നാല്‍ യുദ്ധത്തിന് മൂര്‍ച്ഛകൂട്ടി റഷ്യ കൂടുതല്‍ ആയുധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വീണ്ടും ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സോവിയറ്റ് കാലത്ത് ഉപയോഗിച്ച ആയുധങ്ങള്‍ വരെ റഷ്യ പൊടിതട്ടി എടുത്തിട്ടുണ്ട്. അവയില്‍ പലതും രൂപമാറ്റം വരുത്തിയും പ്രഹരശേഷി കൂട്ടിയുമാണ് ഉപയോഗിക്കാനൊരുങ്ങുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ നാറ്റോയുടെ സഹായത്തോടെ യുക്രെയ്ന്‍ നടത്തുന്ന ആയുധ സമാഹരണവും അടുത്തെങ്ങും യുദ്ധത്തിന് അന്ത്യമുണ്ടാകില്ലെന്ന സൂചനകളാണ് നല്‍കുന്നത്.

 

russia qatar vladmir putin ukrine Volodymyr Zelensky Maria Lvova-Belov ukrinerefuses russiaukrinewar Mohammed bin Abdulrahman bin Jassim Al Thani